എറണാകുളം: യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വൻ തരംഗമുണ്ടായെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും വിഡി സതീശൻ അവകാശപ്പെട്ടു.
പറവൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിങ് ശതമാനം വർധിച്ചത് യുഡിഎഫിന് അനുകൂലമായ സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിഡി സതീശൻ വ്യക്തമാക്കി. പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. ഡിഎഫ് നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് ഇത്തവണ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് ജില്ലകളിൽ ക്ലീൻ സ്വീപ്പ്
സംസ്ഥാനത്തെ നാല് പ്രധാന ജില്ലകളായ എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ യുഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരുമെന്ന് വിഡി സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിനെതിരായ ശക്തമായ ജനവികാരം വോട്ടെടുപ്പിൽ പ്രകടമായിരുന്നുവെന്നും ഭരണവിരുദ്ധ തരംഗം അലയടിക്കുന്ന കാഴ്‌ചയാണ് കാണാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേമത്തെ ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് ലഭിക്കുന്നതിൽ വി.ശിവൻകുട്ടി എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് സതീശൻ ചോദിച്ചു.
ന്യൂനപക്ഷ വോട്ടുകൾ ലഭിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും അതിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം വിദേശത്തുള്ളവർ കൂടി നാട്ടിലെത്തി വോട്ട് ചെയ്‌തെങ്കിൽ പോളിങ് ശതമാനം ഇനിയും ഉയർന്നേനെയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കൂടാതെ, പറവൂരിൽ കള്ളവോട്ട് നടന്നതായി തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വയനാട് ഫണ്ട് പിരിവ് സംബന്ധിച്ച വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ ഒരിടത്തും ചർച്ചയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചിട്ടയായ പ്രവർത്തനവും ‘ഡീൽ’ രാഷ്ട്രീയവും
2005ന് ശേഷം മുന്നണി വിട്ടുപോയ എല്ലാ വിഭാഗം ആളുകളെയും ഇത്തവണ തിരിച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. താഴെത്തട്ടിൽ ചിട്ടയായ പ്രവർത്തനങ്ങളാണ് നടന്നത്. മേൽത്തട്ടിലുള്ള നേതാക്കൾ നടത്തിയ ചില രാഷ്ട്രീയ ഡീലുകൾ താഴെത്തട്ടിലുള്ള പ്രവർത്തകർ തന്നെ തകർത്തിട്ടുണ്ട്. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് പൊളിക്കാനാണ് തങ്ങൾ തുടക്കം മുതൽ ശ്രമിച്ചത്. അത് വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അവസാനിച്ച സ്ഥിതിക്ക് ഒരേ ചോദ്യങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നും യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും വിഡി സതീശൻ പറഞ്ഞു. വോട്ടെണ്ണൽ കഴിയുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ നേതാവ്.








