ട്രംപിനെ മുട്ടുകുത്തിച്ചത് ഇറാൻ; ഇസ്രയേൽ-ലെബനൻ വെടിനിർത്തലിന് പിന്നിലെ ‘കളികൾ’

0
40

ബെയ്റൂത്: ഇസ്രയേലും ലെബനനും തമ്മിൽ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തലിന് പിന്നിൽ ഇറാൻ്റെ ശക്തമായ സമ്മർദമാണെന്ന് ലെബനൻ പാർലമെൻ്റ് അംഗം ഹുസൈൻ ഹാജ് ഹസൻ. ഇറാൻ്റെ സമ്മർദത്തിന് മുന്നിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വഴങ്ങിയെന്നും ഇസ്രയേലിനെക്കൊണ്ട് വെടിനിർത്തൽ കരാർ അംഗീകരിപ്പിച്ചത് ട്രംപാണെന്നും അദ്ദേഹം ആരോപിച്ചു. ലെബനൻ പാർലമെൻ്റിൽ സംസാരിക്കുമ്പോഴാണ് ഹിസ്ബുല്ലയുമായി ബന്ധമുള്ള ലോയൽറ്റി ടു ദി റെസിസ്റ്റൻസ് ബ്ലോക്കിലെ അംഗമായ ഹസൻ ഈ പരാമർശം നടത്തിയത്.

ഇറാൻ്റെ വ്യക്തമായ സമ്മർദമാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് ഹുസൈൻ ഹാജ് ഹസൻ പറഞ്ഞു. ട്രംപ് ഇറാൻ്റെ സമ്മർദത്തിന് വഴങ്ങുകയും ലെബനനിൽ വെടിനിർത്തലിന് സമ്മതിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിർബന്ധിക്കുകയുമായിരുന്നുവെന്നും ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ശത്രുവിൻ്റെ സ്വഭാവം വഞ്ചനാപരമായതിനാൽ രാജ്യം ജാഗ്രത പാലിക്കണമെന്നും വെടിനിർത്തൽ ലംഘിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കൾ പലതവണ വെടിനിർത്തൽ ലംഘിച്ചിട്ടുണ്ടെന്നും അതിനാൽ ജാഗ്രത തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിൻ്റെ സൈനിക പരിമിതി
വെടിനിർത്തൽ ഇസ്രയേലിൻ്റെ സൈനിക പരിമിതികളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിമും പ്രതികരിച്ചു. ഇസ്രയേലിന് മേൽ വെടിനിർത്തൽ അടിച്ചേൽപിക്കുന്നതിലൂടെ, തങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് ലെബനനിലെ ഇസ്‌ലാമിക പ്രതിരോധം ഒരിക്കൽ കൂടി തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇറാനിയൻ മാധ്യമമായ ഐആർഐബിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

അമേരിക്ക-ഇറാൻ യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ-ലെബനൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരുന്നു. ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ നിരന്തരം ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വെടിനിർത്തൽ പ്രഖ്യാപനം വരുന്നത്. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് 10 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേലും ലെബനനും തയാറായതെന്ന് വ്യാഴാഴ്‌ച ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു.

ലെബനൻ പ്രസിഡൻ്റ് ജോസഫ് ഔനുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും മികച്ച ചർച്ചകൾ നടത്തിയതായി ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം കൈവരിക്കുന്നതിൻ്റെ ഭാഗമായി വെടിനിർത്തലിന് തയാറാണെന്ന് ഇരുനേതാക്കളും സമ്മതിച്ചതായും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പശ്ചിമേഷ്യ നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഇസ്രയേൽ-ലെബനൻ അതിർത്തിയിലെ ഈ വെടിനിർത്തൽ എന്നത് ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here