ന്യൂഡൽഹി: ഇന്ത്യയുടെ യുപിഐ പേയ്‌മെൻ്റ് സംവിധാനവുമായി ബന്ധപ്പെട്ട നയങ്ങളിൽ അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങരുതെന്നും, രാജ്യത്തിൻ്റെ ഡിജിറ്റൽ പേയ്‌മെൻ്റ് മേഖലയിലെ നയസ്വാതന്ത്ര്യവും ദീർഘകാല സുസ്ഥിരതയും സംരക്ഷിക്കണമെന്നും ആഗോള വ്യാപാര ഗവേഷണ സ്ഥാപനമായ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻീഷ്യേറ്റീവ് ആവശ്യപ്പെട്ടു.
പേയ്മെൻ്റ് ആൻഡ് സെറ്റിൽമെൻ്റ് സിസ്റ്റംസ് ആകട്, 2007 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ലോക്‌സഭ ഇന്നലെ പാസാക്കിയിരുന്നു. യുപിഐ ഉൾപ്പെടെയുള്ള സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനങ്ങളിൽ ബാങ്കുകൾക്കും മറ്റ് സേവനദാതാക്കൾക്കും സേവനനിരക്ക് ഈടാക്കാൻ സർക്കാർ അനുമതി നൽകാൻ ഈ ഭേദഗതി വഴിയൊരുക്കുന്നുണ്ട്.
നിലവിൽ യുപിഐയും രൂപേ (RuPay) ഡെബിറ്റ് കാർഡും ഉൾപ്പെടെയുള്ള നിർദ്ദിഷ്‌ട ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനങ്ങളിൽ ഉപയോക്താക്കളിൽ നിന്ന് നേരിട്ടോ പരോക്ഷമായോ മർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാൻ അനുമതിയില്ല. ഈ ‘സീറോ എംഡിആർ’ നയമാണ് ചെറിയ വ്യാപാരികളും തെരുവ് കച്ചവടക്കാരും ഉൾപ്പെടെ രാജ്യത്തെ കോടിക്കണക്കിന് ആളുകളെ ഡിജിറ്റൽ പേയ്‌മെൻ്റിലേക്ക് ആകർഷിച്ചതെന്നും ജിടിആർഐ ചൂണ്ടിക്കാട്ടി.
ധനസമാഹരണത്തിന് മറ്റ് മാർഗങ്ങൾ പരിഗണിക്കണം
അതേസമയം, ബാങ്കുകൾ, നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ , പേയ്‌മെൻ്റ് സേവനദാതാക്കൾ എന്നിവർ സൈബർ സുരക്ഷ, തട്ടിപ്പ് തടയൽ, സർവർ നിർമ്മിക്കൽ, പരാതിപരിഹാരം, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കായി വൻതോതിൽ നിക്ഷേപം നടത്തേണ്ട സാഹചര്യമുണ്ടെന്നും ജിടിആർഐ വിലയിരുത്തി. ഇതിനായി ദീർഘകാല ധനസമാഹരണ മാതൃക ആവശ്യമായി വരാമെങ്കിലും, എല്ലാ വ്യാപാരികളിൽ നിന്നും പൊതുവായ രീതിയിൽ ചാർജ് ഈടാക്കുന്നതല്ല ഏക പരിഹാരമെന്ന് സംഘടന വ്യക്തമാക്കി.
പകരം സർക്കാർ സാമ്പത്തിക സഹായം, പ്രത്യേക പ്രോത്സാഹന പദ്ധതികൾ, വലിയ വ്യാപാര ഇടപാടുകൾക്ക് മാത്രം പരിമിതമായ സേവനനിരക്ക്, മറ്റ് സാമ്പത്തിക സേവനങ്ങളിൽ നിന്നുള്ള ക്രോസ് സബ്സിഡി, ഉയർന്ന വിറ്റുവരവുള്ള വ്യാപാരികൾക്ക് മാത്രം ബാധകമായ നിയന്ത്രിത ഫീസ് തുടങ്ങിയ മാർഗങ്ങൾ പരിഗണിക്കാമെന്നാണ് ജിടിആർഐ നിർദേശിക്കുന്നത്.
അമേരിക്കൻ വിമർശനത്തിന് പിന്നാലെ ചർച്ച ശക്തം
യുപിഐയും രൂപേ സംവിധാനം സംബന്ധിച്ച നിയമഭേദഗതി അമേരിക്ക ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രദ്ധ നേടുന്നതെന്നും ജിടിആർഐ അഭിപ്രായപ്പെട്ടു. 2026-ലെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിൻ്റെ നാഷണൽ ട്രേഡ് എസ്റ്റിമേറ്റ് റിപ്പോർട്ടിൽ ഇന്ത്യയുടെ യുപിഐ, രൂപേ സംവിധാനങ്ങളെയും ബ്രസീലിൻ്റെ പിക്‌സ് ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനത്തെയും വിമർശിച്ചിരുന്നു.
, അമേരിക്കയുടെ സമ്മർദത്തെ തുടർന്നോ വിസ, മാസ്റ്റർകാർഡ് പോലുള്ള വിദേശ പേയ്‌മെൻ്റ് കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായോ ഇന്ത്യ യുപിഐയിൽ എംഡിആർ നടപ്പാക്കരുത് എന്ന് ജിടിആർഐ സ്ഥാപകൻ അജയ് ശ്രീവാസ്‌തവ പറഞ്ഞു . യുപിഐയ്ക്ക് ചാർജ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഏത് തീരുമാനവും സംവിധാനത്തിൻ്റെ പ്രവർത്തനച്ചെലവ്, സുരക്ഷ, ദീർഘകാല സുസ്ഥിരത എന്നിവ കണക്കിലെടുത്തായിരിക്കണം. കൂടാതെ പേയ്‌മെന്റ് ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കുന്ന ഡാറ്റാ ലോക്കലൈസേഷൻ നയം തുടരണം. ഇത് തട്ടിപ്പ് അന്വേഷണത്തിനും സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.







