യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ സഖ്യകക്ഷികൾക്ക് അന്ത്യശാസന നൽകി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണം.അതിനായി സഖ്യകക്ഷികൾ ഉടൻ സഹായിക്കണം.
- നാറ്റോ സഖ്യത്തിന് ട്രംപിന്റെ മുന്നറിപ്പ്
- ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം സുഗമമാക്കാൻ സഹായിക്കണം
- വൈറ്റ് ഹൗസിൽ നാറ്റോ സെക്രട്ടറിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തി
വരും ദിവസങ്ങളിൽ യുറോപ്പിയൻ രാജ്യങ്ങളിൽ നിന്നും കൃത്യമായ നടപടി അല്ലെങ്കിൽ സഹായം ഉണ്ടായില്ലെങ്കിൽ നാറ്റോയുടെ ഭാവി തന്നെ അപകടത്തിലാകുമെന്ന സൂചനയും ട്രംപ് നൽകി. ഇറാനുമായുള്ള സംഘർഷങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതത്തെ എങ്ങനെ സഹായിക്കാമെന്ന് ദിവസങ്ങൾക്കുള്ളിൽ വിശദമായ പദ്ധതികൾ തയാറാക്കി അവതരിപ്പിക്കാൻ യൂറോപ്യൻ പങ്കാളികളോട് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടു,വൈറ്റ് ഹൗസ്, പെന്റഗൺ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്നിവരുമായി ഇന്ന് ഉന്നതതല ചർച്ചകൾ നടന്നു.
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷക്കായി വരും ദിവസങ്ങളിൽ കൃത്യത ഉണ്ടായിരിക്കണം എന്ന് യുഎസ് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നു മാർക്ക് റുട്ടെ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ട്രംപിനെ സഹായിക്കുമെന്ന് ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ നേരത്തെ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
കഴിഞ്ഞ ദിവസം പാകിസ്താന്റെ മധ്യസ്ഥതയിൽ യുഎസും ഇറാനും നടത്തിയ ചർച്ച വിജയകരമായിരുന്നു. ഇതേ തുടർന്ന് 2 ആഴ്ചത്തെ വെടിനിർത്തൽ കാലാവധി ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറക്കുമെന്ന് ഇറാനും ഉറപ്പ് നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ
ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പാചകവാതകത്തിനും പെട്രോളിനും വലിയ വിലക്കയറ്റമാണ് പൽ രാജ്യങ്ങളും നേരിടുന്നത്. എന്നാൽ ഹോർമൂസ് കടലിടുക്ക് തുറക്കും എന്ന വാർത്തകൾ പല രാജ്യങ്ങൾക്കും വലിയ ആശ്വാസം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ആവശം.
ഇസ്രായേൽ ലെബനനിൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ കരാറിന്റെ ലംഘനമാണെന്നാണ് ഇറാൻ പറയുന്നത്. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ശ്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.




