ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദവും നാടകീയവുമായ 1975-77 ലെ ദേശീയ അടിയന്തരാവസ്ഥാ കാലഘട്ടം ഇനി സ്‌കൂൾ ക്ലാസ്റൂമുകളിലും സജീവ ചർച്ചയാകും. നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആര്‍ടി) ഒൻപതാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്‌തകമായ ‘അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുസ്തകത്തിലാണ് ഈ ഭാഗം പുതുതായി ചേർത്തത്. ചരിത്രത്തിലാദ്യമായാണ് ഒൻപതാം ക്ലാസ് വിദ്യാർഥികൾക്കായി അടിയന്തരാവസ്ഥ ഒരു പ്രത്യേക പാഠഭാഗമായി മാറുന്നത്.
ജനാധിപത്യം നേരിട്ട അഗ്നിപരീക്ഷ
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 1970-കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധി സർക്കാരിനെതിരെ ഉയർന്ന ജനരോഷം, തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണപരാജയം എന്നിവയാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ച പശ്ചാത്തലമായി പുസ്തകം വിവരിക്കുന്നത്. അടിയന്തരാവസ്ഥാ കാലഘട്ടത്തിൽ ഭൂരിഭാഗം മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടിരുന്നതിനാൽ ഇന്ത്യൻ ജനാധിപത്യം നേരിട്ട “ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായാണ്” ഇതിനെ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആര്‍ടി) അടിയന്തരാവസ്ഥയെ കുറിച്ച് പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു ഭാഗം ചേർക്കുന്നത് ഇതാദ്യമാണെന്ന് എൻ.സി.ഇ.ആർ.ടി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 1975-ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം രാജ്യം അടുത്തിടെ ആചരിച്ച പശ്ചാത്തലത്തിലാണ് സ്കൂൾ പാഠ്യപദ്ധതിയിലെ ഈ സുപ്രധാന കൂട്ടിച്ചേർക്കൽ.
“ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് രേഖപ്പെടുത്തപ്പെട്ടത് 1975-77 കാലഘട്ടത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോഴാണ്. 1970-കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അതൃപ്തി വർധിച്ചുവന്നു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഭരണപരാജയത്തെക്കുറിച്ചുള്ള ആരോപണങ്ങൾ എന്നിവ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി,” എന്ന് പാഠപുസ്തകത്തിലെ ഭാഗം വ്യക്തമാക്കുന്നു.
“1975 ജൂണിൽ, ആഭ്യന്തര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാർ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ കാലയളവിൽ ഭൂരിഭാഗം മൗലികാവകാശങ്ങളും സസ്പെൻഡ് ചെയ്യപ്പെടുകയും മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുകയും നിരവധി രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദത്തിലാവുകയും പൗരന്മാരുടെ സ്വാതന്ത്ര്യനുമേല്‍ കടന്നുകയറുകയും ചെയ്‌തു” എന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ജയപ്രകാശ് നാരായണൻ വഹിച്ച പങ്കും പുസ്തകം എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയ നേതാവും സോഷ്യലിസ്റ്റ് ചിന്തകനുമായ, ‘ലോക് നായക്’ എന്ന് ജനപ്രിയമായി അറിയപ്പെടുന്ന ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ നടന്ന ജനകീയ പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് ബിഹാറിലും ഗുജറാത്തിലും വിദ്യാർഥികളെയും പൗരന്മാരെയും അണിനിരത്തി.
1977-ൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും പൊതുതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു, ഇത് ബാലറ്റിലൂടെ ജനങ്ങൾക്ക് തങ്ങളുടെ വികാരം പ്രകടിപ്പിക്കാൻ അവസരമൊരുക്കി. ഭരണകക്ഷിയുടെ പരാജയം ഇന്ത്യൻ ജനാധിപത്യത്തിൻ്റെ കരുത്ത് തെളിയിക്കുകയും ജനാധിപത്യത്തിന്റെ പ്രാധാന്യം വിളിച്ചോതുകയും ചെയ്തു എന്ന് പുസ്തകത്തിൽ പറയുന്നു.
ജനാധിപത്യ വ്യവസ്ഥകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള വിപുലമായ ചർച്ചകളുടെ ഭാഗമായാണ് അടിയന്തരാവസ്ഥയെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് പുറമെ വ്യാജവാർത്തകൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പൊതുനിയമങ്ങളുടെ ലംഘനം, ദാരിദ്ര്യം, പ്രാദേശികവാദം, സാമൂഹിക വിവേചനം, ലിംഗ അസമത്വം എന്നിവയും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളായി ഈ അധ്യായത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
ക്ലാസ് മുറിയിലെ പഠനത്തെ പൗരന്മാർ എന്ന നിലയിലുള്ള തങ്ങളുടെ ചുമതലകളുമായും ജനാധിപത്യ പ്രക്രിയകളിലെ പങ്കാളിത്തവുമായും ബന്ധിപ്പിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി “ഡെമോക്രസി ആൻഡ് യു” എന്ന പുതിയൊരു വിഭാഗവും എൻ.സി.ഇ.ആർ.ടി ആദ്യമായി ഈ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരാവസ്ഥയ്ക്ക് പുറമെ, ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങൾക്കും സ്ഥാപനങ്ങൾക്കും പുതുക്കിയ പാഠപുസ്തകം വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യയിലെ ജനാധിപത്യ സമ്പ്രദായങ്ങളെ പ്രാചീന ചരിത്രകാലം മുതൽ കണ്ടെത്തുകയും സമകാലിക ഭരണത്തിൽ അവയുടെ പ്രസക്തി പരിശോധിക്കുകയും ചെയ്യുന്നു.
മാധ്യമങ്ങളെ ജനാധിപത്യത്തിൻ്റെ നാലാം തൂണ് എന്നും പുസ്‌തകത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്, പൊതുജനങ്ങളുടെ ആശങ്കകൾ ഉച്ചത്തിലാക്കുന്നതിലും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള പ്രത്യേക ഭാഗവും പുസ്തകത്തിലുണ്ട്.
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ വ്യാപ്തി വ്യക്തമാക്കുന്നതിനായി വോട്ടർമാരുടെ പങ്കാളിത്തം, പോളിംഗ് ഇൻഫ്രാസ്ട്രക്ചർ, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും കണക്കുകളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024-ൽ ഇന്ത്യയിൽ 96.8 കോടിയിലധികം രജിസ്റ്റർ ചെയ്ത വോട്ടർമാർ ഉണ്ടായിരുന്നുവെന്നും രാജ്യത്തുടനീളമുള്ള പോളിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലയെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നു.
കൂടാതെ, ഭരണത്തിൽ പൗരന്മാരുടെ പങ്കാളിത്തം കാണിക്കുന്നതിനായി ഗുജറാത്തിലെ ഒരു പഞ്ചായത്തും ത്രിപുരയിലെ സ്ത്രീസൗഹൃദ പഞ്ചായത്തും ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ കേസ് സ്റ്റഡികളും ഈ അധ്യായത്തിൽ ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീകളുടെ വോട്ടവകാശത്തിനും തദ്ദേശ സ്ഥാപനങ്ങളിലെ സംവരണത്തിനുമായി മറ്റൊരു പ്രത്യേക വിഭാഗവും പുസ്തകത്തിൽ മാറ്റിവച്ചിരിക്കുന്നു.
എതിര്‍ത്ത് കോണ്‍ഗ്രസ്
അതേസമയം, കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് രംഗത്തെത്തി. കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമ്പോഴെല്ലാം, ചരിത്രത്തെ തങ്ങൾക്ക് താല്പര്യമുള്ള രീതിയിൽ അവതരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള വെല്ലുവിളികളാണ് നിലവിൽ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ, മാധ്യമങ്ങൾ, ജുഡീഷ്യറി, ബ്യൂറോക്രസി, ഇലക്ഷൻ കമ്മീഷൻ എന്നിവയെല്ലാം ഉപയോഗിച്ച് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുകയാണ് ചെയ്യുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു സർക്കാർ ഇത്തരം ഭരണഘടനാ സ്ഥാപനങ്ങളെ ഇത്രത്തോളം ദുരുപയോഗം ചെയ്യുന്നതെന്നും സച്ചിൻ പൈലറ്റ്








