4399 ദിവസങ്ങൾ, ചരിത്രം തിരുത്തി മോദി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടര്‍ച്ചയായി ഭരിച്ച പ്രധാനമന്ത്രി

0
2
New Delhi, Apr 01 (ANI): Prime Minister Narendra Modi chairs a meeting of the Cabinet Committee on Security (CCS) in New Delhi on Wednesday. (PMO/ANI Photo)

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്‌ചയോടെ കേന്ദ്ര ഭരണത്തിൻ്റെ അമരത്ത് 12 വർഷം പൂർത്തിയാക്കിയ അദ്ദേഹം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം സ്വന്തമാക്കി.

തുടർച്ചയായി 4,399 ദിവസങ്ങൾ പ്രധാനമന്ത്രി പദവിയിൽ പൂർത്തിയാക്കിയാണ് നരേന്ദ്ര മോദി ഈ അപൂർവ റെക്കോഡ് നേടിയത്. രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച 4,398 ദിവസങ്ങളുടെ റെക്കോഡാണ് മോദി മറികടന്നത്.

ചരിത്ര പശ്ചാത്തലം

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 14 വർഷത്തിലേറെ രാജ്യം ഭരിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭരണം തുടർച്ചയായുള്ളതായിരുന്നില്ല. ജവഹർലാൽ നെഹ്‌റു 1947 മുതൽ 1964 വരെ പ്രധാനമന്ത്രിയായിരുന്നുവെങ്കിലും, 1947 മുതൽ 1952 വരെയുള്ളത് ഇടക്കാല സർക്കാരായിരുന്നു. 1952-ലെ ആദ്യ ജനാധിപത്യ പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള നെഹ്‌റുവിൻ്റെ ഭരണകാലയളവ് കണക്കിലെടുത്താണ് ഈ താരതമ്യം. ഇത് പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി.

2014-ൽ ആദ്യമായി അധികാരമേറ്റ നരേന്ദ്ര മോദി, 2019-ലും തുടർന്ന് 2024-ൽ ചരിത്രപരമായ മൂന്നാം വട്ടവും ജനവിധി നേടി ഭരണം തുടരുകയാണ്. പുതിയ പാർലമെൻ്റ്‌ മന്ദിരം, സെൻട്രൽ വിസ്‌ത പുനർവികസനം, കർത്തവ്യ പഥ്, വന്ദേ ഭാരത് ട്രെയിനുകൾ, സ്റ്റാച്യു ഓഫ് യൂണിറ്റി, ഐ.എൻ.എസ് വിക്രാന്ത്, കശ്‌മീർ റെയിൽ ലിങ്ക്, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം, നമോ ഭാരത് ആർ.ആർ.ടി.എസ്, ഗംഗാ എക്‌പ്രസ് വേ എന്നിവയുൾപ്പെടെയുള്ള പ്രമുഖ അടിസ്ഥാന സൗകര്യ-രാഷ്ട്ര നിർമാണ പദ്ധതികളാൽ അടയാളപ്പെടുത്തപ്പെട്ടതുകൂടിയാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ കാലഘട്ടം.

ഈ ചരിത്ര മുഹൂർത്തവും കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ 12 വർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷവും പ്രമാണിച്ച് ബുധനാഴ്‌ച തലസ്ഥാന നഗരിയിൽ ഒരു സുപ്രധാന യോഗം ചേരുകയാണ്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഈ വൻ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സി, അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാൻ, ജെ.പി നദ്ദ എന്നിവർ പങ്കെടുക്കും.

കൂടാതെ, എൻ.ഡി.എ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും സഖ്യകക്ഷികളുടെ പ്രമുഖ നേതാക്കളും യോഗത്തിൽ അണിനിരക്കും. ജവഹർലാൽ നെഹ്‌റുവിൻ്റെ റെക്കോഡ് മറികടന്ന് പുതിയ ചരിത്രം കുറിച്ച പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചുകൊണ്ട് യോഗത്തിൽ പ്രത്യേക പ്രമേയം പാസാക്കും. വരും വർഷങ്ങളിലെ വികസന മുൻഗണനകൾ, ഭരണപരമായ നയങ്ങൾ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വെല്ലുവിളികൾ നേരിടാനുള്ള രാഷ്ട്രീയ റിപ്പോര്‍ട്ട് എന്നിവയും യോഗത്തിൽ ചർച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here