ആദ്യം ഹീറോയെ പോലെ തോന്നും, അവസാനം വില്ലനായി മാറും; ഉപേക്ഷിച്ചേ മതിയാകൂ പുകയില

0
8

“സിഗരറ്റ് വേണോയെന്ന് ചോദിക്കുമ്പോൾ വേണ്ട എന്ന് പറയുന്നതും ഒരു വിപ്ലവമാണ്” മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ കവിയുടെ വാക്കുകളാണ് ഇവ. ചിലപ്പോഴെല്ലാം നമ്മൾ ജീവിതത്തിൽ എടുക്കുന്ന ഇത്തരം ശക്തമായ തീരുമാനങ്ങൾ ഒരു വിപ്ലവം തന്നെയാണ്. ലഹരിക്ക് അടിമപ്പെട്ടുപോക്കുക, സമനില നഷ്‌ടമാക്കുക അങ്ങനെ തുടരും ലഹരിയുടെ പിടിയിൽപ്പെട്ടവരുടെ അവസ്ഥ. ഇതിൽ നിന്നും പുറത്തുകടക്കുന്നത് വിപ്ലവം തന്നെയാണ്.

പുകയിലയുടെ ഉപയോഗം കൂടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പലര്‍ക്കും ഇതില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. എങ്ങനെയാണ് പുകയില നമ്മളുടെ ആരോഗ്യത്തെ ബാധിക്കുക, ഇതില്‍ നിന്നും എങ്ങിനെ മുക്തി പ്രാപിക്കാം എന്നെക്കെ വിവരിക്കുകയാണ് സെക്കന്തരാബാദ് കിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റ് സർജിക്കൽ ഓങ്കോളജിസ്റ്റും റോബോട്ടിക് സർജനുമായ ഡോ മധു ദേവരഷെട്ടി.

പുകയില ഉപയോഗം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ്. ഒരു സിഗരറ്റ്, ഒരു ബീഡി, ഭക്ഷണത്തിനു ശേഷമുള്ള ഒരു ഗുട്ട്ക, അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പമുള്ള ഇടയ്ക്കിടെയുള്ള പുകവലി പലർക്കും ഇതെക്കെ ഒരു സന്തോഷമോ, ശീലമോ ആയിരിക്കാം. എന്നാൽ വർഷങ്ങൾക്കുശേഷം ഇതേ ശീലം വലിയ ശസ്ത്രക്രിയകൾക്കും, കീമോതെറാപ്പിക്കും, റേഡിയേഷൻ ചികിത്സകൾക്കും, ജീവിതശൈലിയിൽ സ്ഥിരമായ മാറ്റങ്ങൾക്കും, ചിലപ്പോൾ ജീവൻ തന്നെ നഷ്‌ടപ്പെടുന്നതിലേക്കും നയിക്കാം.

പുകയിലയുടെ ഏറ്റവും അപകടകരമായ പ്രത്യേകത അതിൻ്റെ നിശബ്‌ദതയാണ്. അത് ശരീരത്തെ പതുക്കെ, എന്നാൽ നിരന്തരമായി നശിപ്പിച്ചുകൊണ്ടിരിക്കും.പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോഴേക്കും രോഗം അതിൻ്റെ ഗുരുതര ഘട്ടത്തിലെത്തിയിട്ടുണ്ടാകും.

പൊതുജനാരോഗ്യ ഭീഷണിയിൽ നിന്ന് നിശബ്‌ദ മഹാമാരിയിലേക്ക്

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും 70 ലക്ഷത്തിലധികം ആളുകൾ പുകയില ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം മരണപ്പെടുന്നുണ്ട്. ഇന്ത്യയിൽ മാത്രം പ്രതിവർഷം ഏകദേശം 13.5 ലക്ഷം മരണങ്ങൾക്ക് പുകയില കാരണമാകുന്നുണ്ട്.

പുകയില ശരീരത്തിലെ ഒരു അവയവത്തെ മാത്രം ബാധിക്കുന്നതല്ല. രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ഹൃദ്രോഗത്തിൻ്റെയും പക്ഷാഘാതത്തിൻ്റെയും സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്നതോടൊപ്പം നിരവധി തരത്തിലുള്ള കാൻസറുകൾക്കും പുകയില ഉപയോഗം വഴിയൊരുക്കുന്നു.

ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളിൽ ഗണ്യമായൊരു പങ്ക് പുകയിലയുമായി ബന്ധപ്പെട്ടതാണ്. ചുണ്ട്, നാക്ക്, കവിളുകൾ, തൊണ്ട, ശ്വാസകോശം, അന്നനാളം, ആമാശയം, മൂത്രസഞ്ചി തുടങ്ങി ശരീരത്തിലെ നിരവധി അവയവങ്ങളിൽ പുകയില മൂലമുള്ള കാൻസറുകൾ രൂപപ്പെടാം. ഏറ്റവും ആശ്വാസകരമായ വസ്‌തുത എന്തെന്നാൽ, ഈ കാൻസറുകളിൽ പലതും പൂർണമായും തടയാൻ കഴിയുന്നതാണ്.

പുകവലി മൂലം മനുഷ്യ ജീവിതത്തെ തകർക്കുന്ന രോഗങ്ങൾ

  • ഹൃദ്രോ​ഗം

ലോകത്തിൽ നടക്കുന്ന മരണങ്ങളുടെ കണക്കിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമാകുന്ന രോ​ഗത്തിൽ ഒന്നാമതാണ് ഹൃദ്രോ​ഗം. മാറികൊണ്ടിരിക്കുന്ന ജീവിതശൈലി മുതൽ മോശം ശീലങ്ങൾ വരെ ഹൃദ്രോ​ഗത്തിന് കാരണമാകാം. മരിക്കുന്നവരിൽ ഭൂരിഭാ​ഗം ആളുകൾക്കും പുകവലിയ്ക്കുന്ന സ്വഭാവമുണ്ടായിരുന്നു. സി​ഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തസമ്മർ​ദ്ദം വർധിക്കാൻ കാരണമാകുന്നു. ഇത് ഹൃദ്രോ​ഗത്തിൻ്റെ പ്രധാന കാരണമാണ്. ഹൃദയത്തിൻ്റെ പ്രവർത്തനം നിലച്ചാൽ അത് പല തരത്തിലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകും.

  • സ്ട്രോക്ക്

സ്ട്രോക്ക് അഥവ പക്ഷാഘാതത്തിനും പുകവലി കാരണമാകാറുണ്ട്. നിസാരമെന്ന് തോന്നുമെങ്കിലും പുകവലി ഇത്തരത്തിലുള്ള വലിയോ രോഗങ്ങൾക്കാണ് കാരണമാകുന്നത്. തലച്ചോറിലേക്കുള്ള രക്തധമിനകൾക്ക് ഉണ്ടാകുന്ന തകരാറിൻ്റെ ഫലമായാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴൽ പൊട്ടുന്നതാണ് പ്രധാന പ്രശ്‌നം.

പുകവലിക്കുന്നവരെക്കാൾ കൂടുതലായി പാസീവ് സ്മോക്കിങ്ങ് ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്. ഒരാൾ വലിക്കുന്ന സിഗരറ്റിൻ്റെ പുകയിൽ നിന്നും അത് ശ്വസിക്കുന്നയാൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌ന ങ്ങളുണ്ടാവാം. 4000 ത്തോളം കെമിക്കലുകളും കാര്‍ബണ്‍ മോണോക്സൈഡ് അടക്കം 150 ലധികം മാരകവിഷങ്ങളുമാണ് പുകവലിക്കാര്‍ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടു മാസത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള 38 ശതമാനം കുഞ്ഞുങ്ങള്‍ വീടുകളിലെ പാസീവ് സ്മോക്കിംഗിന്റെ ഇരകളാണെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നുണ്ട്.

  • സഡൻ ഇൻഫൻ്റ് ഡെത്ത് സിൻഡ്രോം

പുക ശ്വസിക്കുന്ന കുഞ്ഞുങ്ങൾക്ക് ഈ സിൻഡ്രോം വരാനുള്ള സാധ്യത കൂടുതലാണ്, ഇത് ഒരു കുഞ്ഞ് പെട്ടെന്നും ഒരു കാരണവുമില്ലാതെ മരിക്കാനിടയാക്കുന്നു. ഈ പ്രശ്‌നങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന്, വീടുകളിലും പൊതുസ്ഥലങ്ങളിലും പുകവലി രഹിത പ്രദേശങ്ങൾ ഉണ്ടായിരിക്കേണ്ടത്

വളരെ പ്രധാനമാണ്. പൊതു ഇടങ്ങളിലെ പുകവലിക്കെതിരെയുള്ള നിയമങ്ങൾ, പുകവലി രഹിത വീടുകൾ പ്രോത്സാഹിപ്പിക്കുക, പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുക എന്നിവയെല്ലാം എക്സ്പോഷർ കുറയ്ക്കുന്നതിലും എല്ലാവരെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിലും വലിയ മാറ്റമുണ്ടാക്കും.

ശ്വാസകോശ അർബുദം

പുകവലിക്കുന്നവരെ ഏറ്റവും പ്രധാനമായി ബാധിക്കുന്ന രോഗമാണ് ശ്വാസകോശ അർബുദം. ശ്വാസകോശ അർബുദത്തിനുള്ള അപകട ഘടകമാണ് സിഗരറ്റ് വലിക്കുന്നതെന്ന് സിഡിസി പറയുന്നു. ‌‌ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ ഇടയുള്ള അവസ്ഥയാണ് ശ്വാസകോശ അർബുദം എന്ന് പറയുന്നത്. പുരുഷന്മാരിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. നിശബ്‌ദ കൊലയാളി എന്നാണ് ഇതിനെ വിളിക്കുന്നത്. രോഗ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെയോ അല്ലെങ്കിൽ ശ്രദ്ധിക്കാതെയോ പോകുമ്പോഴാണ് രോഗം മൂർച്ഛിക്കുന്നത്. പുക ശ്വസിക്കുന്ന സ്ത്രീകൾക്കും ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇതുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ

  • ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണുന്ന അർബുദം
  • സ്തനാർബുദം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം പേരിൽ കാണപ്പെടുന്ന കാൻസർ
  • കാൻസർ മൂലം മരണപ്പെടുന്നവരിൽ നാലിലൊരാൾ ശ്വാസകോശ അർബുദം ബാധിച്ച് മരിക്കുന്നവരാണ്
  • 80-90% ശ്വാസകോശ അർബുദവും പുകവലിയുടെ ഫലമാണ്. പുകവലിക്കാരിൽ 20% പേരും ശ്വാസകോശ അർബുദ രോഗികളായി മാറുന്നുവെന്നതാണ് വസ്‌തുത.
  • ആസ്‌തമ

ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് ആസ്‌തമ. ശ്വാസം എടുക്കാനും അതുപോലെ ശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രോഗവസ്ഥയാണിത്. പുകവലി ഉൾപ്പെടെയുള്ള പുക എല്ലാവർക്കും അനാരോഗ്യകരമാണ് പ്രത്യേകിച്ച് ആസ്‌തമയുള്ളവർക്ക്. വാതകങ്ങളുടെയും സൂക്ഷ്മകണങ്ങളുടെയും മിശ്രിതമാണ് ഈ പുകയിലുള്ളത്. സിഗരറ്റ്, ചുരുട്ട് അല്ലെങ്കിൽ പൈപ്പുകൾ പോലുള്ള പുകയില ഉൽപ്പന്നങ്ങൾ കത്തിക്കുന്നതിലൂടെ ഇത്തരം പുകയാണ് പുറത്തേക്ക് വരുന്നത്.

സുരക്ഷിതമായ പുകയില എന്നത് ഒരു മിഥ്യ

ഇന്ത്യയിൽ പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും നഗരപ്രാന്തങ്ങളിലും ഗുട്ട്ക, ഖൈനി, പാൻ മസാല, തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം വ്യാപകമാണ്. പലരും ഇവ പുകവലിയെക്കാൾ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിക്കുന്നു.

യാഥാർത്ഥ്യം അതിൻ്റെ വിപരീതമാണ്. വായിലെ കാൻസറുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഈ പുകയില ഉൽപ്പന്നങ്ങൾ. ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടെത്തപ്പെടുന്ന കാൻസറുകളിൽ ഒന്നാണ് വായിലെ കാൻസർ.

ഇതിനൊപ്പം കൗമാരക്കാരിലും യുവജനങ്ങളിലും വേഗത്തിൽ വ്യാപിക്കുന്ന വാപ്പിംഗ്, ഇ-സിഗരറ്റ് തുടങ്ങിയ പുതിയ നിക്കോട്ടിൻ ഉൽപ്പന്നങ്ങളും ആശങ്കാജനകമാണ്. ആധുനികവും ഫാഷനുമായ ഒരു ശീലമായി ഇവയെ അവതരിപ്പിക്കാറുണ്ടെങ്കിലും ആരോഗ്യത്തിന് ഗുരുതരമായ അപകടസാധ്യതകളാണ് ഇവ സൃഷ്‌ടിക്കുന്നത്.

വയോധികർക്ക് മാത്രമല്ല പുകയില വില്ലൻ

മുമ്പ് പുകയിലയുമായി ബന്ധപ്പെട്ട കാൻസറുകൾ കൂടുതലായും പ്രായമായവരിലാണ് കണ്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്.

മുപ്പതും നാൽപ്പതും വയസ്സുള്ള യുവാക്കളിൽ പോലും ഇത്തരം കാൻസറുകൾ വർധിച്ചുവരുന്നതായി ഡോക്‌ടർമാർ ചൂണ്ടിക്കാണിക്കുന്നു. ജീവിതത്തിൻ്റെഏറ്റവും സജീവമായ കാലഘട്ടത്തിൽ തന്നെ ഗുരുതര രോഗങ്ങൾ ബാധിക്കുന്ന ഈ സാഹചര്യം കുടുംബങ്ങളെയും സമൂഹത്തെയും ആഴത്തിൽ ബാധിക്കുന്നു. ഓരോ രോഗനിർണയത്തിനും പിന്നിൽ ഒരു കുടുംബത്തിൻ്റെ വേദനയും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും ഒളിഞ്ഞിരിക്കുന്നുണ്ട്.

അവഗണിക്കരുത് ഈ മുന്നറിയിപ്പുകൾ

  • രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന വായിലെ മുറിവുകൾ
  • ശബ്‌ദത്തിൽ സ്ഥിരമായ മാറ്റം അല്ലെങ്കിൽ കരകരപ്പ്
  • ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്
  • വിശദീകരിക്കാനാകാത്ത ശരീരഭാരം കുറയൽ
  • മലവിസർജനത്തിലെ മാറ്റങ്ങൾ
  • മൂത്രത്തിൽ രക്തത്തിൻ്റെ സാന്നിധ്യം
  • അമിതമായ ക്ഷീണം

പുകയില ഉപയോഗിക്കുന്നവർ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളാണ് ഇവ. ഈ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഒരു ഓങ്കോളജിസ്റ്റിനെയോ വിദഗ്‌ധ ഡോക്‌ടറെയോ സമീപിക്കണം.ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ അവഗണിക്കുന്നത് രോഗം കൂടുതൽ ഗുരുതരമാകാൻ കാരണമാകും.

കാൻസറിനെതിരെ സമൂഹം ഒന്നിക്കണം

കാൻസർ ഒരാളെ മാത്രമാണ് ബാധിക്കുന്നത്. എന്നാൽ അതിനെതിരെ പോരാടുന്നത് കുടുംബങ്ങളും ഡോക്‌ടർമാരും സമൂഹവും ചേർന്നാണ്. മാതാപിതാക്കൾ കുട്ടികളുമായി പുകയിലയുടെ അപകടങ്ങളെക്കുറിച്ച് തുറന്ന സംഭാഷണം നടത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബോധവൽക്കരണ പരിപാടികൾ ശക്തമാക്കണം. തൊഴിൽസ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പുകയില രഹിത അന്തരീക്ഷം സൃഷ്‌ടിക്കണം. ആരോഗ്യപ്രവർത്തകരും ഡോക്‌ടർമാരും പുകയില ഉപേക്ഷിക്കുന്നതിനുള്ള കൗൺസലിംഗും കാൻസർ സ്ക്രീനിംഗും കൂടുതൽ വ്യാപകമാക്കേണ്ടതുണ്ട്.

പ്രതിരോധമാണ് ഏറ്റവും മികച്ച ചികിത്സ

ആധുനിക വൈദ്യശാസ്ത്രം ഇന്ന് വലിയ മുന്നേറ്റങ്ങളാണ് കൈവരിച്ചിരിക്കുന്നത്. റോബോട്ടിക് സർജറി, ലക്ഷ്യബോധമുള്ള ചികിത്സകൾ, മെച്ചപ്പെട്ട റേഡിയേഷൻ സാങ്കേതികവിദ്യകൾ എന്നിവ കാൻസർ ചികിത്സയിൽ വലിയ പ്രതീക്ഷകൾ നൽകുന്നു. എന്നാൽ ഒരു സാങ്കേതികവിദ്യയ്ക്കും പുകയില മൂലമുള്ള രോഗങ്ങൾ സൃഷ്‌ടിക്കുന്ന വേദന പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും മികച്ച ചികിത്സ.

ഈ ലോക പുകയില വിരുദ്ധ ദിനത്തിൽ നമുക്ക് ഒരു പ്രതിജ്ഞ എടുക്കാം. പുകയില ഉപയോഗിക്കുന്നവർ അത് ഉപേക്ഷിക്കാനായി ആദ്യ ചുവടുവെക്കുക. ഉപയോഗിക്കാത്തവർ മറ്റൊരാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കുക. പുകയില മൂലമുള്ള കാൻസറിനെതിരായ ഏറ്റവും ഫലപ്രദമായ പോരാട്ടം അത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ തടയുക എന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here