ദുബായ്: യുഎഇയിൽ വീണ്ടും ആശങ്ക ഉയർത്തികൊണ്ട് മെയ് 8 വെള്ളിയാഴ്ച ഇറാനിൽ നിന്ന് മിസൈൽ ഡ്രോൺ ആക്രമണമുണ്ടായി. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎഇയ്ക്ക് നേരെ ആക്രമണമുണ്ടായത്. അതിനാൽ നിലവിൽ രാജ്യം അതീവ ഗൗരവകരമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറെ മാസങ്ങളായി മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷം ഇപ്പോൾ പുതിയൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. മെയ് 8 ന് പുലർച്ചെ ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പ്രവാസി സമൂഹത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയാണ് യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിൽ നിന്നുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകളെയും മൂന്ന് ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തത്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പുകൾ അനുസരിച്ച് ഈ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൂടാതെ ഫുജൈറ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും ആ ശബ്ദങ്ങൾ ഇറാനിൽ നിന്നുള്ള മിസൈലുകളെ നമ്മുടെ പ്രതിരോധ സംവിധാനം വിജയകരമായി തകർക്കുന്നതിന്റേതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും ആക്രമണം വന്നതോടെ എന്തുകൊണ്ടാണ് ഇറാൻ യുഎഇയെ ലക്ഷ്യം വെക്കുന്നത് എന്ന ചോദ്യം പ്രവാസികൾക്കിടയിൽ ശക്തമാണ്.
ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പറയുന്നത്. യുഎസ് സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം എന്ന നിലയിൽ യുഎഇയോട് ഇറാന് രാഷ്ട്രീയപരമായ ചില വിയോജിപ്പുകളുണ്ട്. കൂടാതെ ഫെബ്രുവരി 28 ന് യുഎസ് ഇസ്രായേൽ ആക്രമണങ്ങളോടെയാണ് ഈ യുദ്ധം ആരംഭിച്ചത്.
ഇതിന് പകരമായി യുഎസ് സഖ്യകക്ഷിയായ യുഎഇയെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും ലക്ഷ്യം വെച്ചും ഇറാൻ ആക്രമണം തുടരുകയാണ്. കൂടാതെ ആഗോള സാമ്പത്തിക രംഗത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ എണ്ണ നിയന്ത്രിക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ, അടച്ചുപൂട്ടിയിരിക്കുന്ന അവസ്ഥയാണ്.
ഇത് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യാപാരത്തെയും അതുപോലെ സുരക്ഷയെയും നേരിട്ട് തന്നെ ബാധിക്കുന്നു. ഫെബ്രുവരി 28 മുതൽ ഇതുവരെ നടന്ന ആക്രമണങ്ങളുടെ കണക്കുകൾ നോക്കുമ്പോൾ സാഹചര്യം എത്രത്തോളം ഗൗരവകരമാണെന്ന് മനസ്സിലാകും.അതായത് ഇതുവരെ യുഎഇ വ്യോമ പ്രതിരോധം 551 ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂയിസ് മിസൈലുകളും 2,263 ഡ്രോണുകളുമാണ് തകർത്തത്.
കൂടാതെ ഈ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം ഇപ്പോൾ 230 ആയി ഉയരുകയും ചെയ്തു. പരിക്കേറ്റവരിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും ഉൾപ്പെടെ മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട് എന്നത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക ഉയർത്തുന്ന കാര്യമാണ്.
അതേസമയം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാർ ഉൾപ്പെടെയുള്ളവർക്ക് ഈ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിലവിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് സ്കൂളുകളുടെ കാര്യത്തിൽ വലിയ തീരുമാനങ്ങൾ വരാനിരിക്കുകയാണ്.








