തൊഴിലുറപ്പുകാരെ നിരീക്ഷിക്കാൻ കേന്ദ്രം; പുതുക്കിയ തൊഴിലുറപ്പ് പദ്ധതി ഉടൻ നടപ്പിലാക്കും

0
34

തൊഴിലുറപ്പ് പദ്ധതി ശരിയായി നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കേന്ദ്രം. ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് നിരീക്ഷിക്കുക. രാജ്യത്തിന്റെ പല ഭാഗത്തും തൊഴിലെടുക്കാതെ പലരും തൊഴിലുറപ്പ് പണം എഴുതി വാങ്ങുന്നുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.

ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുതുക്കിയ തൊഴിലുറപ്പ് പദ്ധതിയായ ‘വിബി ജി റാംജി’ പദ്ധതി നടപ്പിലാക്കുമ്പോൾ കർശനമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. പണി നടന്നുവോയെന്ന് ജിപിഎസ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പാക്കാനാണ് നീക്കം. യുപിഎ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചതാണ് ‘വിബി ജി റാംജി’ പദ്ധതി.

വനിതാസംവരണ ബിൽ പാസാക്കാനുള്ള ശ്രമം പാളിയതിനു പിന്നാലെയാണ് കേന്ദ്രം പുതിയ നീക്കം നടത്തുന്നത്. പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദിനങ്ങൾ നൂറിൽനിന്ന് 125 ആക്കി ഉയർത്തിയിട്ടുണ്ട്. കൂലിയും വർധിപ്പിക്കും. കുടിയേറ്റ തൊഴിലാളികൾക്കുൾപ്പെടെ ഏത് സംസ്ഥാനത്തിരുന്നും പോർട്ടലിലൂടെ തൊഴിൽ ആവശ്യപ്പെടാം എന്ന മെച്ചവും ഉണ്ട്.

വിബി ജി റാംജി പദ്ധതിക്ക് പോർട്ടൽ വരുന്നതോടെ തൊഴിലാളികൾക്ക് തൊഴിൽ ആവശ്യപ്പെടാനുള്ള സൗകര്യം കൂടും. പേര് രജിസ്റ്റർ ചെയ്ത് തൊഴിൽ ആവശ്യപ്പെടാന കഴിയും. ഇതരസംസ്ഥാനങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സ്വന്തംനാട്ടിൽ ജോലിയെടുക്കണമെന്നുണ്ടെങ്കിൽ ഈ പോർട്ടലിൽ വന്ന് ആവശ്യപ്പെടാവുന്നതാണ്. ഫണ്ട് ലഭ്യത അനുസരിച്ച് ജോലി ലഭ്യമാക്കും. ജോലി നടന്നതായി കടലാസിൽമാത്രം കാണിച്ച് പണം തട്ടുന്ന ചില മേഖലകളുണ്ട്. അതിനെ കാര്യക്ഷമമായി തടയാനാണ് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമർശനങ്ങളുമായി പ്രതിപക്ഷം

അതെസമയം പുതിയ തൊഴിലുറപ്പ് സംവിധാനത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിലവിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലിനെ ഒരു അവകാശമായാണ് കാണുന്നത്. തൊഴിൽ വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് അത് കൊടുക്കാൻ സർക്കാരിനെ ബാധ്യതപ്പെടുത്തുന്നതായിരുന്നു നിയമം. എന്നാൽ ഈ അവകാശം എടുത്തു കളയുകയാണ് വിബി ജി റാംജി പദ്ധതിയിലൂടെ ചെയ്തിരിക്കുന്നത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഒരു നിശ്ചിത ഫണ്ട് കേന്ദ്രം അനുവദിക്കും. ഈ ഫണ്ട് തീർന്നാൽ പിന്നെ തൊഴിൽ ഉണ്ടാകില്ല.

ഇനിമുതൽ തൊഴിലുറപ്പ് പദ്ധതിയുടെ ചെലവിൽ 40 ശതമാനവും സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരും. നേരത്തെ 90 ശതമാനം ഫണ്ടും കേന്ദ്രത്തിൽ നിന്നാമ് വന്നിരുന്നത്. കേന്ദ്രം ഈ ബാധ്യതയിൽ നിന്ന് രക്ഷപ്പെടുകയും, സംസ്ഥാനങ്ങൾക്ക് പുതിയ ബാധ്യത നൽകുകയും ചെയ്യുന്നതായി വിമർശകർ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളാണ് ഈ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ എടുത്തുമാറ്റിയിരിക്കുന്നത്. പ്രാദേശിക ഗ്രാമസഭകളുടെ പങ്ക് കുറയും.

ഡിജിറ്റലായാണ് ഇനി ജോലികൾ അനുവദിക്കുക എന്നത് വലിയ പ്രശ്നം സൃഷ്ടിക്കും. വളരെ സാധാരണക്കാരായവരും വൃദ്ധരുമെല്ലാമാണ് തൊഴിലുറപ്പിനെ ആശ്രയിക്കുന്നത്. ഇവരിൽ മിക്കവർക്കും സ്മാർട്ട് ഫോൺ പോലും കാണില്ല. ഉള്ളവർക്കു തന്നെ സങ്കീർണമായ രീതിയിൽ തൊഴിൽ ആവശ്യപ്പെടാൻ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here