കണ്ഠര് ബ്രഹ്മദത്തൻ്റെ നിയമനത്തിന് ഹൈക്കോടതി അംഗീകാരം

0
3

എറണാകുളം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൻ്റെ പുതിയ തന്ത്രിയായി താഴമൺ മഠം കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ അംഗീകാരം. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചിങ്ങം ഒന്നിന് നട തുറക്കുമ്പോൾ ഒരു വർഷത്തേക്കാണ് പുതിയ തന്ത്രിയുടെ നിയമനം പ്രാബല്യത്തിൽ വരിക. ശബരിമലയിലെ താന്ത്രിക അവകാശം പരമ്പരാഗതമായി താഴമൺ മഠത്തിനാണ്.

നിലവിലെ തന്ത്രിയായ കണ്ഠര് രാജീവർ ആരോഗ്യപ്രശ്നങ്ങളും മറ്റ് വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് പുതിയ നിയമന നടപടികൾ ആരംഭിച്ചത്. തനിക്ക് പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് അദ്ദേഹം ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ മുൻ തന്ത്രി കണ്ഠര് മോഹനരുടെ മകൻ മഹേഷ് മോഹനരാണ് ശബരിമലയിൽ തന്ത്രിയായി സേവനമനുഷ്ഠിക്കുന്നത്. അടുത്ത ഊഴം കണ്ഠര് രാജീവർക്കാണെങ്കിലും, ചില കേസുകളിൽ പ്രതിയായ സാഹചര്യത്തിലാണ് അദ്ദേഹം മകനെ നിർദേശിച്ചത്. സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട കേസിൽ അദ്ദേഹം ആരോപണവിധേയനായിരുന്നു. വരാനിരിക്കുന്ന ചിങ്ങമാസം മുതൽ തൻ്റെ മകനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ബോർഡിന് കത്ത് നൽകുകയായിരുന്നു.

ഈ ആവശ്യം പരിഗണിച്ച് ജൂലൈയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് ബ്രഹ്മദത്തനെ നിയോഗിക്കാൻ തീരുമാനമെടുത്തത്. എന്നാൽ ഭാവിയിൽ നിയമപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പെട്ടെന്ന് തീരുമാനമെടുക്കേണ്ടതില്ലെന്ന് ബോർഡ് ആദ്യം നിലപാട് സ്വീകരിച്ചു. തുടർന്ന് ബ്രഹ്മദത്തന് താന്ത്രികമികവ് ഉണ്ടോയെന്ന് പരിശോധിക്കാൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, കുഴിക്കാട്ട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാട്, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ ഉൾപ്പെടുന്ന മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ അനുകൂല റിപ്പോർട്ട് ലഭിച്ച ശേഷമാണ് ബോർഡ് ഹൈക്കോടതിയെ വിവരം അറിയിച്ചതും അനുമതി നേടിയതും. പാരമ്പര്യ തന്ത്രി കുടുംബത്തിലെ അംഗമായ ബ്രഹ്മദത്തൻ ഇനി ശബരിമലയിലെ പ്രധാന പൂജകൾക്കും ആചാരങ്ങൾക്കും നേതൃത്വം നൽകും.

ഭക്തിയും ജാഗ്രതയും വേണം
പുതിയ തന്ത്രിക്ക് ഹൈക്കോടതി നിർണായക നിർദേശങ്ങളും നൽകിയിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ പവിത്രത, ആചാരാനുഷ്ഠാനങ്ങൾ, ഭരണപരമായ മര്യാദകൾ, ഭക്തരുടെ വിശ്വാസം എന്നിവയ്ക്ക് പരമപ്രാധാന്യം നൽകി ചുമതല നിർവഹിക്കണമെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഓരോ തീരുമാനവും പ്രതിഷ്ഠയുടെ താത്പര്യവും ക്ഷേത്രത്തിൻ്റെ ആത്മീയ പാരമ്പര്യവും മുൻനിർത്തിയായിരിക്കണം. ഭക്തരുടെ ആത്മീയാനുഭവവും ക്ഷേത്രത്തിൻ്റെ വിശുദ്ധിയും സംരക്ഷിക്കുന്നതിൽ തന്ത്രിക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. എല്ലാ ചുമതലകളും അതീവ ഭക്തിയോടെയും ജാഗ്രതയോടെയും നിർവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി നിരീക്ഷിച്ചു.

ക്ഷേത്രത്തിലെ ആഭരണങ്ങൾ, പൂജോപകരണങ്ങൾ, വിശിഷ്ട പാത്രങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ തന്ത്രിമാർക്കും ശാന്തിക്കാർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പ്രത്യേകം ഓർമിപ്പിച്ചു. ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിലും ആചാരങ്ങളുടെ കൃത്യമായ പാലനത്തിലും വീഴ്ച ഉണ്ടാകാൻ പാടില്ല. ശബരിമലയുടെ ദീർഘകാല പാരമ്പര്യവും വിശ്വാസപരമായ പ്രാധാന്യവും കാത്തുസൂക്ഷിക്കുന്ന രീതിയിൽ പുതിയ തന്ത്രി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here