ടെലിവിഷന്‍ റേറ്റിങ് കണക്കാക്കാന്‍ ലാന്‍ഡിംഗ് പേജ് ഉപയോഗിക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരായ സ്റ്റേ നീക്കി ഹൈക്കോടതി. ആറാഴ്ചത്തേക്കാണ് സ്‌റ്റേ നീക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഓള്‍ ഇന്ത്യ കേബിള്‍ ഫെഡറേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.
റേറ്റിങ് കണക്കാക്കുന്നതില്‍ ലാന്‍ഡിങ് പേജ് ഉപയോഗിക്കരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം. എന്നാല്‍ 2014ല്‍ ആരംഭിച്ച റേറ്റിങ് സമ്പദായം തുടരണം എന്നതായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങൡ വിശദമായ വാദം നടന്നിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ പഠിച്ചുകൊണ്ടാണ് വിജ്ഞാപനം ഇറക്കിയതെന്നാണ് കേന്ദ്രം കോടതിയില്‍ വിശദീകരിച്ചിരുന്നത്. കേന്ദ്ര നിര്‍ദേശത്തെ ബാര്‍കും പിന്തുണച്ചിരുന്നു.
ബാര്‍ക്ക് റേറ്റിങിലെ ക്രമക്കേടുകള്‍ ട്വന്റിഫോര്‍ പുറത്തു കൊണ്ടു വന്നതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ റേറ്റിങ് നയം പ്രഖ്യാപിച്ചത്. ലാന്‍ഡിങ് പേജുകള്‍ റേറ്റിങിന് ബാധകമാക്കരുതെന്ന് പുതിയ നയം വ്യവസ്ഥ ചെയ്തു. ഇതിനെതിരെ ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ കേരള ഹൈക്കോടതിയെ സമീപിക്കുകയും നിര്‍ദേശം താത്ക്കാലികമായി സ്റ്റേ ചെയ്യുകയുമായിരുന്നു. ലാന്‍ഡിങ് പേജുകള്‍ ടിവി റേറ്റിങ് കൃത്രിമമായി ഉയര്‍ത്തുന്നെന്ന് ബാര്‍ക് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. വിപണനാവശ്യങ്ങള്‍ക്ക് ലാന്‍ഡിങ് പേജ് ഉപയോഗിക്കാമെന്നും എന്നാല്‍ പ്രേക്ഷക കണക്കെടുപ്പില്‍ പരിഗണിക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ ബാര്‍ക് വ്യക്തമാക്കിയിരുന്നു.







