ചെന്നൈ : തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണണങ്ങള്‍ അവസാനിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം. അവസാന ലാപ്പിലും ആവേശത്തിലാണ് സ്ഥാനാർഥികളും അണികളും. ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസും (ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡിഎംഡികെ, വിസികെ) എഐഎഡിഎംകെ നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും (ബിജെപി, പിഎംകെ) തമ്മിലായിരിക്കും തമിഴ്‌നാട്ടില്‍ പ്രധാന മത്സരം. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.
ഡിഎംകെയ്‌ക്കെതിരെയായ പോരാട്ടത്തില്‍ എഐഎഡിഎംകെയ്‌ക്ക് ഒപ്പം തമിഴക വെട്രി കഴകവും ശക്തമായി തന്നെ മത്സര രംഗത്തുണ്ട്. മിക്ക മണ്ഡലങ്ങളിലും ടിവികെ മത്സര രംഗത്ത് സജീവമാണ്. ടിവികെ എത്ര സീറ്റ് പിടിക്കും എന്നതടക്കം തമിഴ്‌നാട് രാഷ്‌ട്രീയം ചർച്ച ചെയ്യുന്നുണ്ട്. തമിഴ്‌നാടിനുള്ള കേന്ദ്ര വിഹിതം തടഞ്ഞുവച്ചതടക്കം കേന്ദ്ര നടപടികള്‍ പ്രചാരണങ്ങളില്‍ കൃത്യമായി ഉപയോഗിക്കാൻ സാധിച്ചെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ അധ്യക്ഷൻ സ്റ്റാലിൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അടുത്തിടെ കേന്ദ്രം മുന്നോട്ട് വച്ച മണ്ഡല പുനർനിർണയ ബില്ലില്‍ എടുത്ത നിലപാടടക്കം സ്റ്റാലിന് ഗുണം ചെയ്‌തേക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
സ്റ്റാലിന്‍റെ ശക്തമായ പ്രചരണം ബിജെപിയുടെ ശക്തി തെല്ലൊന്ന് ക്ഷയിപ്പിച്ചിട്ടുണ്ടെന്ന് നിരീക്ഷകർ പറയുന്നു. അണ്ണാ ഡിഎംകെയുമായി ചേര്‍ന്നാണ് എൻഡിഎ മുന്നണിയില്‍ ബിജെപി മത്സരിക്കുന്നത്. 27 സ്ഥാനാർഥികള്‍ സംസ്ഥാനത്ത് ബിജെപിയ്‌ക്കുണ്ട്. ജനവിധി തുണയ്‌ക്കും എന്ന് തന്നെയാണ് ബിജെപിയും വിശ്വസിക്കുന്നത്.
ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. ആവേശോജ്വലമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് തമിഴ് മണ്ണ് സാക്ഷിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍, മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി നേതാക്കളാണ് തങ്ങളുടെ സഖ്യകക്ഷികള്‍ക്കായി തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തിയത്.
234 മണ്ഡലങ്ങളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. കഴിഞ്ഞ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാർഥികളുടെ എണ്ണത്തില്‍ വലിയ വർധനയുണ്ട്. 4,654 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ പങ്കാളിത്തം കൂടുന്നതിന്‍റെ സൂചനയായി സ്ഥാനാർഥികളുടെ എണ്ണത്തിലെ വർധനവ് പരിഗണിക്കാമെങ്കിലും തെരഞ്ഞെടുപ്പ് സാങ്കേതിക വിഷയങ്ങളില്‍ ചില സങ്കീർണതകള്‍ ഉണ്ടാകാൻ ഇടയുണ്ട്.
രാജ്യം ഉറ്റുനോക്കുന്ന മണ്ണാണ് തമിഴ്‌നാട്. തമിഴ് രാഷ്‌ട്രീയത്തിലെ ഏറ്റവും ആവേശകരമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ജനവിധി ആർക്കൊപ്പം എന്നും തമിഴ്‌നാട്ടില്‍ ആര് വാഴും ആര് വീഴും എന്നും അറിയാൻ മെയ് നാലുവരെ കാത്തിരിക്കണം. കേരളത്തിനൊപ്പമാണ് തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് ഫലം വരുന്നത്.




