ഹിന്ദി ചിത്രങ്ങൾ നിരസിക്കാനുള്ള കാരണം വെളിപ്പെടുത്തി സിമ്രാൻ

0
63

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടിയാണ് സിമ്രാൻ. തമിഴിന് പുറമേ ഹിന്ദി ചിത്രങ്ങളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ബോളിവുഡിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ, ബോളിവുഡിൽ നിന്നുവന്ന നിരവധി അവസരങ്ങൾ നിരസിക്കാനുള്ള കാരണം സിമ്രാൻ വെളിപ്പെടുത്തി. “ഹിന്ദി സിനിമകളിൽ അഭിനയിക്കാനുള്ള അവസരം പലവട്ടം ഞാൻ നിരസിച്ചിട്ടുണ്ട്. കാരണം അവരുമായി പൊരുത്തപ്പെടാൻ എനിക്ക് പറ്റില്ല. നമ്മൾ സൗത്തിൽ ചെയ്ത സിനിമകളൊന്നും അവർ കണ്ടിട്ടില്ലെന്ന് തോന്നുന്നു. യാതൊരു ബഹുമാനവും ഉണ്ടാകില്ല. എന്റെ ജീവിതത്തിന്റെ പകുതിയിൽ അധികം ഞാൻ സിനിമയ്ക്കാണ് നൽകിയത്. അതുകൊണ്ടുതന്നെ മതിയായ ബഹുമാനം ലഭിച്ചില്ലെങ്കിൽ അതെന്നെ വേദനിപ്പിക്കും,” എന്നാണ് താരം പറഞ്ഞത്.

ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ താമസം, യാത്രാ സൗകര്യങ്ങൾ എന്നിവ ബോളിവുഡ് പ്രൊഡക്ഷൻ കമ്പനികൾ കൈകാര്യം ചെയ്യുന്ന രീതി തന്നെ അസ്വസ്ഥയാക്കിയെന്നും സിമ്രാൻ ചൂണ്ടിക്കാട്ടി. നിർമാതാക്കൾ പലപ്പോഴും അടിസ്ഥാന സൗകര്യങ്ങളിൽ പോലും വിലപേശുകയും കലാകാരന്മാരെ തരംതാഴ്ത്തുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതായി നടി ആരോപിച്ചു.

“അവർ താമസസൗകര്യത്തിന്റെ കാര്യത്തിൽ വിലപേശും. എന്റെ കൂടെ യാത്ര ചെയ്യാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ‘ഇത്രയധികം സ്റ്റാഫിനെ കൂടെക്കൂട്ടാൻ കഴിയില്ല’ എന്നൊക്കെയാണ് അവർ പറയുക. ഹോട്ടലുകളുടെയും ടിക്കറ്റുകളുടെയും കാര്യത്തിൽ അവർ വിലപേശലുകൾ നടത്തും. ഈ കാര്യങ്ങൾ എന്നെ ഒരുപാട് അലട്ടുന്നുണ്ട്. പക്ഷേ ആരും ഇതിനെക്കുറിച്ച് സംസാരിക്കാറില്ല. അവിടെ ഒരു വിവേചനം നിലനിൽക്കുന്നുണ്ട്, അതുകൊണ്ട് തന്നെ അവിടെ ജോലി ചെയ്യാൻ തോന്നില്ല,” സിമ്രാൻ വ്യക്തമാക്കി.എന്നാൽ, മാന്യമായി ഇടപെടുന്ന പ്രൊഡക്ഷൻ കമ്പനികളുമുണ്ടെന്ന് നടി പറയുന്നു.

“ചില പ്രൊഡക്ഷൻ കമ്പനികൾ എന്നോട് വളരെ നന്നായി പെരുമാറിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് സണ്ണി ഡിയോളിനൊപ്പം ‘ഗബ്റു’ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. ഓം ചംഗാനിയാണ് അതിന്റെ നിർമാതാവ്. അവർ ഗംഭീര വ്യക്തിത്വങ്ങളാണ്. അതുപോലെ ‘ഗുൽമോഹർ’ സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരും സ്നേഹമുള്ളവരായിരുന്നു. ‘ഗുൽമോഹർ’ ചെയ്യുമ്പോൾ എനിക്ക് ഒരിക്കൽ പോലും അപരിചിതത്വം തോന്നിയിട്ടില്ല,” സിമ്രാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here