കൊച്ചി: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന ‘ ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ വേട്ടയിലൂടെ കൂടുതൽ ലഹരി പിടികൂടാൻ സാധിക്കുന്നില്ലെന്ന് കണക്കുകൾ. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 6182 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 6632 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്തത് 3981.891 ഗ്രാം എം.ഡി.എം.എയാണ്. 462.450 കലോഗ്രാം കഞ്ചാവാണ് ഇതുവരെ (ജൂലൈ 9 വരെ) പിടിച്ചത്. 2026 ജൂൺ മാസം ഒന്നാം തീയതിയാണ് ഓപ്പറേഷൻ തൂഫാൻ തുടങ്ങിയത്.
ജൂലൈ മാസം തുടക്കത്തിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ 392.100 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മുൻവർഷങ്ങളിൽ നടന്നു വന്നിരുന്ന ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സമാനമായതോ അതിൽക്കൂടുതലോ അളവിൽ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2024ൽ നാർകോടിക്സ് കണ്ട്രോൾ ബ്യൂറോ കഞ്ചാവ് പിടികൂടുന്നതിന്റെ കാര്യത്തിൽ വിവിധ സംസ്ഥാനങ്ങളെ റാങ്ക് ചെയ്തപ്പോൾ കേരളം ഇരുപതാം സ്ഥാനത്ത് എത്തിയിരുന്നു. ആ വർഷം കേരളത്തിൽ പിടികൂടിയത് 4482 കിലോഗ്രാം കഞ്ചാവാണ്. പ്രതിമാസം ശരാശരി 373.5 കിലോഗ്രാം കഞ്ചാവ് 2024ൽ പിടികൂടിയിരുന്നു എന്ന് ചുരുക്കം.
2024ൽ 24.27 കലോഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതിമാസം ശരാശരി 2.0225 കിലോഗ്രാം എംഡിഎംഎ പിടികൂടാൻ അന്ന് സാധിച്ചു. 2026 ജൂൺ മാസത്തിൽ എംഡിഎംഎയുടെ കാര്യത്തിൽ കൂടുതൽ അളവ് പിടികൂടാൻ ഓപ്പറേഷൻ തൂഫാന് സാധിച്ചിട്ടുണ്ട്. 3706.743 ഗ്രാം എംഡിഎംഎയാണ് ഇതുവരെ പിടികൂടിയത്. അതെസമയം വരുംമാസങ്ങളിലെക്കൂടി കണക്കുകൾ പുറത്തുവന്നാൽ മാത്രമേ ഇക്കാര്യങ്ങളിൽ ഒരു അന്തിമ തീർപ്പ് എത്താൻ കഴിയൂ എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി കൂടി നേരിട്ടിറങ്ങിയുള്ള ശ്രമമായതിനാൽ കൂടുതൽ പ്രതീക്ഷ ജനങ്ങൾക്കുണ്ട്.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇന്ന് നടത്തിയ പരിശോധനയില്‍ 108 പേര്‍ അറസ്റ്റിലായി. 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 30 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് മൂന്നു കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ടു കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 72 കേസുകളും കോട്പ (COTPA) പ്രകാരം 51 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 98.816 ഗ്രാം എം.ഡി.എം.എയും 1.446 കി.ഗ്രാം കഞ്ചാവും 0.76 ഗ്രാം ബ്രൗണ്‍ ഷുഗറും, 18.1 ഗ്രാം ഹെറോയിനും, മൂന്ന് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 77 ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 6598 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 317 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5314 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.








