ഹൃദയ പ്രവർത്തനത്തിലൂടെ മുൻകൂട്ടി അറിയാം ‘അൽഷിമേഴ്‌സ്’;

0
3

ന്യൂഡൽഹി: അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക ഭാഗങ്ങളിലെ പ്രാരംഭ കോശജ്വലനവും ടിഷ്യു കേടുപാടുകളും പ്രവചിക്കാൻ ഹൃദയത്തിൻ്റെ പ്രവർത്തനത്തിലുണ്ടാകുന്ന ചെറിയ തകരാറുകൾക്ക് കഴിയുമെന്ന് പുതിയ പഠനങ്ങൾ. ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം, ജർമ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ കോഗ്നിറ്റീവ് ആൻഡ് ബ്രെയിൻ സയൻസസിലെ ശാസ്ത്രജ്ഞയായ ഡോ. സിയാ ഷാങ്ങിൻ്റെ നേതൃത്വത്തിലാണ് നടന്നത്. ലീപ്‌സിഗ് ഹാർട്ട് സ്റ്റഡിയിൽ നിന്നുള്ള 73 ഹൃദ്രോഗികളെ 3.5 വർഷത്തോളം നിരീക്ഷിച്ചാണ് ഈ നിഗമനത്തിലെത്തിയതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

ഹാർട്ട് ഫെയിലിയർ എന്ന് ക്ലിനിക്കലായി സ്ഥിരീകരിച്ചിട്ടില്ലാത്ത രോഗികളിൽപ്പോലും, ഹൃദയത്തിൻ്റെ പമ്പിംഗ് ശേഷിയിലുണ്ടാകുന്ന നേരിയ കുറവ് തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്നു. ഹൃദയത്തിൻ്റെ പമ്പിംഗ് കുറയുമ്പോൾ ഓർമ്മശക്തിയുമായി ബന്ധപ്പെട്ട സിംഗുലേറ്റ് ഗൈറസ്, പാരാഹിപ്പോകാമ്പൽ ഗൈറസ്, പ്രികൂനിയസ് തുടങ്ങിയ മസ്‌തിഷ്‌ക ഭാഗങ്ങളിലെ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുകയും കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. അൽഷിമേഴ്‌സ് രോഗം ആദ്യഘട്ടത്തിൽ ബാധിക്കുന്നതും ഇതേ പ്രദേശങ്ങളെയാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഹൃദയ വൈകല്യം അൽഷിമേഴ്‌സിൻ്റെ ഒരു പ്രാരംഭ ഘട്ട സൂചകമായി പ്രവർത്തിക്കുന്നു. സാധാരണ എം ആർ ഐ സ്‌കാനുകളിൽ കണ്ടെത്താൻ കഴിയാത്ത ഈ സൂക്ഷ്‌മമായ കോശനാശമാണ് ഹൃദ്രോഗികളിൽ ദീർഘകാല ഓർമ്മക്കുറവ് ഉണ്ടാക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലനിർത്താനും അൽഷിമേഴ്‌സ് പോലുള്ള ഡിമെൻഷ്യ സാധ്യതകൾ ഒരു പരിധിവരെ തടയാനും സാധിക്കും.

ഈ കണ്ടെത്തൽ ഭാവിയിൽ ഹൃദയ പരിശോധനകളിലൂടെത്തന്നെ ഒരു വ്യക്തിക്ക് പിൽക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള ഓർമ്മക്കുറവും മാനസികാവസ്ഥാ വ്യതിയാനങ്ങളും മുൻകൂട്ടി പ്രവചിക്കാൻ ഡോക്‌ടർമാരെ സഹായിക്കും. അൽഷിമേഴ്‌സ് ചികിത്സയ്ക്കായി അമിലോയിഡ്-ബീറ്റ ആൻ്റിബോഡികൾ അടുത്തിടെ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ നൂതന തെറാപ്പി ഫലപ്രദമാകണമെങ്കിൽ, രോഗാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇത് ഉപയോഗിക്കാം.

അൽഷിമേഴ്‌സ് സാധ്യതയുള്ള രോഗികളെ നേരത്തേ തിരിച്ചറിയുന്നതിന് ഈ കണ്ടെത്തലുകൾ വഴിയൊരുക്കും. ഓർമ്മകൾ മങ്ങി തുടങ്ങുന്നതിന് മുൻപേ രോഗനിർണയം സ്ഥിരീകരിക്കുന്നതിന് സമഗ്രമായ പരിശോധനയ്ക്ക് സഹായകമാകും. ഇത് അമിലോയിഡ്- ബീറ്റ ആൻ്റിബോഡികളെ രോഗിയ്ക്ക് നൽകി തുടങ്ങാൻ സാധിക്കുന്നതു മൂലം രോഗാവസ്ഥയുടെ അപകടം കുറയ്ക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞനും ഗവേഷകനുമായ ജോക്കിം ഹെർംസ് മുൻപ് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here