കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം; 69 ശതമാനം പേർ കോടീശ്വരന്മാർ: എഡിആർ റിപ്പോർട്ട്

0
48

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ ജനപ്രതിനിധികളിൽ ഭൂരിഭാഗം പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കോടീശ്വരന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്നും റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (ADR) കേരള ഇലക്ഷൻ വാച്ചും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആകെ 140 വിജയികളിൽ 135 പേരുടെ സത്യവാങ്മൂലമാണ് വിശകലനം ചെയ്തത്.

റിപ്പോർട്ട് പ്രകാരം 114 എംഎൽഎമാർ (84 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 96 പേർ (71 ശതമാനം) മാത്രമായിരുന്നു. ഇതിൽ 77 പേർക്കെതിരെ (57 ശതമാനം) ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. കഴിഞ്ഞ തവണ 37 പേർ (27 ശതമാനം) മാത്രമായിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്.

ഒരു സ്ഥാനാർത്ഥിക്കെതിരെ കൊലപാതക കേസും (IPC 302) മറ്റൊരാൾക്കെതിരെ വധശ്രമക്കേസും (IPC 307) നിലവിലുണ്ട്. മൂന്ന് പേർക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുണ്ട്. ഇതിൽ ഒരാൾക്കെതിരെ ആവർത്തിച്ചുള്ള ബലാത്സംഗത്തിനുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

കക്ഷിതിരിച്ചുള്ള കണക്കുകൾ

വിജയിച്ച 59 കോൺഗ്രസ് എംഎൽഎമാരിൽ 53 പേരും ക്രിമിനൽ കേസുകളുള്ളവരാണ്. സിപിഐഎമ്മിൽ വിജയിച്ച 26 പേരിൽ 20 പേരും ബിജെപിയിൽ വിജയിച്ച മൂന്ന് പേരും തങ്ങൾക്കെതിരെ കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോടീശ്വരന്മാരുടെ സഭ

സാമ്പത്തിക നില പരിശോധിച്ചാൽ 135 വിജയികളിൽ 93 പേരും (69 ശതമാനം) കോടീശ്വരന്മാരാണ്. 2021-ൽ ഇത് 75 പേർ (55 ശതമാനം) ആയിരുന്നു. എംഎൽഎമാരുടെ ശരാശരി ആസ്തി 2021-ലെ 3.12 കോടിയിൽ നിന്ന് 2026-ൽ 6.94 കോടിയായി ഉയർന്നു. വിശകലനം ചെയ്ത 135 പേരുടെ ആകെ ആസ്തി 937 കോടി രൂപയാണ്.

സമ്പന്നരിൽ ഒന്നാമൻ കുട്ടനാട്ടിൽ നിന്നുള്ള കേരള കോൺഗ്രസ് സ്ഥാനാർത്ഥി റജി ചെറിയാനാണ്. 218 കോടി രൂപയിലധികം ആസ്തിയാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 111 കോടി രൂപയുടെ ആസ്തിയുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ രണ്ടാമതും 68 കോടി രൂപയുമായി കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറം മൂന്നാമതുമാണ്. ഏറ്റവും കൂടുതൽ കടബാധ്യതയുള്ള വിജയിയും രാജീവ് ചന്ദ്രശേഖറാണ് (109 കോടി രൂപ).

വിദ്യാഭ്യാസവും സ്ത്രീ പ്രാതിനിധ്യവും

വിജയിച്ചവരിൽ 98 പേർ (73 ശതമാനം) ബിരുദമോ അതിനുമുകളിലോ വിദ്യാഭ്യാസമുള്ളവരാണ്. 31 പേർ എട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയിൽ വിദ്യാഭ്യാസമള്ളവരാണ്. എന്നാൽ സഭയിലെ സ്ത്രീ പ്രാതിനിധ്യം വീണ്ടും കുറഞ്ഞു. ഒൻപത് വനിതാ എംഎൽഎമാർ (7 ശതമാനം) മാത്രമാണ് ഇത്തവണ സഭയിലുള്ളത്. 2021-ൽ ഇത് 11 പേരായിരുന്നു. 2026-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട 55 എംഎൽഎമാരുടെ ശരാശരി ആസ്തിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 20 ശതമാനം വർദ്ധനവുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here