ആര്‍ സുഗതൻറെ സത്യപ്രതിജ്ഞ വിയ്യൂരിലെ സെൻട്രൽ ജയിലിൽ

0
40

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതൻറെ സത്യപ്രതിജ്ഞ വിയ്യൂരിലെ സെൻട്രൽ ജയിലിൽ. നാളെ രാവിലെ 11ന് സൂപ്രണ്ട് ഓഫീസിൽ സത്യപ്രതിജ്ഞ നടത്താമെന്ന് ഹൈക്കോടതി. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്ക് ചടങ്ങിൽ സംബന്ധിക്കാമെന്നും കോടതി. സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമായാണ് ജയിലിൽ വച്ച് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ നടക്കുന്നത്. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.

ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് നിയമത്തില്‍ വിലക്കില്ല. ജയിലില്‍ മാധ്യമങ്ങളെയും അനുവദിക്കണമെന്നും ഹൈക്കോടതി. അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും കോടതി വിലയിരുത്തി. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമൊരുക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, സുഗതനെ സത്യപ്രതിജ്ഞയ്ക്കായി വിട്ടയക്കുന്നതിനെ സർക്കാർ എതിർത്തിരുന്നു. സുഗതന്‍ കരുതല്‍ തടങ്കലിലാണെന്നും ഭരണഘടനാ പ്രകാരം കരുതല്‍ തടങ്കലില്‍ ഉള്ളവരെ പുറത്തുവിടാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തനിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ വിയ്യൂർ ജയിലിൽ ഉദ്യോഗസ്ഥർ അവസരമൊരുക്കും. പഞ്ചായത്ത് രാജ് ചട്ടപ്രകാരം ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിയമ തടസ്സങ്ങളില്ല. കാപ്പ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുത് എന്നും കോടതിയെ സർക്കാർ അറിയിക്കും. നേരത്ത, മറ്റ് കേസുകളിൽ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു.

കോര്‍പ്പറേഷന്‍ അംഗമായി ഈ മാസം 14 ന് സത്യപ്രതിജ്ഞ ചെയ്യാനാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.അതേസമയം കാപ്പ കേസ് കൂടി ചുമത്തിയിട്ടുള്ളതിനാല്‍ ഹൈക്കോടതിയിൽ നിന്ന് ഇളവ് ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് വേണ്ടി സുഗതന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകൂ. ഇതേത്തുടർന്നാണ് കൗൺസിലർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തും. മൂന്നു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കിൽ അംഗത്വം നഷ്ടമാകുന്ന നിയമനം നില നിൽക്കേ ഇന്നത്തെ ഹൈക്കോടതി വിധി നിർണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here