കോഴിക്കോട്: വിയർപ്പുകൊണ്ട് വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് ഇപ്പോൾ മലയാളികൾ. ഈ നശിച്ച വിയർപ്പ് കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് പരിഭവിക്കുന്നവരാണ് നമ്മളിൽ പലരും. സിനിമ ഡയലോഗ് പോലെ ‘വിയർപ്പിൻ്റെ അസുഖം’ കാരണം പണിക്കൊന്നും പോകാത്തവരും ഉണ്ടാകും ഈ കാലത്ത്. വെയിലിൻ്റെ താപനിലക്കൊപ്പം ഉഷ്‌ണതരംഗം പോലുള്ള അവസ്ഥ രൂപപ്പെടുമ്പോഴാണ് വിയർപ്പ് ക്രമാതീതമായി വർധിക്കുന്നത്. ചൂടിൻ്റെ വിങ്ങലിൽ പ്രകൃതി മൊത്തം വാടുമ്പോൾ മനുഷ്യനും അത് അസഹനീയമാകുകയാണ്.
ശരീരം മുഴുവനും കാണപ്പെടുന്ന ഇക്രൈൻ ഗ്രന്ഥികൾ, ശരീരതാപനില ഉയരുമ്പോൾ ജലാംശവും ലവണങ്ങളും അടങ്ങിയ ജലാംശം പുറപ്പെടുവിക്കുന്നതിനെയാണ് വിയർപ്പ് എന്ന് പറയുന്നത്. വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ പ്രധാനമായും സഹായിക്കുന്നത് ഇവയാണ്. എന്നാൽ അത് അസഹനീയവും അസ്വസ്ഥതയും ഉണ്ടാക്കും എന്നതാണ് വിയർപ്പിൻ്റെ ദോഷഫലം.
കക്ഷം, ജനനേന്ദ്രിയ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന അപ്പോക്രൈൻ ഗ്രന്ഥികളും വിയർപ്പ് സൃഷ്‌ടിക്കുന്നുണ്ട്. സമ്മർദം മൂലമോ മാനസികമായ കാരണങ്ങളാലോ ആണ് ഈ ഗ്രന്ഥികൾ വിയർപ്പ് ഉത്പാദിപ്പിക്കുന്നത്. വിയർപ്പിനെ തന്നെ പലതായി തരം തിരിക്കാം. അമിത വിയർപ്പ്, അമിതവണ്ണം, പ്രമേഹം, പേടി, പാരമ്പര്യം എന്നിവയിലൂടെ ഉണ്ടാകുന്ന വിയർപ്പ്, രാത്രികാല വിയർപ്പ്, വിയർപ്പില്ലായ്‌മ ഇതൊക്കെ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.
അമിത വിയർപ്പ്: തൈറോയ്‌ഡ് ഗ്രന്ഥി അമിതമായി ഹോർമോൺ ഉത്പാദിപ്പിക്കുന്ന അവസ്ഥ അഥവാ ഹൈപ്പർതൈറോയിഡിസം അമിത വിയർപ്പിന് ഒരു പ്രധാന കാരണമാണ്. തൈറോയ്‌ഡ് ഹോർമോണുകൾ ശരീരത്തിൻ്റെ ഊർജ്ജ വിനിയോഗത്തെ നിയന്ത്രിക്കുന്നവയാണ്. ഈ ഹോർമോൺ അളവ് കൂടുമ്പോൾ മെറ്റബോളിസം വേഗത്തിലാവുകയും ശരീരതാപം വർധിക്കുകയും ചെയ്യുന്നു. ഇത് തണുപ്പിക്കാനായി ശരീരം അമിതമായി വിയർക്കുന്നു. ഹൈപ്പർ തൈറോയിഡിസം ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ചൂട് അനുഭവപ്പെടാറുണ്ട്.
അല്‌പം ചൂടുള്ള അന്തരീക്ഷത്തിൽ പോലും ഇവർ അമിതമായി വിയർക്കാൻ സാധ്യതയുണ്ട്. തൈറോയ്‌ഡ് ഹോർമോണുകൾ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് വിയർപ്പ് ഗ്രന്ഥികൾ കൂടുതൽ സജീവമാകാൻ കാരണമാകുന്നു. ശരീരഭാരം പെട്ടെന്ന് കുറയുക, ഹൃദയമിടിപ്പ് വർധിക്കുക, കൈകൾ വിറയ്ക്കുക, ഉത്കണ്‌ഠയോ ദേഷ്യമോ തോന്നുക എന്നിവയൊക്കെ ഇതിൻ്റെ ലക്ഷണങ്ങളാണ്. ഒരു ഡോക്‌ടറെ കണ്ട് തൈറോയ്‌ഡ് പരിശോധന നടത്തിയാൽ കൃത്യമായ കാരണം കണ്ടെത്താനും ചികിത്സ തേടാനും സാധിക്കുമെന്ന് ത്വക്ക് രോഗ വിദഗ്‌ദനായ ഡോ. പ്രശാന്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
അമിതവണ്ണം: അമിതവണ്ണമുള്ളവരിലും ശരീരഭാരം കൂടുതലുള്ളവരിലും വിയർപ്പ് കൂടുതലായി കാണപ്പെടാറുണ്ട്. ഇവർക്ക് സാധാരണ ജോലികൾ ചെയ്യാനും നടക്കാനും മറ്റുള്ളവരേക്കാൾ കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നു. ഈ കഠിനാധ്വാനം ശരീരതാപം വർധിപ്പിക്കുകയും, അത് കുറയ്ക്കാനായി ശരീരം കൂടുതൽ വിയർക്കുകയും ചെയ്യുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഒരു പുതപ്പ് പോലെ പ്രവർത്തിക്കുന്നു. ഇത് ശരീരത്തിനുള്ളിലെ ചൂട് പുറത്തുപോകുന്നത് തടയുന്നു.
തത്‌ഫലമായി, ആന്തരിക താപനില ക്രമീകരിക്കാൻ ശരീരം കൂടുതൽ വിയർപ്പ് ഉത്പ്പാദിപ്പിക്കുന്നു. വലിപ്പമുള്ള ശരീരത്തെ തണുപ്പിക്കാൻ കൂടുതൽ വിയർപ്പ് ആവശ്യമാണ്. കൂടാതെ, വണ്ണമുള്ളവരിൽ ചർമ്മം മടങ്ങിയിരിക്കുന്ന ഭാഗങ്ങൾ വായുസഞ്ചാരം കുറവായതിനാൽ ആ ഭാഗങ്ങളിൽ ഈർപ്പവും ചൂടും തങ്ങിനിൽക്കുകയും വിയർപ്പ് കൂടുകയും ചെയ്യുന്നു. ഓഫിസ് ജോലികൾ, ഭക്ഷണം കഴിക്കുന്ന വേളകൾ എന്നിവ അമിത വിയർപ്പ് കാരണം ഇത്തരക്കാരെ അസ്വസ്ഥരാക്കും. ഉഷ്‌ണം വർധിക്കുന്നതോടെ അത് കഠിനമായ അവസ്ഥയിലേക്ക് എത്തും.
പ്രമേഹ രോഗികളിലെ വിയർപ്പ്: ദീർഘകാലമായി പ്രമേഹമുള്ളവരിൽ വിയർപ്പിനെ നിയന്ത്രിക്കുന്ന നാഡികൾക്ക് തകരാർ സംഭവിക്കാം. ഇത് ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുകയും ചിലപ്പോൾ അമിതമായി വിയർക്കാനും മറ്റ് ചിലപ്പോൾ വിയർപ്പ് തീരെ ഇല്ലാതാകാനും കാരണമാകുന്നു. പ്രമേഹം നിയന്ത്രിക്കുക എന്നതാണ് ഇതിൻ്റെ പോംവഴി. HBa1c രക്ത പരിശോധനയിലൂടെ പ്രമേഹരോഗം നിയന്ത്രണത്തിലാണോ എന്ന് എളുപ്പത്തിൽ മനസിലാക്കാം. റിസൾട്ട് ഏഴ് ശതമാനത്തിൽ താഴെ നിൽക്കുകയാണെങ്കിൽ പ്രമേഹരോഗം നല്ല നിയന്ത്രണത്തിലായിരിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുമ്പോൾ ശരീരം അഡ്രിനാലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നു. ഇത് വിയർപ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും ശരീരം അമിതമായി വിയർക്കാൻ കാരണമാവുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ കൈകാലുകൾ തണുത്ത് വിയർക്കുന്നത് ഹൈപ്പോഗ്ലൈസീമിയയുടെ പ്രധാന ലക്ഷണമാണ്. ചില പ്രമേഹ രോഗികളിൽ ഭക്ഷണം കഴിക്കുമ്പോഴോ അതിനു ശേഷമോ മുഖത്തും കഴുത്തിലും അമിതമായി വിയർപ്പ് അനുഭവപ്പെടാറുണ്ട്. ഇത് നാഡീക്ഷതം മൂലമുണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥയാണ്.
പേടിയും വിയർപ്പും: ഭയമോ സമ്മർദമോ അനുഭവപ്പെടുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോർമോണിൻ്റെ പ്രഭാവം മൂലം ഹൃദയമിടിപ്പ് വർധിക്കുകയും ശരീരം ചൂടാകുകയും ചെയ്യുന്നു. ശരീരത്തിൻ്റെ താപനില ക്രമീകരിക്കുന്നതിനായി മസ്‌തിഷ്‌കം വിയർപ്പ് ഗ്രന്ഥികളെ സജീവമാക്കുന്നു. സാധാരണ ചൂടുമൂലം വിയർക്കുന്നത് എക്രിൻ ഗ്രന്ഥികൾ വഴിയാണെങ്കിൽ, പേടി മൂലമുണ്ടാകുന്ന വിയർപ്പ് പ്രധാനമായും അപ്പോക്രൈൻ ഗ്രന്ഥികളിലൂടെയാണ് പുറത്തുവരുന്നത്.
കക്ഷം, കൈപ്പത്തി, കാൽപാദം എന്നിവിടങ്ങളിലാണിത് കൂടുതലായി അനുഭവപ്പെടുന്നത്. ഉത്കണ്‌ഠയോ പേടിയോ ഉണ്ടാകുമ്പോൾ സിംപതറ്റിക് നാഡീവ്യൂഹം നേരിട്ട് വിയർപ്പ് ഗ്രന്ഥികളിലേക്ക് സിഗ്നലുകൾ അയക്കുന്നതും പെട്ടെന്ന് വിയർക്കാൻ കാരണമാകുന്നു. ചിലരിൽ ഈ ഉത്കണ്‌ഠ മൂലമുള്ള വിയർപ്പ് അമിതമായി കണ്ടുവരാറുണ്ട്. ഇതിനെ ഹൈപ്പർ ഹൈഡ്രോസിസ് എന്ന് വിളിക്കുന്നു.
വിയർപ്പിനും പാരമ്പര്യം: വിയർപ്പിന് പാരമ്പര്യവുമായി ബന്ധമുണ്ട്. ഒരാൾ എത്രത്തോളം വിയർക്കുന്നു എന്നതിലും വിയർപ്പിൻ്റെ ഗന്ധം എങ്ങനെയുള്ളതാണ് എന്നതിലും ജീനുകൾക്ക് വലിയ പങ്കുണ്ട്. സാധാരണയേക്കാൾ അമിതമായി വിയർക്കുന്ന അവസ്ഥയായ ഹൈപ്പർ ഹൈഡ്രോസിസിൽ തന്നെ പ്രൈമറി ഫോക്കൽ ഹൈപ്പർഹൈഡ്രോസിസ് എന്ന അവസ്ഥ പലപ്പോഴും കുടുംബങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതാണ്. മാതാപിതാക്കൾക്ക് ഈ പ്രശ്‌നമുണ്ടെങ്കിൽ മക്കൾക്കും വരാനുള്ള സാധ്യത കൂടുതലാണ്. വിയർപ്പിന് ദുർഗന്ധമുണ്ടാകുന്നത് ബാക്‌ടീരിയകളുടെ പ്രവർത്തനം കൊണ്ടാണെങ്കിലും, വിയർപ്പിലെ രാസഘടകങ്ങൾ തീരുമാനിക്കുന്നതിൽ പാരമ്പര്യത്തിന് പങ്കുണ്ട്. ഒരാളുടെ ശരീരത്തിലുള്ള വിയർപ്പ് ഗ്രന്ഥികളുടെ (Sweat glands) എണ്ണവും അവ എത്രത്തോളം സജീവമായിരിക്കണം എന്നതും ജനിതകമായി നിശ്ചയിക്കപ്പെട്ടതാണ്.
രാത്രികാല വിയർപ്പ്: രാത്രിയിൽ ഉറക്കത്തിനിടയിൽ അമിതമായി വിയർക്കുന്ന അവസ്ഥയെ നൈറ്റ് സ്വെറ്റ്സ് എന്ന് വിളിക്കുന്നു. സാധാരണയായി മുറിയിൽ കിടക്കുമ്പോഴും പുതപ്പുകൾ ഉപയോഗിക്കുന്നത് കൊണ്ടോ ഉണ്ടാകുന്ന വിയർപ്പിനേക്കാൾ തീവ്രമായിരിക്കും ഇത്. പലപ്പോഴും വസ്ത്രങ്ങളും കിടക്കയും നനയുന്നത് കാരണം ഉറക്കം തടസപ്പെടാനും സാധ്യതയുണ്ട്.
സ്ത്രീകളിൽ ആർത്തവവിരാമ സമയത്തോ അതിന് മുൻപോ ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ രാത്രി വിയർപ്പിന് പ്രധാന കാരണമാണ്. തൈറോയ്‌ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലവും ഇങ്ങനെ സംഭവിക്കാം. ക്ഷയരോഗം, ബാക്‌ടീരിയൽ അണുബാധകൾ തുടങ്ങിയവയുടെ ഒരു ലക്ഷണമായി രാത്രി വിയർപ്പ് പ്രത്യക്ഷപ്പെടാറുണ്ട്. ലിംഫോമ പോലുള്ള അപൂർവ്വമായ ചിലതരം കാൻസറിൻ്റെ സൂചനയാകാം ഈ അവസ്ഥയെന്നും വിദഗ്‌ധരായ ഡോക്‌ടർമാർ പറയുന്നു.
വിഷാദരോഗത്തിനുള്ള മരുന്നുകൾ, പ്രമേഹത്തിനുള്ള ഇൻസുലിൻ, സ്‌റ്റെറോയിഡുകൾ തുടങ്ങിയവ കഴിക്കുന്നത് രാത്രിയിൽ വിയർക്കാൻ കാരണമായേക്കാം. ഉറക്കത്തിനിടയിൽ ശ്വാസം തടസപ്പെടുന്ന അവസ്ഥയായ സ്ലീപ്പ് അപ്‌നിയയും രാത്രികാല വിയർപ്പിന് കാരണമാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൊണ്ടെല്ലാം വിയർപ്പ് ഉണ്ടാകുമ്പോഴും വേനൽക്കാലം അത് അസഹനീയമാക്കും. ചൂടിനെ നേരിടാൻ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. സാധാരണയേക്കാൾ ഇരട്ടി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. നാരങ്ങാവെള്ളം, സംഭാരം, ഇളനീർ എന്നിവയും നല്ലതാണ്. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് വായുസഞ്ചാരം ഉറപ്പാക്കാനും വിയർപ്പ് വലിച്ചെടുക്കാനും സഹായിക്കും.
ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ കഠിനമായ വെയിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്ത് വ്യായാമങ്ങൾ ചെയ്യുന്നതും ഒഴിവാക്കുന്നതാണ് നല്ലതാണ്. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക. തണ്ണിമത്തൻ, വെള്ളരി, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. വിയർപ്പ് മൂലമുള്ള ത്വക്ക് രോഗങ്ങളായ ചൊറിച്ചിൽ, അലർജി എന്നിവ തടയാൻ ദിവസം രണ്ടുനേരം കുളിക്കുന്നത് ശീലമാക്കുക. അമിതമായ ക്ഷീണം, തലവേദന, തലകറക്കം എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആരോഗ്യ സഹായം തേടുകയും ചെയ്യുക.
വിയർപ്പില്ലേ?!
അതേസമയം, കഠിനമായ ചൂടുള്ള സാഹചര്യത്തിലും ശരീരം വിയർക്കാത്ത അവസ്ഥ ഒരു ആരോഗ്യ പ്രശ്‌നമാണ്. ഇതിനെ വൈദ്യശാസ്ത്രത്തിൽ അൻഹൈഡ്രോസിസ് എന്ന് വിളിക്കുന്നു. ശരീരം വിയർക്കാതിരിക്കുന്നത് അപകടകരമായേക്കാം, കാരണം ശരീരതാപനില നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ശരീരം വിയർക്കാതിരിക്കുമ്പോൾ ആന്തരിക താപനില അമിതമായി വർധിക്കുകയും ഇത് ഹൈപ്പർതേർമിയ അല്ലെങ്കിൽ സൂര്യാഘാതം പോലുള്ള മാരകമായ അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.
വിയർപ്പില്ലാതിരിക്കുക, കഠിനമായ ചൂട് അനുഭവപ്പെടുക, ചർമ്മം ചുവന്ന് തടിക്കുക, തലകറക്കം, പേശിവലിവ്, തളർച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്വേദഗ്രന്ഥികളുടെ പ്രവർത്തനം തകരാറിലാകുന്നതും
നിർജ്ജലീകരണം ചില നാഡീരോഗങ്ങൾ അല്ലെങ്കിൽ ജനിതക കാരണങ്ങൾ, വിയർപ്പ് നാളങ്ങൾ തടസപ്പെടുന്ന മിലിയേറിയ പോലുള്ള ചർമ്മരോഗങ്ങൾ എന്നിവയും വിയർക്കാത്ത അവസ്ഥയ്ക്ക് കാരണമാണ്. കഠിനമായ ചൂടിൽ വിയർക്കാത്ത അവസ്ഥ ഉണ്ടെങ്കിൽ ഉടൻ തന്നെ തണുപ്പുള്ള സ്ഥലത്തേക്ക് മാറുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ എത്രയും വേഗം ഒരു ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്.








