കഴുത്തിലെ വേദനയില്ലാത്ത മുഴ നിസാരമാക്കരുത്;

0
3

വേദനയുണ്ടെങ്കിൽ മാത്രം ഗൂഗിളിൽ തിരയുകയും, വേദനയില്ലെങ്കിൽ എല്ലാം സുരക്ഷിതമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ യാതൊരു വേദനയുമില്ലാതെ നിശബ്ദമായി ശരീരത്തിൽ കടന്നുകൂടി ജീവനെടുക്കുന്ന ശ്വാസകോശ കാൻസറിൻ്റെ ഏറ്റവും വലിയ അപകടവും ഈ വേദനയില്ലായ്മ തന്നെയാണ്.

ശ്വാസകോശ കാൻസറിനെക്കുറിച്ച് ചോദിച്ചാൽ മാറാത്ത ചുമ, രക്തം തുപ്പുക, അല്ലെങ്കിൽ ശ്വാസതടസം എന്നിവയാകും പലരും പറയുക. ഇവ തീർച്ചയായും പ്രധാനപ്പെട്ട മുന്നറിയിപ്പുകളാണ്. എന്നാൽ ചിലപ്പോൾ ശ്വാസകോശ കാൻസർ വലിയ ചുമയോടെ ആയിരിക്കില്ല തുടങ്ങുക. കഴുത്തിലോ കോളർബോണിന് മുകളിലോ വേദനയില്ലാത്ത ചെറിയൊരു മുഴയായിട്ടാകാം ഇതിൻ്റെ തുടക്കം. വേദനയില്ലാത്തതിനാൽ പലരും ഇത് അവഗണിക്കും. തനിയെ മാറുന്ന വെറുമൊരു ഗ്രന്ഥി വീക്കമാണെന്ന് അവർ കരുതും. ദിവസങ്ങൾ ആഴ്ചകളാകും. ആഴ്ചകൾ മാസങ്ങളാകും. ഇതിനിടയിൽ യഥാർഥ പ്രശ്നം പശ്ചാത്തലത്തിൽ വളർന്നുകൊണ്ടിരിക്കും.

വേദന എപ്പോഴും ആദ്യ മുന്നറിയിപ്പല്ല
വേദനയെന്നാൽ അപകടമാണെന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത്. എന്നാൽ കാൻസർ എപ്പോഴും ഈ നിയമം പാലിക്കാറില്ല. മണിപ്പാൽ ആശുപത്രിയുടെ നെറ്റ്‌വർക്ക് ആശുപത്രിയായ നാസിക്കിലെ സഹ്യാദ്രി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അവിനാശ് താലെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാൻസറിൻ്റെ പ്രാരംഭ ഘട്ടത്തിൽ ഞരമ്പുകളെ അമർത്തുകയോ അടുത്തുള്ള കോശങ്ങളെ നശിപ്പിക്കുകയോ ചെയ്യാതെ ട്യൂമർ പതുക്കെ വളരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനർഥം ഇത് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം അല്ലെങ്കിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല എന്നാണ്. രോഗം അടുത്തുള്ള ലിംഫ് നോഡുകളിലേക്ക്, പ്രത്യേകിച്ച് കഴുത്തിലോ കോളർബോണിന് മുകളിലോ ഉള്ളവയിലേക്ക് പടരുകയാണെങ്കിൽ, യാതൊരു വേദനയും ഉണ്ടാക്കാതെ തന്നെ അവ വലുതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വേദനയില്ലാത്ത മുഴ കണ്ടാൽ അപകടകരമല്ലെന്ന് തോന്നാം. നിർഭാഗ്യവശാൽ ഇത്തരം കാഴ്ചകൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. വേദനയില്ല എന്നത് എല്ലാം സാധാരണമാണെന്നതിൻ്റെ തെളിവല്ല.

കഴുത്തിലെ മുഴ ശ്വാസകോശ കാൻസറുമായി ബന്ധപ്പെട്ടിട്ടുണ്ടോ?
ശ്വാസകോശ കാൻസർ ശ്വാസകോശത്തിലാണ് തുടങ്ങുന്നതെങ്കിലും, കഴുത്തിലോ കോളർബോണിന് മുകളിലോ ഉള്ള ലിംഫ് നോഡുകളിലേക്ക് ഇത് പടരാം. ചിലപ്പോൾ ഈ വലിയ ലിംഫ് നോഡുകളാകും ശരീരത്തിൽ എന്തോ കുഴപ്പമുണ്ടെന്നതിൻ്റെ ആദ്യത്തെ ദൃശ്യമായ ലക്ഷണം. അതിനർഥം എല്ലാ മുഴകളും കാൻസറാണെന്നല്ല. കഴുത്തിലെ മിക്ക മുഴകളും സാധാരണ വൈറൽ അല്ലെങ്കിൽ ബാക്ടീരിയൽ അണുബാധകൾ മൂലമാണ് ഉണ്ടാകുന്നത്. മറ്റ് ചിലത് ലിപ്പോമകൾ എന്ന് വിളിക്കുന്ന അപകടകരമല്ലാത്ത കൊഴുപ്പ് വളർച്ചകളോ ദ്രാവകം നിറഞ്ഞ സിസ്റ്റുകളോ ആകാം. ചെറുപ്പക്കാരിൽ കാൻസറിനേക്കാൾ അണുബാധ ഉണ്ടാകാനാണ് സാധ്യത കൂടുതൽ.

എന്നാൽ ഒരു മുഴ കണ്ടിട്ടോ തൊട്ടിട്ടോ മാത്രം വ്യത്യാസം പറയാൻ കഴിയില്ലെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. താലെ മുന്നറിയിപ്പ് നൽകുന്നു. ഒരു മുഴ രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ നിൽക്കുകയോ, വലുതായിക്കൊണ്ടിരിക്കുകയോ, കട്ടിയുള്ളതായി തോന്നുകയോ, ഉറച്ചുനിൽക്കുകയോ ചെയ്താൽ ഡോക്ടറെ കാണണമെന്ന് അദ്ദേഹം നിർദേശിച്ചു. ഇതിനൊപ്പം മാറാത്ത ചുമ, രക്തം തുപ്പുക, കാരണം വ്യക്തമല്ലാത്ത ഭാരക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം, നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസതടസം എന്നിവയുണ്ടെങ്കിലും ഡോക്ടറെ കണ്ട് പരിശോധിക്കണം.

ശ്വാസകോശ കാൻസർ പുകവലിക്കാരുടെ മാത്രം രോഗമല്ല
വർഷങ്ങളായി ശ്വാസകോശ കാൻസർ പുകവലിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് തന്നെയാണ് ഇപ്പോഴും ഏറ്റവും വലിയ അപകടസാധ്യത. എന്നാൽ ഇപ്പോൾ ഇത് മാത്രമല്ല കാരണം. ഒരിക്കലും പുകവലിക്കാത്തവരിൽ കൂടുതൽ കേസുകൾ ഡോക്ടർമാർ കാണുന്നുണ്ട്. മറ്റുള്ളവർ പുകവലിക്കുമ്പോഴുള്ള പുക ശ്വസിക്കുന്നത്, വായുമലിനീകരണം, റഡോൺ വാതകം, ആസ്ബസ്റ്റോസ്, സിലിക്ക തുടങ്ങിയ തൊഴിലിടങ്ങളിലെ രാസവസ്തുക്കൾ, ചില ജനിതക മാറ്റങ്ങൾ, ശ്വാസകോശ കാൻസറിൻ്റെ കുടുംബ പശ്ചാത്തലം എന്നിവയെല്ലാം അപകടസാധ്യത വർധിപ്പിക്കുമെന്ന് ഡോ. താലെ പറഞ്ഞു. അതിനാൽ നിങ്ങൾ ഒരിക്കലും പുകവലിച്ചിട്ടില്ലെങ്കിൽ പോലും രോഗം വരില്ലെന്ന് കരുതരുത്.

എന്തുകൊണ്ടാണ് പല കേസുകളും വൈകി കണ്ടെത്തുന്നത്
ശ്വാസകോശ കാൻസറിൻ്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് അതിൻ്റെ ആദ്യകാല ലക്ഷണങ്ങൾ എളുപ്പത്തിൽ അവഗണിക്കാം എന്നതാണ്. നിർഭാഗ്യവശാൽ നമ്മൾ അവഗണിച്ചതുകൊണ്ട് കാൻസർ ഇല്ലാതാകില്ല. ഡോക്ടറെ കാണാൻ വേദന വരുന്നത് വരെ കാത്തിരിക്കുന്നത് രോഗനിർണയം വൈകിപ്പിക്കാനും, ചികിത്സാ സാധ്യതകൾ കുറയ്ക്കാനും, രോഗമുക്തി കൂടുതൽ ബുദ്ധിമുട്ടാക്കാനും കാരണമാകും.

ഒരു മുഴ കണ്ടെത്തുന്നത് ഭയപ്പെടുത്തുന്ന കാര്യമാകാം. എന്നാൽ പരിഭ്രാന്തരാകുന്നത് ഗുണം ചെയ്യില്ല. മിക്ക മുഴകളും കാൻസർ അല്ലാത്തവയാണ്. ഏറ്റവും മോശമായത് സംഭവിക്കുമെന്ന് കരുതുകയല്ല വേണ്ടത്. വൈദ്യസഹായം അർഹിക്കുന്ന ഒരു കാര്യത്തെ അവഗണിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഡോക്ടർമാർ സാധാരണയായി മുഴ പരിശോധിക്കുകയും, ലക്ഷണങ്ങളെക്കുറിച്ച് ചോദിക്കുകയും, ആവശ്യമെങ്കിൽ കൃത്യമായ കാരണം കണ്ടെത്താൻ ഇമേജിങ് പരിശോധനകളോ ബയോപ്സിയോ നിർദേശിക്കുകയും ചെയ്യും. യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ഒരേയൊരു വിശ്വസനീയമായ മാർഗം അതാണ്.

ശ്വാസകോശ കാൻസർ നേരത്തെ കണ്ടെത്തുമ്പോൾ ചികിത്സ പലപ്പോഴും കൂടുതൽ ഫലപ്രദമാകും. ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക്, പ്രത്യേകിച്ച് 50നും 80നും ഇടയിൽ പ്രായമുള്ള ദീർഘകാല പുകവലിക്കാർക്ക്, വാർഷിക ലോ ഡോസ് സിടി സ്കാനുകൾ ശ്വാസകോശ കാൻസർ നേരത്തെ കണ്ടെത്താനും ചികിത്സിക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സ്ക്രീനിങ് എന്നത് ഇതിൻ്റെ ഒരു ഭാഗം മാത്രമാണ്. നിങ്ങളുടെ ശരീരത്തിൻ്റെ മാറ്റങ്ങൾ ശ്രദ്ധിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.

LEAVE A REPLY

Please enter your comment!
Please enter your name here