ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ ഉൾപ്പെടെ നാല് കൂറ്റൻ സിക്സറുകൾ നേടി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് തകർപ്പൻ ജയം. അവസാന ഇന്നിങ്സിൽ ഇന്ത്യക്ക് വിജയിക്കാൻ 207 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മൂന്നാമത്തെയും അവസാനത്തെയും ദിവസത്തെ അവസാന ഓവർ ആരംഭിക്കുമ്പോൾ സന്ദർശകർ 4 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എന്ന നിലയിലായിരുന്നു. വിജയലക്ഷ്യത്തിൽ നിന്നും 16 റൺസ് അകലെ. സിറാജും ഓൾറൗണ്ടർ സാരൻഷ് ജെയ്നുമായിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഇതൊരു സന്നാഹ മത്സരമായതിനാൽ, പല മുൻനിര ബാറ്റ്‌സ്മാൻമാരും ഏതാനും പന്തുകൾ നേരിട്ടശേഷം റിട്ടയർ ആവുകയായിരുന്നു.
ഓഫ് സ്പിന്നർ ഡബ്ല്യു.കെ. നുവന്ത എറിഞ്ഞ ഓവറിലെ ആദ്യ പന്ത് മിഡിൽ സ്റ്റമ്പിലേക്ക് എറിഞ്ഞപ്പോൾ സിറാജ് അത് ഡീപ് മിഡ്-വിക്കറ്റിന് മുകളിലൂടെ പറത്തി. അടുത്ത പന്ത് അതിലും ഫുള്ളും ഓഫ്-സ്റ്റമ്പിന് പുറത്തുമായിരുന്നു. ഇത്തവണ സിറാജ് ആ പന്ത് വിക്കറ്റിന് നേരെ അടിച്ച് മറ്റൊരു സിക്സ് കൂടി നേടി. അതുപോലെ തന്നെ ഫുള്ളും സ്ട്രൈറ്റുമായി എറിഞ്ഞ മൂന്നാം പന്തിലും ഹൈദരാബാദ് പേസറുടെ ബാറ്റിൽ നിന്ന് മറ്റൊരു സിക്സ് കൂടി പിറന്നു. അതിന് മുൻപത്തെ ഓവറിൽ ജി.എസ്. ദിനുഷയുടെ പന്തിലാണ് മത്സരത്തിലെ തന്റെ ആദ്യ സിക്സ് സിറാജ് നേടിയത്.നുവന്തക്കെതിരെ സിറാജ് അടിച്ച മൂന്ന് സിക്സറുകൾ ഔദ്യോഗികമായി മത്സരം അവസാനിപ്പിച്ചെങ്കിലും, സന്നാഹ മത്സരങ്ങളിൽ കൃത്യമായ നിയമങ്ങളൊന്നുമില്ല. അതിനാൽ ഇരു ടീമുകളും മത്സരം തുടരാൻ തീരുമാനിച്ചു.
തുടർന്ന് ഒരു ബൗണ്ടറിയും ഒരു സിംഗിളും നേടിയ സിറാജ് 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ ടീമിൽ എത്തിയത് മുതൽ സിറാജ് തന്റെ ബാറ്റിംഗിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഭൂരിഭാഗം കളികളിലും ഇന്ത്യയുടെ 11-ാം നമ്പർ ബാറ്ററാണെങ്കിലും, നിർണായക ഘട്ടങ്ങളിൽ സ്പെഷ്യലിസ്റ്റ് അല്ലാത്ത നോൺ-സ്ട്രൈക്കറെ പിന്തുണയ്ക്കാൻ തക്കവണ്ണം അദ്ദേഹം ഇപ്പോൾ മികവ് പുലർത്തുന്നുണ്ട്. ലങ്കയിൽ നിർണ്ണായകമായേക്കാവുന്ന ഈ ഇന്നിങ്സിലൂടെ, ലോവർ ഓർഡറിൽ സ്പിന്നർമാർക്കെതിരെയും തനിക്ക് റൺസ് നേടാൻ കഴിയുമെന്ന് സിറാജ് തെളിയിച്ചു. ആദ്യ ടെസ്റ്റ് മത്സരം ഓഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കും.







