കാലവര്‍ഷമെത്തി….മണ്ണറിഞ്ഞ് വിത്തിടണം, മണ്‍സൂണ്‍ കൃഷിയിറക്കാന്‍ സമയമായി

0
4

കാലവര്‍ഷം കനത്ത് പെയ്യുകയാണ്. ജലാശയങ്ങളെല്ലാം നിറഞ്ഞ് കവിയുന്ന സമയമായി. ഇത്തവണ ജൂണില്‍ അല്‍പം മഴ കുറവാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജൂലൈയില്‍ മഴ തിമിര്‍ത്ത് പെയ്‌തേക്കും എന്ന് പറയുന്നവരും കുറവല്ല. മഴ പെയ്‌ത് ഭൂമി തണുത്താല്‍ പിന്നെ മിക്കവര്‍ക്കും എന്തെങ്കിലും ജോലി ചെയ്യാനെല്ലാം മടിയായിരിക്കും. എന്നാല്‍ ഈ മഴക്കാലത്തിന്‍റെ തുടക്കത്തില്‍ തന്നെ ചെയ്യേണ്ട കുറച്ച് കാര്യങ്ങളെ പരിചയപ്പെടുത്താം.

മറ്റൊന്നുമല്ല കൃഷിയില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ വേണ്ടുവോളം പച്ചക്കറിയും ഫലങ്ങളും ലഭിക്കും. അത്തരത്തില്‍ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ഫലം ലഭിക്കുന്ന പച്ചക്കറികള്‍ എതെല്ലാമെന്ന് നോക്കാം.

മഴയെത്തുന്നതോടെ പുതിയ നടീല്‍ ആരംഭിക്കുന്ന സമയമാണ്. ചെടികളിലെയും ഫലവര്‍ഗങ്ങളിലെയും നീര് ഊറ്റുന്ന പ്രാണികളുടെ ശല്യം മഴക്കാലത്ത് കുറവായിരിക്കും. അതുകൊണ്ട് വെണ്ട, വഴുതന, പാവല്‍, പയര്‍, മുളക്, നെല്ല്, തെങ്ങ് എന്നിവ കൃഷിയിറക്കാന്‍ പറ്റിയ സമയമാണ് മഴക്കാലം.

വെണ്ട: കേരളത്തിലെ മണ്‍സൂണ്‍ കാലാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ അനുയോജ്യമായ കൃഷിയാണ് വെണ്ട. മഞ്ഞളിപ്പ് രോഗവും വെള്ളീച്ചയുടെ ശല്യവുമാണ് വെണ്ട കൃഷിയ്‌ക്ക് മിക്കപ്പോഴും തിരിച്ചടിയാകാറുള്ളത്. ഇത് രണ്ടും മഴക്കാലത്ത് നന്നേ കുറവായിരിക്കും. അതുകൊണ്ട് തന്നെ മഴക്കാലത്ത് വെണ്ട കൃഷിയില്‍ നിന്നും കൂടുതല്‍ വിളവ് ലഭിക്കും.

കൃഷിയില്‍ ശ്രദ്ധിക്കണം ഇക്കാര്യം: വെണ്ട വിത്തുകള്‍ കൃഷിയിറക്കുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൃഷി ചെയ്യാനുള്ള വിത്തുകള്‍ 12 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്‌ക്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്തിളക്കണം. അതില്‍ വേണം വിത്തുകള്‍ ഇട്ടുവയ്‌ക്കാന്‍. ഇത് ചെടികളിലുണ്ടാകുന്ന വാട്ട രോഗത്തെ അകറ്റാന്‍ സഹായിക്കും.

12 മണിക്കൂറിന് ശേഷം വിത്തുകള്‍ നടാം. അതിന് മുമ്പായി അടിവളമായി ജൈവവളം ഇടണം. ചെടികള്‍ മുളച്ച് വരുന്നത് വരെ മഴയില്ലെങ്കില്‍ അല്‍പം വെള്ളം നനച്ച് കൊടുക്കാം. ചെടികള്‍ മുളച്ച് വന്നതിന് പിന്നാലെ നല്ല തോതില്‍ മഴ ലഭിക്കുകയാണെങ്കില്‍ അവ തഴച്ച് വളരും. 40-45 ദിവസം കൊണ്ട് ചെടികള്‍ പൂര്‍ണ വളര്‍ച്ചയെത്തും. തുടര്‍ന്ന് പൂവിടുകയും കായ്‌ക്കുകയും ചെയ്യും. ചാണകം, എല്ലുപൊടി എന്നിവയാണ് നല്‍കേണ്ട പ്രധാന ജൈവ വളം.

മുളക് കൃഷി അറിഞ്ഞിരിക്കേണ്ടത്: അടുക്കളയില്‍ എല്ലാ ദിവസവും ആവശ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്. പച്ചമുളക്, മുളക്‌ പൊടി, വറ്റല്‍ മുളക് എന്നിങ്ങനെ ദിവസവും അടുക്കളയില്‍ ഉപയോഗിക്കാറുണ്ട്. ഏത് കാലവസ്ഥലയിലും കൃഷിയിറക്കാവുന്ന ഒരു പച്ചക്കറിയാണ് മുളക്. എന്നാല്‍ മഴക്കാലമാണ് ഇതിന് കൂടുതല്‍ അനുയോജ്യം. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വെള്ളം കെട്ടി നില്‍ക്കാത്തയിടത്തായിരിക്കണം കൃഷിയിറക്കേണ്ടത് എന്നതാണ്.

കൃഷിക്കായി ആദ്യം വിത്തുകള്‍ മുളപ്പിച്ചെടുക്കണം. വിത്ത് മുളച്ച് 20-25 ദിവസമാകുമ്പോള്‍ മാറ്റി നടാം. ചെടികള്‍ നടുമ്പോള്‍ ഏകദേശം 60 സെന്‍റീമീറ്ററെങ്കിലും അകലം പാലിക്കണം. ചെടികള്‍ നട്ട് നല്ലത് പോലെ ജൈവവളം കൂടി നല്‍കിയാല്‍ 50ാം ദിവസം തന്നെ വിളവെടുപ്പും തുടങ്ങാം. കാന്താരി മുളക് കൃഷിയും ആരംഭിക്കാന്‍ മഴക്കാലമാണ് നല്ലത്. നടുന്നതിന് മുമ്പായി അടിവളമായി അരക്കിലോ ജൈവവളമെങ്കിലും ഓരോ തൈകള്‍ക്കും നല്‍കണം. ഇത് പ്രതിരോധ ശേഷിക്കും അതോടൊപ്പം നല്ല വിളവ് ലഭിക്കാനും സഹായകമാകും.

കൃഷിയിറക്കേണ്ട മറ്റ് പച്ചക്കറികള്‍: പാവൽ, പടവലം, കുമ്പളം, ചുരയ്ക്ക, മത്തൻ എന്നിവ മഴക്കാലത്ത് കൃഷിയിറക്കാവുന്നതാണ്. പാവൽ, പടവലം എന്നിവ തടമെടുത്ത് വേണം നടാന്‍. തൈകള്‍ തമ്മിലുള്ള അകലം പാലിക്കുന്നതില്‍ ശ്രദ്ധിക്കേണം. അകലം കൂടുംതോറും ഫലങ്ങള്‍ ലഭിക്കുന്നതിന്‍റെ അളവും വര്‍ധിക്കും. ഓരോ തടത്തിനും അഞ്ച് കിലോയെങ്കിലും വളമിടണം. ഇലകള്‍ കിളിര്‍ത്ത് തുടങ്ങിയാല്‍ ജൈവ കീടനാശിനി പ്രയോഗിക്കാം. ഇത് ചെടികള്‍ക്ക് കരുത്ത് പകരും.

തെങ്ങ്: കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്ന ഒരിനമാണ് തേങ്ങ. മഴക്കാലമാണ് തെങ്ങ് നടാന്‍ അനുയോജ്യമായ സമയം. 7×5 മീറ്റര്‍ അല്ലെങ്കില്‍ 9×9 മീറ്റര്‍ അകലത്തില്‍ കുഴികളുടെത്ത് വേണം തെങ്ങ് നടാന്‍. കുഴിയുടെ അടിയില്‍ ഉണങ്ങിയ തെങ്ങിന്‍ തോടുകള്‍ നിരത്തുന്നത് നല്ലതാണ്. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായകരമാകും.

തെങ്ങിന്‍ തൈ നട്ട് ആദ്യ വര്‍ഷം മുതല്‍ തന്നെ വളപ്രയോഗം നടത്താം. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും കൃഷിക്ക് അനുയോജ്യമായ വളപ്രയോഗം നടത്തണം. കൂമ്പ് ചീയല്‍, മണ്ട കൊഴിച്ചില്‍, വേര് ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ തെങ്ങിനെ ബാധിച്ചേക്കാം. ഇതിനെ അകറ്റും വിധമുള്ള പരിചരണവും കീടനാശിനി പ്രയോഗവും നടത്താം. തെങ്ങിന്‍റെ ഇനത്തിന് അനുസരിച്ചായിരിക്കും അതില്‍ നിന്നും ഫലങ്ങള്‍ ലഭിച്ച് തുടങ്ങുക.

വാഴ: ഇത് തന്നെയാണ് വാഴ നടാന്‍ പറ്റിയ സമയം. 50 സെന്‍റീമീറ്റര്‍ നീളത്തിലും വീതിയിലും കുഴിയെടുത്ത് വേണം വാഴ നടാന്‍. ഓരോ വാഴ കന്നുകള്‍ ഓരോ കുഴിയെടുത്ത് വേണം നടാന്‍. കുഴിയെടുത്ത് അതില്‍ ആദ്യം അടിവളം നല്‍കണം. കമ്പോസ്റ്റ്, ചാണകം എന്നിവ ഇട്ട് കൊടുക്കാവുന്നതാണ്. ഓരോ കുഴികളിലും 10 കിലോ വീതം വളപ്രയോഗം നടത്തണം.

നിലമറിഞ്ഞ് നെല്ലിടണം: കേരളത്തില്‍ കൂടുതലായി ഉത്‌പാദിപ്പിക്കുന്ന ധാന്യ വിലകളിലൊന്നാണ് നെല്ല്. സമുദ്ര നിരപ്പില്‍ നിന്നും താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട് മുതല്‍ സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തിലുള്ള ഇടുക്കിയില്‍ അടക്കം നെല്ല് കൃഷിയുണ്ട്.

നല്ല മഴയും അതോടൊപ്പം വെയിലും ലഭിക്കുന്ന ഇടങ്ങളിലാണ് കൂടുതലായും നെല്‍ കൃഷിയിറക്കുന്നത്. കാലവര്‍ഷം എത്തിയതോടെ കേരളത്തിലെ വിവിധ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ വിരിപ്പ് കൃഷിയിറക്കാനുള്ള തിരക്കിലാണ്. എന്നാല്‍ ചിലയിടങ്ങളിലാകട്ടെ കാലാവസ്ഥയിലുണ്ടായ വ്യതിയാനം കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

മഴ ശക്തിപ്രാപിക്കുമെന്നും മലവെള്ളപ്പാച്ചിലുണ്ടാകുമെന്നും കരുതി കൃഷിയിറക്കാത്ത കര്‍ഷകരാണ് ഇപ്പോള്‍ ആശങ്കയിലായത്. എന്നാല്‍ ചിലര്‍ പറയുന്നതാകട്ടെ ജൂണില്‍ കൃഷിയ്‌ക്ക് ആവശ്യമായ മഴ ലഭിച്ചില്ലെന്നും പറയുന്നുണ്ട്. കാലവര്‍ഷാരംഭമാണ് നെല്‍ കൃഷിക്ക് അനുയോജ്യമായ സമയം. വിവിധ ഘട്ടങ്ങളാണ് നെല്‍ കൃഷിക്കുള്ളത്.

നിലമൊരുക്കല്‍: കൃഷിക്കായി നിലമൊരുക്കുന്നതാണ് നെല്‍ കൃഷിയുടെ ആദ്യഘട്ടം എന്ന് പറയാം. നിലം ഉഴുത് നിരപ്പാക്കണം. അതിലെ കളകള്‍ പൂര്‍ണമായും നീക്കം ചെയ്യണം.

വിത്ത് തെരഞ്ഞെടുക്കലും കൃഷിയിറക്കലും: ഗുണ നിലവാരം കൂടുതലുള്ള വിത്തുകള്‍ തെരഞ്ഞെടുക്കുന്നത് കൃഷിയുടെ പ്രധാന ഘട്ടങ്ങളിലൊന്നാണ്. ഗുണമേന്മ ഏറെയുള്ളവ തെരഞ്ഞെടുത്താല്‍ മാത്രമെ പ്രതീക്ഷിച്ച വിളവ് ലഭിക്കുകയുള്ളൂ. വിത്ത് മുളപ്പിച്ചോ അല്ലാതെയോ കൃഷിയിടത്തില്‍ വിതറാം.

ഞാറ്റടി: കണ്ടത്തില്‍ പാകിയ വിത്തുകള്‍ മുളച്ചാല്‍ അത് പറിച്ച് നടണം. വിത്ത് മുളച്ച് 20-25 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഞാറ് പറിച്ച് നടേണ്ടത്.

വളപ്രയോഗം: കൃഷിയുടെ വിളവ് കൃഷിയിടത്തില്‍ പ്രയോഗിക്കുന്ന വളങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. അതുകൊണ്ട് തന്നെ അടി വളമായി ജൈവ വളങ്ങളും പിന്നീട് ആവശ്യത്തിന് യൂറിയയും പൊട്ടാഷും പ്രയോഗിക്കാം.

ജല ലഭ്യത ഉറപ്പാക്കണം: നെല്‍ ചെടിയുടെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൃഷിയിടത്തില്‍ വെള്ളം അധികമാണെങ്കില്‍ അത് ചോര്‍ന്ന് പോവാനുള്ള മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതുണ്ട്.

കള നിയന്ത്രണം: കൃഷിയിടത്തിലെ കള നിയന്ത്രണം നിലമൊരുക്കുന്നത് മുതല്‍ വിളവെടുക്കും വരെ ശ്രദ്ധിക്കേണ്ടതാണ്. കൃഷിയിറക്കുന്നതിന് മുമ്പ് തന്നെ കള നീക്കം ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കളകള്‍ വളര്‍ന്നാല്‍ അത് നെല്‍കൃഷിയെ കാര്യമായി ബാധിക്കും. വിളവെടുപ്പിന് വരെ അത് ദോഷമാകും.

LEAVE A REPLY

Please enter your comment!
Please enter your name here