ശരീരത്തിൽ ഇരുമ്പിൻ്റെ അംശം വർധിപ്പിക്കാനായി സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ കഴിക്കുന്നത് അപകടകരമാണെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുന്നത് ഇരുമ്പിൻ്റെ കുറവ് കൊണ്ടുമാത്രമാകണമെന്നില്ല. കൃത്യമായ പരിശോധനകൾ നടത്താതെ അയൺ ഗുളികകൾ കഴിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും ഇൻ്റർനെറ്റിലൂടെയും ലഭിക്കുന്ന അശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തമായി ചികിത്സ നടത്തുന്ന പ്രവണത ഇന്ന് ഏറിവരികയാണ് എന്ന് മുംബൈ സൈനോവ ഷാൽബി ആശുപത്രിയിലെ കൺസൾട്ടിങ് ഫിസിഷ്യനായ ഡോ. മനീഷ ഭട്ട് പറയുന്നു. ഇൻഫ്ലുവൻസർമാരുടെ വാക്കുകൾ കേട്ട് ഡോക്ടറെ കാണാതെ ഗമ്മി, ടാബ്ലറ്റ് രൂപത്തിലുള്ള മരുന്നുകൾ വാങ്ങി കഴിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും ഇത് വലിയ വിപത്താണെന്നും അവർ ചൂണ്ടിക്കാട്ടി.
വിളർച്ച ഒരു രോഗലക്ഷണം മാത്രം
വിളർച്ച അഥവാ അനീമിയ എന്നത് പല രോഗങ്ങളുടെയും ഒരു ലക്ഷണം മാത്രമാണെന്ന് ഡോ. ഭട്ട് ഇടിവി ഭാരതിനോട് പറഞ്ഞു. ശരീരത്തിൽ ഇരുമ്പിൻ്റെ അംശം ഇല്ലാത്തത് മാത്രമല്ല ഇതിന് കാരണം. വിറ്റാമിൻ ബി12 കുറവ്, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിട്ടുമാറാത്ത അണുബാധകൾ, ഉദരസംബന്ധമായ ആന്തരിക രക്തസ്രാവം എന്നിവയെല്ലാം വിളർച്ചയ്ക്ക് കാരണമാകാം.
യഥാർഥ പ്രശ്നം എന്താണെന്ന് തിരിച്ചറിയാതെ അയൺ ഗുളികകൾ കഴിക്കുന്നത് ഗുരുതരമായ മറ്റ് രോഗങ്ങൾ കണ്ടെത്താൻ വൈകുന്നതിന് ഇടയാക്കും. കൂടാതെ ശരീരത്തിൽ അമിതമായി ഇരുമ്പെത്തുന്ന അവസ്ഥയുണ്ടാകും അഥവാ അയൺ ഓവർലോഡ് സംഭവിക്കും. ഇത് കാലക്രമേണ കരൾ, ഹൃദയം, പാൻക്രിയാസ് എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
പോഷകങ്ങൾ അടങ്ങിയതാണെന്ന് കരുതി പ്രോട്ടീൻ പൗഡറുകൾ, വിറ്റാമിൻ ഡ്രിപ്പുകൾ, കൊളാജൻ സാഷെകൾ, മഗ്നീഷ്യം ഗമ്മികൾ എന്നിവ ഡോക്ടറുടെ നിർദേശമില്ലാതെ അമിതമായി ഉപയോഗിക്കുന്നത് ആധുനിക ജീവിതശൈലിയിലെ വലിയൊരു അപകടമാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ആദ്യം വേണ്ടത് പരിശോധന
ഏതൊരു ചികിത്സയും തുടങ്ങുന്നതിന് മുൻപ് കൃത്യമായ പരിശോധനകളിലൂടെ രോഗനിർണയം നടത്തേണ്ടതുണ്ട്. സിബിസി, സീറം ഫെറിറ്റിൻ തുടങ്ങിയ രക്തപരിശോധനകളിലൂടെ രോഗിക്ക് യഥാർഥത്തിൽ അയൺ ഗുളികകൾ ആവശ്യമുണ്ടോ എന്ന് ഡോക്ടർമാർക്ക് കണ്ടെത്താനാകും.
പലപ്പോഴും അമിതജോലിയുടെ ഭാരം കൊണ്ടാകാം ക്ഷീണം അനുഭവപ്പെടുന്നതെന്ന് സ്ത്രീകൾ കരുതുമ്പോൾ, അത് യഥാർഥത്തിൽ ആന്തരിക രക്തസ്രാവത്തിൻ്റെ ലക്ഷണമാകാം. പ്രായമായവർ ക്ഷീണത്തെ വാർധക്യസഹജമായ പ്രശ്നമായി തള്ളിക്കളയുമ്പോഴും സമാനമായ ഉദര പ്രശ്നങ്ങളാകാം കാരണം. അതുപോലെ കൗമാരക്കാർക്ക് പരീക്ഷാപ്പേടി കൊണ്ടാണ് ക്ഷീണം തോന്നുന്നതെന്ന് തെറ്റിദ്ധരിക്കാറുണ്ടെങ്കിലും വിറ്റാമിനുകളുടെ കുറവാകാം പലപ്പോഴും വില്ലനാകുന്നത്.
എന്തിനും ഏതിനും അയൺ ഗുളികകൾ പരിഹാരമല്ല. മരുന്നുകൾ, കഴിക്കേണ്ട അളവ്, കാലയളവ് എന്നിവ ഡോക്ടർമാർ തന്നെ നേരിട്ട് തീരുമാനിക്കണം. മരുന്നുകളെ മാത്രം എപ്പോഴും ആശ്രയിക്കാതെ ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങൾ ശീലമാക്കുകയാണ് വേണ്ടതെന്നും ഡോ. മനീഷ ഭട്ട് ഓർമിപ്പിച്ചു.
സ്ത്രീകളിലെ രോഗലക്ഷണങ്ങൾ
സ്വന്തം ആരോഗ്യകാര്യങ്ങളിൽ സ്ത്രീകൾ പലപ്പോഴും വേണ്ടത്ര ശ്രദ്ധ നൽകാറില്ല. കുടുംബത്തിലുള്ള മറ്റെല്ലാവരുടെയും ആരോഗ്യകാര്യങ്ങൾ കൃത്യമായി നോക്കുന്ന സ്ത്രീകൾ, സ്വന്തം ശരീരത്തിലുണ്ടാകുന്ന ക്ഷീണവും തളർച്ചയുമെല്ലാം വെറും നിസ്സാരമായി കാണുകയാണ് പതിവ്. ഈ ക്ഷീണം ഇരുമ്പിൻ്റെ കുറവ് കൊണ്ടുമാത്രമാകണമെന്നില്ല എന്നതാണ് പ്രധാന യാഥാർഥ്യം.
പല സ്ത്രീകളും അണ്ഡാശയ കാൻസറിൻ്റെ ലക്ഷണങ്ങളെ പൂർണ്ണമായും അവഗണിക്കാറുണ്ടെന്ന് മുംബൈ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സുമതി തദാസ് പറഞ്ഞു. വയറുവീർക്കൽ, പുളിച്ചുതികട്ടൽ തുടങ്ങിയവ സാധാരണ ഗ്യാസ്ട്രിക് പ്രശ്നങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് മിക്കവരും ഈ ലക്ഷണങ്ങളെ അവഗണിക്കുന്നത്. ഇത് താൽക്കാലികമാണെന്ന് കരുതി കുടുംബാംഗങ്ങളിൽ നിന്നുപോലും മറച്ചുവയ്ക്കുന്നത് അണ്ഡാശയ കാൻസർ പോലുള്ള രോഗങ്ങൾ വളരെ വൈകി മാത്രം കണ്ടെത്തുന്നതിന് കാരണമാകുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
സ്വയം ചികിത്സയിലെ അപകടം
രോഗലക്ഷണങ്ങൾ കാണുമ്പോൾ ഇൻ്റർനെറ്റിൽ തിരഞ്ഞ് സ്വയം ചികിത്സിക്കുന്ന രീതി വലിയ ആപത്താണ്. വിനോദമെന്ന പോലെയാണ് പലരും ഇന്ന് ആരോഗ്യ വിവരങ്ങളെ സമൂഹമാധ്യമങ്ങളിൽ അവതരിപ്പിക്കുന്നത്. കൃത്യമായ രക്തപരിശോധന നടത്തി ഡോക്ടറെ കാണാൻ ഇത്തരം നവമാധ്യമ വീഡിയോകൾ ഒരിക്കലും ഉപദേശിക്കാറില്ല.
അയൺ ഗുളികകൾ ശരീരത്തിന് തീർച്ചയായും വലിയ രീതിയിൽ ഗുണം ചെയ്യും, എന്നാൽ അത് കൃത്യമായി ഡോക്ടർ നിർദേശിക്കുമ്പോൾ മാത്രമായിരിക്കണം കഴിക്കേണ്ടത്. നിരന്തരമായ ക്ഷീണം, തലകറക്കം, ശ്വാസതടസ്സം, തളർച്ച എന്നിവ ശരീരത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ സ്വയം മരുന്ന് കഴിക്കാൻ നിൽക്കാതെ ഇതിൻ്റെ യഥാർഥ കാരണം എന്താണെന്ന് കണ്ടെത്താനാണ് ആദ്യം ശ്രമിക്കേണ്ടത്.








