ഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ ഡൽഹിയിൽ എത്തിയെങ്കിലും അവിടത്തെ ജനങ്ങള്‍ ഇപ്പോഴും സ്ഥിരതയുള്ള മഴയ്ക്കായി കാത്തിരിക്കുകയാണ്. ഞായറാഴ്‌ച, ചില പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും, നഗരത്തിൻ്റെ ഭൂരിഭാഗവും മഴയ്‌ക്കായി കാത്തിരിക്കുകയാണ്. എന്നിരുന്നാലും വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ പ്രവചനം.
ജൂണിൽ ദുർബലമായ മണ്‍സൂണ്‍ വടക്കേ ഇന്ത്യയിലുടനീളം വീണ്ടും ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അസാധാരണമാംവിധം ജൂണിൽ മഴ ദുർബലമായിരുന്നു. ഇപ്പോള്‍ തെക്കുപടിഞ്ഞാറൻ മൺസൂൺ പുനരുജ്ജീവനത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയാണ്. കഴിഞ്ഞ മാസം മഴ സാധാരണയേക്കാൾ 40% കുറവായിരുന്നു. ജൂൺ 24 ഓടെ മധ്യപ്രദേശിലെയും ഗുജറാത്തിലെയും ചില ഭാഗങ്ങളിൽ എത്തിയ ശേഷം, മൺസൂൺ ഏകദേശം ആറ് ദിവസത്തേക്ക് പെയ്‌തിരുന്നില്ല. ഇതോടെ ഡൽഹി, പഞ്ചാബ്, വടക്കേ ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങള്‍ എന്നിവിടങ്ങളിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്.
മഴയെ നിയന്ത്രിക്കുന്ന നീണ്ട ന്യൂനമർദ്ദ മേഖലയായ മൺസൂൺ ട്രോഫ് അഥവാ മണ്‍സൂണ്‍ പാത്തിൻ്റെ സ്ഥാനമാണ് മന്ദഗതിക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു. ട്രോഫ് ഹിമാലയൻ താഴ്‌വരയിലേക്ക് മാറിയപ്പോൾ, വടക്കേ ഇന്ത്യയിലുടനീളം മഴ കുറഞ്ഞു. ഇപ്പോൾ വീണ്ടും സജീവമാകുന്നതോടെ, മൺസൂൺ വീണ്ടും മുന്നേറി, ജൂലൈ ഒന്നിന് ജമ്മു കശ്‌മീർ, ലഡാക്ക്, ഉത്തർപ്രദേശിൻ്റെ ശേഷിക്കുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തുന്നു.
ജൂലൈ ഒന്നിനും നാലിനും ഇടയിൽ സജീവമായ മൺസൂൺ ട്രോഫ് നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യിക്കുമെന്നും വിദഗ്‌ധർ പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ കാലാവസ്ഥയെ കൂടുതൽ പ്രവചനാതീതമാക്കുന്നുണ്ടെന്നും, ഒരുമിച്ച് പെയ്യുന്ന മഴ മഴ വെള്ളപ്പൊക്കത്തിനും വരൾച്ചയ്ക്കും സാധ്യത വർധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ താപനില വർധിച്ചുവരുന്നതിനാൽ ഇന്ത്യയിലെ നിരവധി കുട്ടികൾ ഉഷ്‌ണതരംഗങ്ങൾക്കും വരൾച്ചയ്ക്കും ഇരയാകുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിരവധി സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ്
അടുത്ത മൂന്ന് ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ വടക്കൻ അറബിക്കടലിൻ്റെ കൂടുതൽ ഭാഗങ്ങളിലേക്ക് നീങ്ങും. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങളുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ മൺസൂണിൻ്റെ വടക്കൻ പരിധി ജാംനഗർ, ഉദയ്‌പൂർ, അജ്‌മീർ, ജുൻജുനു, ഹിസാർ, ബതിന്ദ എന്നിവയിലൂടെ കടന്നുപോകുന്നു.
ജൂലൈ 11 വരെ വടക്കേ ഇന്ത്യയിൽ കനത്ത മഴയ്ക്ക് സാധ്യത
ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്‌മീർ, ഉത്തർപ്രദേശിൻ്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ജൂലൈ 11 വരെ വ്യാപകമായ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചു. ആഴ്‌ചയിലെ വിവിധ ദിവസങ്ങളിൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ കനത്ത മഴയിൽ അളകനന്ദ കരകവിഞ്ഞൊഴുകി. പ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരും
വടക്ക്, മധ്യ, പടിഞ്ഞാറൻ, ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. തീരദേശമായ കർണാടക, കേരളം, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ വരെയാകാമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ഛത്തീസ്‌ഗഡ്, കൊങ്കൺ, ഗുജറാത്ത് എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
മധ്യ ഇന്ത്യ വ്യാപക മഴയ്ക്ക് സാക്ഷ്യം വഹിക്കും
ജൂലൈ 11 വരെ പടിഞ്ഞാറൻ മധ്യപ്രദേശ്, കിഴക്കൻ മധ്യപ്രദേശ്, വിദർഭ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ വ്യാപക മഴ ലഭിക്കാൻ സാധ്യതയുണ്ട്. മധ്യപ്രദേശിലും വിദർഭയിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. അതേസമയം ഛത്തീസ്‌ഗഡിൽ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നു. ഗംഗാ നദിയിലെ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ ഈ ആഴ്‌ച വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ട്. ബീഹാർ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു.
കൊങ്കൺ തീരമായ ഗോവ, ഗുജറാത്ത് മേഖല, മധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ വ്യാപകമായി മഴ പ്രതീക്ഷിക്കുന്നു. ജൂലൈ 6–7 തീയതികളിൽ കൊങ്കൺ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ വളരെ കനത്ത മഴ പ്രതീക്ഷിക്കുന്നു.








