നടി തൃഷയെക്കുറിച്ച് ദ്വയാർഥ പ്രയോഗം; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ ബിജെപിയും ടിവികെയും

0
31
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം നടത്തിയെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ.
തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെ കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും ഡിഎംകെയ്ക്കെതിരെ കള്ളക്കേസെടുക്കുന്നതിലാണ് ശ്രദ്ധയെന്നുമാണ് ഉദയനിധി ആരോപിച്ചത്. ഇതിനിടെ സദസ്സിൽ നിന്നും പ്രവർത്തകർ ‘തൃഷ, തൃഷ’ എന്ന് ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. തുടർന്ന് പ്രസംഗം നിർത്തി ചിരിച്ചുകൊണ്ട് ഉദയനിധി നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഉദയനിധിയുടേത് “അങ്ങേയറ്റം അറപ്പുളവാക്കുന്നതും തരംതാഴ്ന്നതുമായ” പ്രയോഗമാണെന്ന് ടിവികെ എംഎൽഎ രേവന്ത് ചരൺ വിശേഷിപ്പിച്ചു. ഇത്തരത്തിലുള്ള അപകീർത്തികരമായ പരാമർശങ്ങൾ രാഷ്ട്രീയക്കാരുടെ സംസ്കാര ശൂന്യതയെയും നിലവാരത്തകർച്ചയെയുമാണ് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ദ്വയാർഥ പ്രയോഗത്തിലൂടെ സ്ത്രീകളെ അവഹേളിച്ച ഉദയനിധി സ്റ്റാലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു.
പൊതുവേദിയിൽ ഇത്തരം അശ്ലീല പരാമർശങ്ങൾ നടത്തുമ്പോൾ മുതിർന്ന നേതാക്കൾ അത് കണ്ടുനിൽക്കുന്നത് ലജ്ജാകരമാണെന്നും സഭാധ്യക്ഷന്മാരും ഭരണകൂടവും ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.സംഭവം സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും ആരോപണങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണെന്നുമാണ് ഡിഎംകെയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here