ആശ ഭോസ്‌ലെയ്ക്ക് വിടനൽകാനൊരുങ്ങി രാജ്യം; അന്ത്യകർമ്മങ്ങൾ ഇന്ന് മുംബൈയിൽ നടക്കും

0
39

മുംബൈ: വിടപറഞ്ഞ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്നു സംസ്ഥാന ബഹുമതികളോടെ മുംബൈയിൽ നടക്കും. ലോവർ പരേലിലെ കാസ ഗ്രാൻഡെ വസതിയിൽ പൊതുദർശനത്തിന് ശേഷം ശിവാജി പാർക്കിലായിരിക്കും സംസ്‌കാരം. ചടങ്ങുകളിൽ അമിതമായ തിരക്ക് ഒഴിവാക്കണമെന്ന് ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ലോവർ പരേലിലെ കാസ ഗ്രാൻഡെയിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണി വരെ ആരാധകർക്കും സഹപ്രവർത്തകർക്കും പ്രിയ ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാം. വൈകുന്നേരം 4 മണിക്ക് ശിവാജി പാർക്കിലെ ശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ നടക്കുമെന്ന് കുടുംബം അറിയിച്ചു.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ആശ ഭോസ്‌ലെയുടെ ആരോഗ്യം മോശമായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് ശനിയാഴ്ച അവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.

 

എട്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അസാധാരണമായ ഒരു സംഗീത യാത്രയ്ക്കാണ് ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ അന്ത്യമായത്. 10-ാം വയസ്സിൽ പാടിത്തുടങ്ങിയ അവർ, 1943-ൽ ‘മാത്സ ബാൽ’  എന്ന മറാത്തി ചിത്രത്തിലെ “ചലാ ചലാ നവ് ബാല” എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, പഞ്ചാബി തുടങ്ങി നിരവധി ഇന്ത്യന്‍ ഭാഷകളില്‍ അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തന്റെ ഉജ്ജ്വലമായ കരിയറിനിടയില്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും പത്മവിഭൂഷണും നല്‍കി രാജ്യം ആശ ഭോസ്‌ലയെ ആദരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here