തിരുവനന്തപുരം: പിഎസ്‌സി നിയമന ക്രമക്കേടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്. പിഎസ്‌സിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങൾ അന്വേഷിക്കാതിരിക്കാൻ കഴിയില്ലെന്നും സ്ഥാപനത്തിൻ്റെ വിശ്വാസ്യത സംരക്ഷിക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
ഉയർന്നുവന്ന എല്ലാ ആരോപണങ്ങളും വിശദമായി അന്വേഷിക്കാനാണ് സർക്കാർ തീരുമാനം. അന്വേഷണത്തിൻ്റെ സമയപരിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആഭ്യന്തര വകുപ്പ് തീരുമാനിക്കും. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ആശ്രയിക്കുന്ന പിഎസ്‌സിയുടെ സുതാര്യത ഉറപ്പുവരുത്തേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. അതിനാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത അന്വേഷണം നടക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വയനാട് ദുരന്തം
മന്ത്രിസഭായോഗം വയനാട് ദുരന്തത്തിൻ്റെ വ്യാപ്തിയും തുടർനടപടികളും വിശദമായി വിലയിരുത്തി. ദുരന്തത്തെത്തുടർന്ന് പ്രദേശത്തെ നിർമാണ പ്രവൃത്തികൾ പൂർണമായും നിർത്തിവച്ച് രണ്ടുതട്ടിലുള്ള അന്വേഷണം നടത്താൻ തീരുമാനിച്ചു. അന്വേഷണത്തിന് മുന്നോടിയായി സാങ്കേതികമായും നിയമപരമായും വിദഗ്ധരുമായി ആലോചനകൾ നടക്കും. പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിർദേശിച്ച പാരിസ്ഥിതിക നടപടികൾ കൃത്യമായി പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി ശാസ്ത്രീയമായ പഠനങ്ങൾ അനിവാര്യമാണെന്നും സർക്കാർ വിലയിരുത്തുന്നു.
വിഴിഞ്ഞം ഓഹരി കൈമാറ്റം
വിഴിഞ്ഞം തുറമുഖത്തിൻ്റെ 49 ശതമാനം ഓഹരികൾ എംഎസ്സിക്ക് നൽകിയതുമായി ബന്ധപ്പെട്ട് കമ്പനി നൽകിയ കത്ത് മന്ത്രിസഭ ചർച്ച ചെയ്തു. വിഷയം പരിശോധിച്ച് നിയമപരമായ നിർദേശം നൽകാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഴിഞ്ഞം എംഎസ്‌സി ഓഹരി കൈമാറ്റത്തിൽ സർക്കാർ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന് ഇതിനെപ്പറ്റി ഔദ്യോഗികമായി അറിയില്ലെന്ന് നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓഹരി കൈമാറ്റം നടന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യഥാർഥത്തിൽ അത് നടന്നിട്ടില്ല. ഈ വിഷയം നേരത്തെ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. എംഎസ്സിയും അദാനി ഗ്രൂപ്പും തമ്മിലുള്ള ചർച്ചകൾ ഒരു വർഷമായി നടക്കുന്നുണ്ട്. ഇക്കാര്യം ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ സർക്കാരിന് ഇക്കാര്യങ്ങൾ അറിയാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് തീരുമാനങ്ങൾ
സുപ്രീം കോടതിയിൽ പ്ലീഡറുമാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായുള്ള അവലോകന യോഗം പൂർത്തിയായി. പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്താൻ ഓപ്പൺ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും. പദ്ധതികൾ 80 ശതമാനം പൂർത്തിയായവയ്ക്ക് പച്ച നിറവും, ഒന്നും തുടങ്ങിയിട്ടില്ലാത്തവയ്ക്ക് ചുവപ്പ് നിറവും നൽകി വിലയിരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരണനിർവഹണം കൂടുതൽ സുതാര്യമാക്കാനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുമാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്.









