ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐസ്‌ആർഒയിൽ വിവിധ എന്‍ജിനീയറിങ് വിഭാഗങ്ങളിലായി സയൻ്റിസ്റ്റ്/എഞ്ചിനീയർ എസ്‌സി തസ്‌തികയിലെ 92 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുവായ ഗേറ്റ്(GATE) സ്‌കോറുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 17 ആണ്.
പൊതു വിഭാഗത്തിൽപ്പെടാത്ത ഉദ്യോഗാർഥികൾ 250 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. അഭിമുഖത്തിൻ്റേയും ഗേറ്റ് സ്കോറിൻ്റേയും അടിസ്ഥാനത്തിലായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അപേക്ഷകർ സമയപരിധിക്ക് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
ISRO സയൻ്റിസ്റ്റ് റിക്രൂട്ട്മെൻ്റ് 2026 ആർക്കൊക്കെ അപേക്ഷിക്കാം?
സയൻ്റിസ്റ്റ്/എഞ്ചിനീയർ റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കുന്നതിനായി ഉദ്യോഗാർഥികൾ താഴെപ്പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കണം:
- അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 65% മാർക്കോടെ അല്ലെങ്കില്‍ 10-ല്‍ 6.84 സിജിപിഎയോടു കൂടി ബിഇ/ ബിടെക് അല്ലെങ്കി തത്തുല്യ ബിരുദം നേടിയിരിക്കണം.
- ഉദ്യോഗാര്‍ഥികള്‍ക്ക് ഗേറ്റ് 2025 അല്ലെങ്കില്‍ ഗേറ്റ് 2026 സ്കോര്‍ ഉണ്ടായിരിക്കണം.
- 2026 ഓഗസ്റ്റ് 17 പ്രകാരം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായം 28 വയസോ അതിൽ താഴെയോ ആയിരിക്കണം( സര്‍ക്കാര്‍ ചട്ടപ്രകാരമുള്ള വയസ്സിളവ് ബാധകമാണ്).
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ isro.gov.in സന്ദർശിക്കുക.
- ഹോം പേജിലെ Careers ക്ലിക്ക് ചെയ്യുക.
- സയൻ്റിസ്റ്റ്/എഞ്ചിനീയർ നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
- Apply Online ലിങ്ക് വഴി ഇ മെയില്‍ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക.
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് അടയ്ക്കുക (ബാധകമെങ്കിൽ).
- അപേക്ഷാ ഫോം സമർപ്പിക്കുക
- ശേഷം ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
ISRO സയൻ്റിസ്റ്റ് റിക്രൂട്ട്മെൻ്റ് 2026: ഒഴിവുകളുടെ വിശദാംശങ്ങൾ
ഏതൊക്ക മേഖലകളിലാണ് ഒഴിവുകൾ എന്ന് നോക്കാം
| മേഖല | ഒഴിവ് |
| ഇലക്ട്രോണിക്‌സ് | 34 |
| മെക്കാനിക്കൽ | 26 |
| കമ്പ്യൂട്ടർ സയൻസ് | 13 |
| സിവിൽ | 10 |
| ഇലക്ട്രിക്കൽ | 4 |
| റഫ്രിജറേഷൻ & എയർ കണ്ടീഷനിങ് | 2 |
| വാസ്‌തുവിദ്യ | 2 |
| സിവിൽ (പിആർഎൽ – ഓട്ടോണമസ് ബോഡി) | 1 |
| ആകെ | 92 |
ഐഎസ്ആർഒ ശാസ്ത്രജ്ഞൻ്റെ ശമ്പളം
പുതുതായി നിയമിക്കപ്പെടുന്ന ഒരു സയൻ്റിസ്‌റ്റ്/എഞ്ചിനീയർ ‘SC’-യെ, ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ പേ മാട്രിക്‌സിലെ ലെവൽ 10 പ്രകാരം പ്രതിമാസം 56,100 രൂപ എന്ന അടിസ്ഥാന ശമ്പളത്തോടെയാണ് നിയമിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന് പുറമേ, ശാസ്ത്രജ്ഞർക്ക് വിവിധ സർക്കാർ അലവൻസുകൾക്കും ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്. ക്ഷാമബത്ത (DA), വീട്ടുവാടക അലവൻസ് (HRA), യാത്രാബത്ത, ചികിത്സാ സൗകര്യങ്ങൾ, ലീവ് ട്രാവൽ കൺസെഷൻ (LTC), ഗ്രൂപ്പ് ഇൻഷുറൻസ്, വീട് നിർമ്മാണത്തിനുള്ള മുൻകൂർ തുക എന്നിവയും ലഭ്യമായിരിക്കും.
അഭിമുഖത്തിന് വിളിക്കുന്ന ഉദ്യോഗാർഥികൾക്ക്, ദീർഘ ദൂര യാത്ര ഒഴിവാക്കാനായി ദൈർഘ്യം ഏറ്റവും കുറഞ്ഞ വഴിയിലൂടെ അഭിമുഖ വേദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനുള്ള സ്ലീപ്പർ ക്ലാസ് ട്രെയിൻ ടിക്കറ്റ് തുക ഐഎസ്ആർഒ നൽകും. ഐഎസ്ആർഒയുടെ ഔദ്യോഗിക നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും തുക അനുവദിക്കുന്നത്.







