ആഘോഷവേളകളിൽ കണ്ണുകളെ സംരക്ഷിക്കാൻ 5 വഴികൾ

0
1

ബോളിവുഡ് താരങ്ങളെപ്പോലെ തിളങ്ങാൻ കടുത്ത മേക്കപ്പും തിളങ്ങുന്ന ഐഷാഡോയും കൃത്രിമ കൺപീലികളും വെച്ച് ആഘോഷങ്ങൾക്ക് ഇറങ്ങുകയാണോ നിങ്ങൾ? എന്നാൽ മണിക്കൂറുകൾക്കകം കണ്ണിൽ നിന്ന് വെള്ളം വന്ന് മേക്കപ്പ് ഒലിച്ചിറങ്ങി ആകെ അലങ്കോലമാകുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ആഘോഷവേളകളിലെ ഇത്തരം കടുത്ത മേക്കപ്പുകൾ സെൻസിറ്റീവായ കണ്ണുകൾക്ക് വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്.

നവരാത്രി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ആദ്യ ദിനങ്ങൾക്ക് ശേഷം കണ്ണുകൾക്ക് ചൊറിച്ചിലും നീരും അനുഭവപ്പെട്ട് നിരവധി പേരാണ് ആശുപത്രികളിൽ എത്തുന്നതെന്ന് മുംബൈ ചെമ്പൂരിലെ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിലെ കോർണിയ, തിമിരം, റിഫ്രാക്റ്റീവ് സർജൻ കൺസൾട്ടൻ്റായ ഡോ. മിനാൽ കൻഹേരെ പറയുന്നു. സൗന്ദര്യവർധക വസ്തുക്കളാണ് ഇതിന് പ്രധാന കാരണം. പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ മണിക്കൂറുകളോളം തിളങ്ങുന്ന ഐഷാഡോ, കട്ടി കൂടിയ ഐലൈനർ, മസ്കാര, കാജൽ എന്നിവ ഉപയോഗിക്കുന്നത് കണ്ണുകളെ പ്രതികൂലമായി ബാധിക്കും. സെൻസിറ്റീവായ കണ്ണുകൾ ഉള്ളവർക്കാണ് ഇത് പെട്ടെന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കണ്ണുകളുടെ ആരോഗ്യത്തിനായി അഞ്ച് പ്രധാന മുൻകരുതലുകൾ ഡോക്ടർ നിർദേശിക്കുന്നുണ്ട്.

പുതിയ ഉത്പന്നങ്ങൾ പരിശോധിക്കുക
ഏതെങ്കിലും പുതിയ മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് നിർബന്ധമായും പാച്ച് ടെസ്റ്റ് ചെയ്യണം. ആഘോഷ ദിവസത്തിന് ഒന്നോ രണ്ടോ ദിവസം മുൻപ് തന്നെ ഇത് ചെയ്തിരിക്കണം. ചെവിയുടെ പിന്നിലോ കൈത്തണ്ടയിലോ അല്പം പുരട്ടി 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കുക. ചർമ്മത്തിൽ ചുവപ്പോ ചൊറിച്ചിലോ നീരോ വന്നാൽ അത് ഒരിക്കലും കണ്ണുകൾക്ക് സമീപം ഉപയോഗിക്കരുത്. സുഗന്ധമില്ലാത്തതും ഹൈപ്പോഅലർജെനിക് ആയതുമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. കാരണം സുഗന്ധദ്രവ്യങ്ങളും പ്രിസർവേറ്റീവുകളും കണ്ണുകളിൽ അലർജിക്ക് കാരണമാകും.

വാട്ടർലൈനിൽ കാജൽ വേണ്ട
കീഴ്കൺപോളയുടെ ഉള്ളിലെ അരികിലൂടെ കാജൽ എഴുതുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് വളരെ അപകടകരമാണ്. കണ്ണുനീർ വറ്റിപ്പോകാതെ സൂക്ഷിക്കുന്ന എണ്ണ ഗ്രന്ഥികൾ ഈ അരികിലാണ് തുറക്കുന്നത്. മേക്കപ്പ് ഉത്പന്നങ്ങൾ ഈ ഗ്രന്ഥികളെ അടയ്ക്കുകയും, ഇത് കൺകുരുവിനും കണ്ണുകൾ വരളുന്നതിനും കാരണമാവുകയും ചെയ്യും. ഇതിലെ രാസവസ്തുക്കൾ കണ്ണിൻ്റെ ഉപരിതലത്തിലേക്ക് പടരാനും സാധ്യതയുണ്ട്. അതിനാൽ കൺപീലികളുടെ പുറംഭാഗത്ത് മാത്രം ലിക്വിഡ് ലൈനർ ഉപയോഗിച്ച് എഴുതുന്നതാണ് സുരക്ഷിതം. വിയർക്കുമ്പോൾ വാട്ടർലൈനിലെ മേക്കപ്പ് നേരിട്ട് കണ്ണിലേക്ക് ഒഴുകിയിറങ്ങാനും സാധ്യതയുണ്ട്.

ഗ്ലിറ്ററുകളും കൃത്രിമ പീലികളും
കണ്ണുകളിൽ ഉപയോഗിക്കുന്ന ഗ്ലിറ്ററുകൾ കോർണിയയിൽ പോറൽ ഏൽപ്പിക്കാൻ കാരണമാകും. ഇത് കടുത്ത വേദനയ്ക്കും കോർണിയയിലെ അണുബാധയ്ക്കും വഴിവയ്ക്കും. അതിനാൽ കണ്ണുകൾക്ക് വേണ്ടി മാത്രം നിർമിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കുക. ലൂസ് പൗഡറുകളേക്കാൾ ക്രീം അല്ലെങ്കിൽ പ്രസ്ഡ് ഐഷാഡോകളാണ് കൂടുതൽ സുരക്ഷിതം. കൃത്രിമ കൺപീലികൾ ഉപയോഗിക്കുന്നവർ ലാറ്റക്സ് ഇല്ലാത്ത പശ തിരഞ്ഞെടുക്കാനും, അത് പീലികളുടെ വേരുകളിൽ തട്ടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കണം.

കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നവർ മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ലെൻസ് വയ്ക്കുകയും, മേക്കപ്പ് നീക്കം ചെയ്യുന്നതിന് മുൻപ് അത് ഊരിമാറ്റുകയും വേണം. നൃത്തം ചെയ്യുമ്പോഴോ മറ്റോ കണ്ണുകൾക്ക് വരൾച്ച അനുഭവപ്പെട്ടാൽ ഉടൻ തന്നെ ലെൻസ് മാറ്റണം.

മേക്കപ്പ് ഉത്പന്നങ്ങൾ പങ്കുവയ്ക്കരുത്
സുഹൃത്തുക്കളുമായി കാജൽ പെൻസിലോ മസ്കാരയോ പങ്കുവയ്ക്കുന്നത് ചെങ്കണ്ണ് പോലുള്ള രോഗങ്ങൾ പകരാൻ കാരണമാകും. സ്വന്തമായി മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിക്കാനും, ഓരോ തവണ ഉപയോഗിക്കുന്നതിന് മുൻപും പെൻസിലുകൾ മൂർച്ച കൂട്ടാനും ശ്രദ്ധിക്കണം. മസ്കാര മൂന്ന് മാസത്തിന് ശേഷവും ലിക്വിഡ് ലൈനർ ആറ് മാസത്തിന് ശേഷവും മാറ്റേണ്ടതാണ്. ഉണങ്ങിപ്പോയ ഉത്പന്നങ്ങൾ ഉപേക്ഷിക്കുക. അവയിൽ വെള്ളമോ ഉമിനീരോ ചേർത്ത് ഉപയോഗിക്കുന്നത് ബാക്ടീരിയകൾ പെരുകാൻ കാരണമാകും. ഇത് കർശനമായും ഒഴിവാക്കണം.

ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് മാറ്റുക
എത്ര വൈകി ഉറങ്ങാൻ കിടന്നാലും കണ്ണുകളിലെ മേക്കപ്പ് പൂർണമായും നീക്കം ചെയ്തുവെന്ന് ഉറപ്പാക്കണം. രാത്രി മുഴുവൻ മേക്കപ്പ് നിലനിർത്തുന്നത് കൺപോളകളിലെ ഗ്രന്ഥികൾ അടയാനും കണ്ണിൻ്റെ ഉപരിതലത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാനും കാരണമാകും. കൈകൾ വൃത്തിയായി കഴുകിയ ശേഷം, സുഗന്ധമില്ലാത്ത റിമൂവർ ഉപയോഗിച്ച് കോട്ടൺ പാഡ് കൊണ്ട് മൃദുവായി തുടച്ചുമാറ്റുക. ഒരിക്കലും കണ്ണുകൾ അമർത്തി തിരുമ്മരുത്. പൊടിയോ ഗ്ലിറ്ററോ കണ്ണിൽ പോയാൽ ശുദ്ധജലം ഉപയോഗിച്ച് കഴുകിക്കളയണം.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
കണ്ണുകളിൽ വിട്ടുമാറാത്ത ചുവപ്പ്, വേദന, പ്രകാശത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട്, മങ്ങിയ കാഴ്ച, കൺപോളകളിൽ നീര് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു നേത്രരോഗ വിദഗ്ധനെ കാണണം. ഇത്തരം സാഹചര്യങ്ങളിൽ ബാക്കിവന്ന ഐ ഡ്രോപ്പുകളോ വീട്ടുചികിത്സകളോ ഉപയോഗിക്കരുത്. ചെറിയൊരു കരുതൽ നൽകിയാൽ ആഘോഷങ്ങൾക്ക് ശേഷവും നിങ്ങളുടെ കണ്ണുകൾ ആരോഗ്യത്തോടെയിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here