ഇനി തെരുവുനായകൾ പറപറക്കും: വരുന്നു ‘സെൻസ്-കെ9’

0
38

തിരുവനന്തപുരം : കുട്ടികളെയും മുതിർന്നവരെയും വയോധികരെയും അക്രമിക്കുന്ന തെരുവുനായകളെ പേടിച്ച് കഴിയേണ്ട കാലം ഉടൻ ഇല്ലാതാകും. ആക്രമണ സ്വഭാവമുള്ള നായകളെ സുരക്ഷിതമായ അകലത്തിലേക്ക് പിന്തിരിപ്പിക്കാൻ ഇനി ഒരു ബട്ടൺ അമർത്തുന്ന ദൂരം മാത്രം. അതിന്‍റെ അവസാനവട്ട പണിപ്പുരയിലാണ് ഒരു കൂട്ടം എൻജിനിയറിംഗ് വിദ്യാർത്ഥികൾ.

ഇനി തെരുവുനായകൾ പറപറക്കും: വരുന്നു ‘സെൻസ്-കെ9’, പരീക്ഷണ വീഡിയോ 

അക്രമകാരികളോ അല്ലാത്തതോ ആയ നായകളെ തുരത്താൻ ഉപകരിക്കുന്ന ‘ഡോഗ് റിപ്പെല്ലെന്റ് ‘സ്‌മാർട്ട് വാച്ചുമായാണ് ഇവർ ഇതിന് തയ്യാറെടുക്കുന്നത്. ചെങ്ങന്നൂർ സെന്‍റ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ അവസാന വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥികളാണ് ഇതിന് പിന്നിൽ.

സ്‌മാർട്ട് വാച്ചിന് പിന്നിൽ ഇവർ

സംസ്ഥാനത്ത് തുടരെയുണ്ടാകുന്ന തെരുവു നായ ആക്രമണങ്ങളാണ് വിദ്യാർത്ഥികളെ ഇത്തരമൊരു സ്‌മാർട്ട് വാച്ച് നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. നായകളെ തുരത്തുന്ന ഇത്തരം ഉപകരണങ്ങൾ ധാരാളം വിപണിയിലുണ്ട് എന്നാൽ ഒരു സ്‌മാർട്ട് വാച്ചിൽ തന്നെ ഇത്തരമൊരു ഉപകരണത്തിന്‍റെ കൂട്ടിച്ചേർക്കൽ ലോകത്ത് തന്നെ ആദ്യമായിരിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വകുപ്പ് മേധാവി ടിന്‍റു മേരി ജോൺ ഇടിവി ഭാരതിനോട് പറഞ്ഞു.

ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അധ്യാപിക ടിന്‍റു മേരി ജോണ്‍ 

ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ അവസാന വർഷ വിദ്യാർത്ഥികളായ ബ്ലെസൺ മാത്യു വിൽസൺ, ബി.ബിൻസൺ, ജോയ്, ആർ. ശ്രീരാഗ് എം.പ്രവീൺ കുമാർ, സാവിയോ എന്നിവർ ചേർന്നാണു ‘സെൻസ് -കെ9(sens-k9)’ എന്ന് പേരിട്ടിട്ടുള്ള സ്‌മാർട്ട് വാച്ചിന്‍റെ പ്രോട്ടോടൈപ്പ് (PROTOTYPE) നിർമ്മിച്ചത്. വകുപ്പ് മേധാവിയുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.

ആലോചനയ്ക്ക് പിന്നിൽ മനസുലച്ച സംഭവം

തെരവ് നായ ആക്രമണങ്ങളുടെ നിരന്തര വാർത്തകൾ മനസിനെ വേദനിപ്പിച്ചിരുന്നു. എന്നാൽ തൃശ്ശൂർ എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ 84 വയസ്സുള്ള കീഴക്കേപ്പുരക്കൽ കാർത്യായനി എന്ന കിടപ്പുരോഗിയായ വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നതും മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിന് കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വിവരം വാർത്താമാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് നായകളെ തുരുത്താൻ സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത തങ്ങളിൽ ശക്തമായതെന്ന് സംഘത്തെ നയിക്കുന്ന ബ്ലെസൺ മാത്യു വിൽസൺ ഇടിവി ഭാരതിനോട് പറഞ്ഞു.

തുടർന്ന് എല്ലാവരുമായി കൂട്ടായി ആലോചിച്ചു. അപ്പോഴാണ് സ്‌മാർട്ട് വാച്ചിൽ ഇത്തരം ഒരു ഉപകരണത്തിന്‍റെ കൂട്ടിച്ചേർക്കലിനെപ്പറ്റിയുള്ള ആശയം ഉരിത്തിരിഞ്ഞു വന്നത്. തുടർന്ന് അവർ ഇത് വകുപ്പ് മേധാവി ടിന്‍റുവിനെ അറിയിക്കുകയായിരുന്നു.

വിദ്യാർത്ഥികളുടെ ആശയത്തോട് പൂർണ്ണമായും യോജിച്ച അവർ അന്നത്തെ പ്രിൻസിപ്പിലായ അജിത് പ്രഭുവിന് മുമ്പിൽ കുട്ടികളുമായെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. അദ്ദേഹവും ഇക്കാര്യങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ വാഗ്‌ദാനം ചെയ്‌തതോടെയാണ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയതെന്നും ബ്ലെസൺ പറഞ്ഞു.

സെൻസ് -കെ9 : പ്രവർത്തന രീതി

തെരുവുനായകൾ ആക്രമണ സ്വഭാവത്തോടെ അടുത്തേക്ക് വന്നാൽ സ്‌മാർട്ട് വാച്ചിലെ ബട്ടൺ അമർത്തുക എന്നത് മാത്രം ചെയ്‌താൽ മതി. ഇതോടെ വാച്ചിൽ നിന്നും 20 മുതൽ 40 വരെ കിലോ ഹാർട്‌സിലുള്ള അൾട്രാസോണിക് ശബ്‌ദതരംഗങ്ങൾ പുറത്തുവരുന്നതോടെ തെരുവുനായകൾ സുരക്ഷിത ദൂരത്തിലേക്ക് അകന്നു മാറും. ഉപയോഗിക്കാൻ എളുപ്പമായതിനാൽ തന്നെ കൊച്ചുകുട്ടികൾ, സ്ത്രീകൾ, വയോധികർ, കിടപ്പ് രോഗികൾ എന്നിങ്ങനെ എല്ലാവർക്കും ഈ ഉപകരണം ഏറെ ഉപകാരപ്രദമാണ്. എൽഇഡി സൂചന( ക്ലോക്ക്, വൈബ്രേഷൻ അലർട്ട്, ഡിസ്‌പ്ലേ സൗകര്യങ്ങളും വാച്ചിൽ ഉണ്ട്.

ആദ്യഘട്ടം ദുഷ്‌ക്കരം : സ്ഥിരത കൈവിടാതെ പരീക്ഷണങ്ങൾ വിജയിച്ചു

പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വലിയ ദുഷ്‌ക്കരമായിരുന്നുവെന്ന് വകുപ്പ് മേധാവി ടിന്‍റുവും ബ്ലെസണും ഒരുപോലെ സമ്മതിക്കുന്നു. പരീക്ഷണങ്ങൾക്ക് പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിച്ചിരുന്നില്ല. ഇത്തരമൊരു ചെറിയ ഉപകരണത്തിൽ നിന്ന് ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്‌ദതരംഗങ്ങൾ പുറപ്പെടുവിക്കാൻ പാകത്തിലുള്ള പരീക്ഷണത്തിനാണ് ഏറെ സമയം ചെലവഴിക്കേണ്ടി വന്നത്. എന്നാലും സ്ഥിരത കൈവിടാതെ ഒരു മനസോടെ അഞ്ച് പേരും നീങ്ങി.

കുട്ടികൾക്കൊപ്പം അകമഴിഞ്ഞ പിന്തുണ നൽകി വകുപ്പ് മേധാവിയും ഒത്ത് ചേർന്നതോടെ അവർ ഉത്സാഹവത്തോടെ പരീക്ഷണങ്ങൾ തുടരും. ഒടുവിൽ രണ്ട് മാസങ്ങൾ കൊണ്ട് തന്നെ അവർ ഈ ഉപകരണം വികസിപ്പിച്ചു. ഇതിന്‍റെ പ്രോട്ടോടൈപ്പ് പുറത്തിറക്കി നായകളുള്ള സ്ഥലത്ത് പരീക്ഷിച്ച് വിജയിക്കുകയും ചെയ്‌തതോടെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം ഇരട്ടിച്ചു. 2025 സെപ്റ്റംബറോടെയാണ് ഇതിന് അവസാന രൂപം നൽകിയത്.

പേറ്റന്‍റ് ലഭിച്ചു: ഇനി ലക്ഷ്യം സ്റ്റാർട്ടപ്പ്

പരീക്ഷണങ്ങളിൽ മികച്ച കൃത്യത വന്നതോടെ ഉപകരണത്തിന് കോളേജ് ഇടപെട്ട് ഇന്ത്യൻ പേറ്റന്‍റ് എടുത്തിട്ടുണ്ട്. 2026 ഫെബ്രുവരിയിലാണ് പേറ്റന്‍റ് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ വാച്ച് ഉൽപാദിപ്പിച്ച് വിപണിയിൽ ഇറക്കണമെന്നാണ് വിദ്യാർത്ഥികളുടെയും ഇതിന്‍റെ മേൽനോട്ടച്ചുമതല വഹിച്ച ടിന്‍റു മേരി ജോണിന്‍റെയും ആവശ്യം.

അതിനായി സ്റ്റാർട്ട് അപ്പ് രൂപീകരിക്കാൻ കേരള സ്റ്റാർട്ട് അപ്പ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബികയുമായി ആദ്യവട്ട ചർച്ചകൾ പൂർത്തികരിച്ചിട്ടുണ്ട്. വിശദ ചർച്ചകൾക്കായി അവർ കാത്തിരിക്കുകയാണ്.

ഭാവിയിൽ എഐ സഹായത്തോടെയുള്ള വികസിപ്പിക്കൽ ലക്ഷ്യം

ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് നായയെ സ്വയം തിരിച്ചറിഞ്ഞ് കുരയ്ക്കുന്ന ശബ്‌ദം വിശകലനം ചെയ്‌ത് ആക്രമണകാരിയെങ്കിൽ ഓട്ടോമാറ്റിക് ആക്‌ടിവേഷൻ നടത്തുന്ന രീതിയിലേക്ക് വികസിപ്പിക്കും. ഇതിനൊപ്പം തന്നെ ജിപിഎസ് ലൊക്കേഷൻ ഷെയറിങ് തുടങ്ങിയ സവിശേഷതകളും വാച്ചിൽ ഉൾപ്പെടുത്താൻ വിദ്യാർഥികൾ ശ്രമിക്കുന്നുണ്ട്.

‘ഡോഗ് ഫ്രീ’ ക്യാമ്പസും ലക്ഷ്യം

സ്‌മാർട്ട് വാച്ചിലെ ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറച്ച് കൂടി വലിപ്പമുള്ള ഉപകരണം വികസിപ്പിച്ച് ഡോഗ് ഫ്രീ ക്യാമ്പസ്’ – തെരുവുനായ മുക്ത ക്യാമ്പസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കും ഇവർ ഒരുങ്ങിക്കഴിഞ്ഞു. ഇതിൽ എഐ സാങ്കേതിക വിദ്യ കൂടി സംയോജിപ്പിക്കും. വീടുകൾ, ഓഫീസുകൾ കോളേജ് ക്യാമ്പസുകൾ എന്നിങ്ങനെ എല്ലായിടത്തു നിന്നും തെരുവുനായകളെ ഉപദ്രവിക്കാതെ സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്താനുള്ള നടപടികൾക്കാണ് ശ്രമം.

ഇതിനായി നായ എത്തുമ്പോൾ തന്നെ എഐ ക്യാമറയിലൂടെ സ്വയം തിരിച്ചറിഞ്ഞ് ശബ്‌ദതരംഗങ്ങൾ പുറപ്പെടുവിക്കുന്ന തരത്തിലുള്ള ഉപകരണം വികസിപ്പിക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും വിദ്യാർത്ഥികളും വകുപ്പ് മേധാവിയും ഇടിവി ഭാരതിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here