ബെംഗളൂരൂ: ഇന്ന് നടക്കുന്ന കർണാടക കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ അധികാര കൈമാറ്റം ഉറപ്പാക്കിയതിന് പിന്നാലെ, മന്ത്രിസഭാ അംഗങ്ങൾ, എംഎൽസിമാർ, രാജ്യസഭാ നോമിനികൾ എന്നിവരുമായി കോൺഗ്രസ് വെള്ളിയാഴ്‌ച കൂടിയാലോചനകൾ നടത്തി .
ശനിയാഴ്‌ച വൈകുന്നേരം നാല് മണിക്ക് വിധാന്‍ സൗധ കോൺഫറൻസ് ഹാളിൽ വച്ചാണ് യോഗം നടക്കുകയെന്ന് നിയമസഭാ പാർട്ടി സെക്രട്ടറി അല്ലാമ പ്രഭു പാട്ടീൽ എംഎൽഎമാർക്ക് അയച്ച കത്തിൽ പറഞ്ഞു. വെള്ളിയാഴ്‌ച മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യയുടെ രാജി ഗവർണർ തവർ ചന്ദ് ഗെലോട്ട് സ്വീകരിച്ച് മന്ത്രിസഭ പിരിച്ചുവിട്ടതിന് ശേഷമാണ് ഈ യോഗം നിശ്ചയിച്ചിരിക്കുന്നത്. സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ. ശിവകുമാറിനെ ഇന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കും.
നിലവിലെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ യോഗത്തിൽ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡൻ്റ് ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറിയും കർണാടക സംസ്ഥാന ചുമതലയുമുള്ള രൺദീപ് സിംഗ് സുർജേവാല, നിയമസഭാ കൗൺസിൽ സ്‌പീക്കർ എൻ.എസ്. ബൊസരാജു, പാർട്ടി വർക്കിംഗ് പ്രസിഡൻ്റ്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. എല്ലാ എംഎൽഎമാരും നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടത് നിർബന്ധമാണെന്ന് കത്തിൽ പറയുന്നു.
ഇതിനിടയിൽ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള നേതൃത്വ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഹൈക്കമാൻഡിൻ്റെ നിർദ്ദേശപ്രകാരം വ്യാഴാഴ്‌ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഡൽഹിയിലേക്ക് പോയി. വെള്ളിയാഴ്‌ച ഇരു നേതാക്കളും കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്‌ച നടത്തി അധികാര കൈമാറ്റത്തെക്കുറിച്ചും പുതിയ മന്ത്രിസഭ രൂപീകരണത്തെക്കുറിച്ചും ചർച്ച ചെയ്‌തു
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകാന്‍ സാധ്യത
സിദ്ധരാമയ്യയുടെ രാജിക്ക് ശേഷം അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. നിയമസഭാ കക്ഷി യോഗത്തിന് ശേഷം അടുത്ത മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത.
വ്യാഴാഴ്‌ച സിദ്ധരാമയ്യയുടെ വസതിയിൽ മന്ത്രിസഭാ സഹപ്രവർത്തകർക്കായി ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. തുടർന്ന് ലോക്‌ഭവനിലെത്തി രാജി കത്ത് സമർപ്പിക്കുകയും സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി അറിയിക്കാൻ സമ്മേളനം നടത്തുകയും ചെയ്‌തു. സിദ്ധരാമയ്യയുടെ രാജിയിൽ സംസ്ഥാനത്തെ കോൺഗ്രസ്സ് പ്രവർത്തകർ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.







