അമിതഭാരത്തെ സ്വന്തം വീഴ്ചയായി കണ്ട് സ്വയം പഴിക്കുന്ന ശീലമാണ് ഇന്ത്യക്കാർക്കിടയിൽ പൊതുവെയുള്ളത്. കുറച്ചുമാത്രം ഭക്ഷണം കഴിക്കുക, കൃത്യമായ അച്ചടക്കം പാലിക്കുക, മടി ഉപേക്ഷിക്കുക തുടങ്ങിയ ഉപദേശങ്ങളാണ് അമിതഭാരമുള്ളവർക്ക് സാധാരണയായി ലഭിക്കുന്നത്. എന്നാൽ, യഥാർഥ പ്രശ്നം അത്ര ലഘുവല്ല എന്നതാണ് പ്രധാന വസ്തുത.
വെറും കലോറിയുടെ അളവ് മാത്രമല്ല, ജീവശാസ്ത്രപരമായ കാരണങ്ങൾ, മോശം ചുറ്റുപാടുകൾ, മാനസികാരോഗ്യം, നഗരവത്കരണം, സാമ്പത്തിക പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, മാനസിക സമ്മർദം തുടങ്ങി ആധുനിക ഇന്ത്യയിലെ ജീവിതരീതികൾ വരെ അമിതഭാരത്തിന് പ്രധാന കാരണമാകുന്നുണ്ട്.
ഐസിഎംആറിൻ്റെ പുതിയ പഠനം
രാജ്യത്ത് അമിതഭാരം വലിയൊരു ആരോഗ്യ പ്രതിസന്ധിയായി മാറുന്ന സാഹചര്യത്തിൽ സമഗ്രമായ പഠനത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇന്ത്യക്കാരിൽ അമിതഭാരം തടയുന്നതിനും നിയന്ത്രിക്കുന്നതിനും പ്രായോഗികമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്താനായി ദേശീയ തലത്തിൽ ബൃഹത്തായ പദ്ധതിക്ക് ഐസിഎംആർ തുടക്കം കുറിച്ചു. ദേശീയ കുടുംബാരോഗ്യ സർവേയുടെ (എൻഎഫ്എച്ച്എസ്-5) കണക്കുകൾ പ്രകാരം പ്രായപൂർത്തിയായ നാല് ഇന്ത്യക്കാരിൽ ഒരാൾ വീതം അമിതഭാരം ഉള്ളവരാണ്. നഗരങ്ങളിലെ സമ്പന്നരുടെ മാത്രം പ്രശ്നമായി ഇതിനെ കാണാൻ കഴിയില്ല.
വരുമാന വ്യത്യാസമില്ലാതെ മെട്രോ നഗരങ്ങളിൽ നിന്ന് ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഈ പ്രശ്നം ഇപ്പോൾ വ്യാപിച്ചിരിക്കുന്നു. എന്നാലും, അമിതഭാരമുള്ള എല്ലാവരും അനാരോഗ്യകരമായ ഉപാപചയ പ്രവർത്തനങ്ങളും (മെറ്റബോളിസം) രോഗങ്ങളും നേരിടുന്നവരാകണമെന്നില്ല. അതുപോലെ തന്നെ, മെലിഞ്ഞ ശരീരപ്രകൃതിയുള്ള എല്ലാവരും പൂർണ്ണ ആരോഗ്യവാന്മാരാണെന്നും ഒറ്റനോട്ടത്തിൽ പറയാൻ കഴിയില്ല.
അമിതഭാരം കാഴ്ചയിലല്ല
സ്ഥിരമായി കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്ന ചിലർക്ക് പ്രമേഹവും കൊളസ്ട്രോളും സാധാരണ നിലയിലായിരിക്കുന്നത് കാണാം. എന്നാൽ ഒറ്റനോട്ടത്തിൽ ആരോഗ്യവാനെന്ന് തോന്നുന്ന മറ്റൊരാൾക്ക് പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ബോഡി മാസ് ഇൻഡക്സിനെ (ബിഎംഐ) അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകൾ പുനഃപരിശോധിക്കാൻ വിദഗ്ധർ നിർബന്ധിതരാകുകയാണ്. വെറുമൊരു ത്രാസിൽ നോക്കി ശരീരഭാരം നിർണയിക്കുന്നതിനേക്കാൾ സങ്കീർണമാണ് അമിതഭാരമെന്ന പ്രശ്നമെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ഇതിൻ്റെ യഥാർഥ കാരണങ്ങൾ കണ്ടെത്താനായി ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഗവേഷകരിൽ നിന്നും പൂർത്തിയായതും നിലവിൽ നടക്കുന്നതുമായ പഠനങ്ങളുടെ വിവരങ്ങൾ ഐസിഎംആർ ശേഖരിക്കുന്നുണ്ട്. ഭക്ഷണരീതിയിലെ മാറ്റങ്ങൾ, വ്യായാമം, പെരുമാറ്റ കൗൺസിലിങ് തുടങ്ങിയ മാർഗങ്ങൾ ആർക്കൊക്കെയാണ് ഫലപ്രദമാകുക എന്നതിനെക്കുറിച്ചാണ് പ്രധാനമായും പഠനം നടത്തുന്നത്. ആരോഗ്യകരമായ ഭക്ഷണം വിലയേറിയതാകുകയും, വ്യായാമത്തിന് സുരക്ഷിതമായ ഇടങ്ങൾ ഇല്ലാതിരിക്കുകയും, ജീവിതരീതികൾ തീരെ അനുയോജ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സാലഡ് കഴിക്കുക എന്ന ഉപദേശം പ്രായോഗികമായി വിജയിക്കില്ല.
ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ചിലർക്ക് മാത്രം ഫലപ്രദമാകുന്നതിൻ്റെ കാരണം കണ്ടെത്താനായി പ്രായം, ലിംഗം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ഭക്ഷണരീതി, അടിസ്ഥാന ആരോഗ്യം, ജീവിതശൈലി തുടങ്ങിയ വിവിധ ഘടകങ്ങൾ ഈ പദ്ധതിയിലൂടെ വിശകലനം ചെയ്യും. വ്യക്തികളുടെ പേരുവിവരങ്ങൾ ഒഴിവാക്കി ബിഎംഐ, ശരീരത്തിൻ്റെ അളവുകൾ, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ വിവരങ്ങൾ ഗവേഷകർ പരസ്പരം പങ്കുവയ്ക്കും.
ശരീരഭാരം വർധിക്കുക എന്നത് മാത്രമല്ല അമിതഭാരം മൂലമുണ്ടാകുന്ന പ്രത്യാഘാതമെന്ന് ഫരീദാബാദിലെ ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയിലെ ബേരിയാട്രിക് സർജറി വിഭാഗം സീനിയർ ഡയറക്ടർ ഡോ. ബി.ഡി പാഠക് ചൂണ്ടിക്കാട്ടുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഫാറ്റി ലിവർ, സന്ധികളിലെ പ്രശ്നങ്ങൾ, ചില കാൻസറുകൾ എന്നിവയുമായി അമിതഭാരത്തിന് അടുത്ത ബന്ധമുണ്ട്. ഈ രോഗങ്ങളിൽ പലതും മനുഷ്യശരീരത്തിൽ പതുക്കെ വികസിക്കുകയും സങ്കീർണതകൾ തുടങ്ങുന്നത് വരെ ശ്രദ്ധിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. കാഴ്ചയിൽ അമിതഭാരമില്ലാത്ത വ്യക്തികളിൽ പോലും ഉപാപചയ മാറ്റങ്ങൾ ഉണ്ടാകാമെന്നും അതിനാൽ രൂപം കണ്ട് മാത്രം അമിതഭാരം നിർവചിക്കാനാകില്ലെന്നും ഡോ. പാഠക് വ്യക്തമാക്കുന്നു.
താൽക്കാലിക ഡയറ്റിങ് പരിഹാരമല്ല
ഡയറ്റിങ് പലപ്പോഴും പരാജയപ്പെടുന്നതിന് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുമുണ്ട്. ക്ലിനിക്കൽ കാഴ്ചപ്പാടിൽ അമിതഭാരം എന്നത് ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു രോഗമാണെന്നാണ് ഡോ. പാഠക് പറയുന്നത്. താൽക്കാലിക നടപടികൾ പലപ്പോഴും ഹ്രസ്വകാല മാറ്റങ്ങൾക്ക് മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഘോഷങ്ങൾക്ക് മുൻപായി ഭക്ഷണം കുറച്ച് താൽക്കാലികമായി ഭാരം നിയന്ത്രിക്കുന്നത് യഥാർഥ പ്രശ്നത്തിന് ഒരിക്കലും ശാശ്വതമായ പരിഹാരമാകില്ല. മികച്ച ഭക്ഷണം, കൃത്യമായ വ്യായാമം, ഉറക്കം, ചിട്ടയായ ശീലങ്ങൾ എന്നിവയടങ്ങിയ ആരോഗ്യകരമായ ജീവിതരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്.
ഇതിനൊപ്പം ജീവശാസ്ത്രപരമായ ഘടകങ്ങൾക്കും ഇതിൽ പങ്കുണ്ട്. പ്രമേഹം, രക്താതിമർദം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിനൊപ്പം ശരീരഭാരം കൃത്യമായി കുറയ്ക്കാൻ ബേരിയാട്രിക് ചികിത്സാ രീതികളിലൂടെ കഴിയുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇത്തരം ചികിത്സകൾ വൈകുന്നത് ദീർഘകാല സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും ചിലർക്കെങ്കിലും ഇത് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ള അവസ്ഥയിലേക്ക് നയിക്കുമെന്നും ഡോ. പാഠക് മുന്നറിയിപ്പ് നൽകി.








