എറണാകുളം: മുസ്‌ലിം സ്ത്രീകൾക്ക് തങ്ങളുടെ വിവാഹബന്ധം വേർപെടുത്താൻ ഇസ്‌ലാം മതം നൽകുന്ന ‘ഖുല്‍അ്’ എന്ന അവകാശത്തിൽ ഭർത്താവിൻ്റെ സമ്മതത്തിനോ അംഗീകാരത്തിനോ യാതൊരു പ്രസക്തിയുമില്ലെന്ന് കേരള ഹൈക്കോടതി. പുരുഷന് ‘ത്വലാഖ്’ ചൊല്ലാൻ ഉള്ളതുപോലെ തന്നെ സ്ത്രീകൾക്ക് ഏകപക്ഷീയമായി വിവാഹബന്ധം വേർപെടുത്താൻ ഖുർആൻ നൽകുന്ന തുല്യമായ അവകാശമാണ് ‘ഖുല്‍അ്’ എന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിന് ഇതിനോട് വിസമ്മതിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹിതരായ ദമ്പതികളുടെ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിർണായക ഉത്തരവ്.
ഭാര്യ കുടുംബകോടതിയിൽ ഖുല്‍അ് പ്രഖ്യാപനത്തിനായി ഹർജി നൽകിയതിനെ തുടർന്ന്, ഈ ഖുല്‍അ് അസാധുവാക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. ഖുല്‍അ് നിയമസാധുത പ്രാഥമികമായി പരിശോധിക്കണമെന്നും സാക്ഷികളെ വിസ്തരിക്കണമെന്നുമുള്ള ഭർത്താവിൻ്റെ അപേക്ഷകൾ കുടുംബകോടതി തള്ളിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ പ്രധാന നിരീക്ഷണങ്ങൾ ഇവയാണ്..
ഖുർആനിലെ രണ്ടാം അധ്യായത്തിലെ 228-229 സൂക്തങ്ങൾ പ്രകാരം ഭർത്താവിനും ഭാര്യക്കും ഒരുപോലെ ഏകപക്ഷീയമായി വിവാഹമോചനം നേടാൻ അവകാശമുണ്ട്. വിവാഹ മോചനത്തിന് ഭർത്താവിൻ്റെ അനുമതി ആവശ്യമില്ല. ഖുല്‍അ് സാധുത ഭർത്താവിൻ്റെ സമ്മതത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഇത് സ്ത്രീക്ക് ലഭിച്ചിട്ടുള്ള പരമാധികാരമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിരീക്ഷണം
“
കേസിൻ്റെ പശ്ചാത്തലം
ഈ കേസിലെ ദമ്പതികൾ 2023-ലാണ് മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹിതരായത്. എന്നാൽ പിന്നീട് ഇവർ തമ്മിലുള്ള ബന്ധം വഷളാകുകയും ഒന്നിച്ച് ജീവിക്കാൻ സാധിക്കാത്ത സാഹചര്യം വരികയും ചെയ്തു. തുടർന്ന്, ഭാര്യ തൻ്റെ ഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്താൻ മുസ്‌ലിം സ്ത്രീകൾക്കുള്ള ‘ഖുല്‍അ് ‘ എന്ന അധികാരം ഉപയോഗിച്ചു. ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി അവർ കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു.
എന്നാല്‍, ഭാര്യ സ്വയം ‘ഖുല്‍അ്’ പ്രഖ്യാപിച്ചതിനെ ഭർത്താവ് ശക്തമായി എതിർത്തു. ഭാര്യയുടെ ഖുല്‍അ് പ്രഖ്യാപനം അസാധുവാക്കണമെന്ന് ചൂണ്ടിക്കാട്ടി അയാൾ കുടുംബകോടതിയിൽ ഹർജികൾ നൽക. വിവാഹസമയത്ത് നൽകിയ ആഭരണങ്ങൾ തിരികെ വേണം. തനിക്കുണ്ടായ മാനസിക വിഷമത്തിന് നഷ്ടപരിഹാരം വേണം. ഖുല്‍അ് നിയമപരമായി സാധുവാണോ എന്ന് പരിശോധിക്കാൻ വിശദമായ വിസ്താരവും, സാക്ഷിവിസ്താരവും, രേഖകളുടെ പരിശോധനയും നടത്തണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഭര്‍ത്താവ് ഉന്നയിച്ചത്. എന്നാൽ ഭർത്താവിൻ്റെ ഈ അപേക്ഷകളെല്ലാം കുടുംബകോടതി തള്ളി. ഖുല്‍അ് പ്രഖ്യാപന ഹർജികളിൽ കോടതിക്ക് ഇത്തരം വലിയ അന്വേഷണങ്ങൾ നടത്താൻ അധികാരമില്ലെന്ന് കുടുംബകോടതി വ്യക്തമാക്കി. ഇതിനെതിരെയാണ് ഭർത്താവ് കേരള ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, ഹൈക്കോടതിയിലെ ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഭർത്താവിൻ്റെ ഹർജികൾ പൂർണമായും തള്ളിക്കൊണ്ട് സ്ത്രീയുടെ അവകാശത്തെ ശരിവെച്ചു, പുരുഷന് ‘തലാഖ്’ എന്ന പോലെ സ്ത്രീക്ക് ഖുർആൻ നൽകിയിട്ടുള്ള തുല്യമായ അവകാശമാണ് ‘ഖുല്‍അ്’. ഇത് ഭാര്യയുടെ പരമാധികാരമാണ്. ഇതിന് ഭർത്താവിൻ്റെ അനുമതിയോ സമ്മതത്തോ ആവശ്യമില്ല. ഭാര്യയുടെ ഈ ആവശ്യത്തോട് വിസമ്മതിക്കാൻ ഭർത്താവിന് കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എന്താണ് ഖുല്‍അ്?
ഒന്നാംഘട്ടം
ഭാര്യ തൻ്റെ മഹല്ല് കമ്മറ്റി വഴിയോ അല്ലെങ്കിൽ വക്കീൽ നോട്ടീസ് വഴിയോ താൻ ‘ഖുൽഅ്’ ചെയ്യുന്നു എന്ന വിവരം ഭർത്താവിനെ അറിയിക്കുന്നു. ഈ നോട്ടീസിനൊപ്പം മഹർ തുക ഭർത്താവിന് കൈമാറുകയും ചെയ്യും. ഇതോടെ ഇസ്‌ലാമിക നിയമപ്രകാരം വിവാഹബന്ധം വേർപെടുന്നു.
രണ്ടാം ഘട്ടം
ഖുൽഅ് പ്രഖ്യാപിച്ച ശേഷം, ഈ വിവാഹമോചനത്തിന് നിയമപരമായ സാധുത ലഭിക്കുന്നതിനായി ഭാര്യ കുടുംബകോടതിയെ സമീപിക്കണം. താൻ ഖുൽഅ് ചെയ്തതായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകേണ്ടത്.
കോടതിയിലെ നടപടിക്രമം
മുൻപ് സൂചിപ്പിച്ചതുപോലെ, കോടതിയിൽ ഇതിനായി നീണ്ട വിചാരണയോ സാക്ഷിവിസ്താരമോ ആവശ്യമില്ല. ഭാര്യ മേൽപ്പറഞ്ഞ നിബന്ധനകൾ (മഹർ തിരിച്ചുനൽകൽ, മധ്യസ്ഥ ശ്രമം) പാലിച്ചിട്ടുണ്ടോ എന്ന് മാത്രം പരിശോധിച്ച് കുടുംബകോടതി ഈ വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കും.








