15 യുഎസ്, യുകെ, ഇറ്റലി ഓസ്ട്രേലിയ സർവ്വകലാശാലകൾ ഇന്ത്യയിലേക്ക്

0
33
ഓസ്‌ട്രേലിയ, ഇറ്റലി, യു.എസ്, യു.കെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 15 വിദേശ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 16 ലെറ്റേഴ്സ് ഓഫ് ഇന്റന്റ് അനുവദിച്ചതായി കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു. വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കുന്നതിനായാണ് അംഗീകാരം നൽകിയിരിക്കുന്നത്.
ബെംഗളൂരു, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, മുംബൈ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഈ വിദേശ സർവ്വകലാശാലകൾ ക്യാമ്പസുകൾ തുറക്കുന്നത്. ഗുണനിലവാരം ഉറപ്പുവരുത്തി അന്താരാഷ്ട്ര വിദ്യാഭ്യാസ അവസരങ്ങൾ രാജ്യത്ത് തന്നെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകന്ത മജുംദാർ വ്യക്തമാക്കി. വിദേശ സർവ്വകലാശാലകൾ നൽകുന്ന വിദ്യാഭ്യാസം മാതൃ ക്യാമ്പസുകളിലെ ഗുണനിലവാരത്തിന് തുല്യമാണെന്ന് യു.ജി.സി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ജി.സി റെഗുലേഷൻസ് 2023 അനുസരിച്ചായിരിക്കും ഈ ക്യാമ്പസുകൾ പ്രവർത്തിക്കുക. ബിസിനസ്, ഇക്കണോമിക്സ്, ഫിനാൻസ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഗെയിം ഡിസൈൻ, ബയോമെഡിക്കൽ സയൻസ് തുടങ്ങിയ മേഖലകളിലെ കോഴ്സുകളാണ് ഈ വിദേശ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നത്.ആഗോളതലത്തിൽ മുൻനിരയിലുള്ള 500 സർവ്വകലാശാലകൾക്ക് മാത്രമാണ് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകൾ വേഗത്തിൽ പരിശോധിക്കാൻ സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനവും യു.ജി.സി ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന ബിരുദങ്ങൾക്ക് ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദങ്ങൾക്ക് തുല്യമായ അംഗീകാരമുണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here