വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങളിൽ ഒരാളെ ഇറാനിൽ വീണ് കാണാതായി. പൈലറ്റിനെ കണ്ടെത്താനായി അമേരിക്കയും ഇറാനും തെരച്ചിൽ തുടങ്ങി. പൈലറ്റിനെ പിടികൂടുന്നവർക്ക് ഇറാൻ പാരിതോഷികം പ്രഖ്യാപിച്ചു.
- അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം ഇറാൻ വെടിവെച്ചിട്ടു.
- രണ്ട് ക്രൂ അംഗങ്ങളിൽ ഒരാളെ ഇറാനിൽ വീണ് കാണാതായി.
- വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിനിടെയാണ് സംഭവം.
വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിനിടെയാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യുഎസിൻ്റെ എഫ്-15ഇ, എ-10 യുദ്ധവിമാനങ്ങൾക്ക് നേരെ ഇറാൻ സൈന്യത്തിന്റെ വെടിയേറ്റത്. എഫ്-15ഇ വിമാനം തെക്കുപടിഞ്ഞാറൻ ഇറാനിലെ മലനിരകളിൽ തകർന്നുവീണു. വിമാനം തകരുന്നതിന് തൊട്ടുമുൻപ് പൈലറ്റും വെപ്പൺ സിസ്റ്റംസ് ഓഫീസറും പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ ഒരാളെ യുഎസ് ഹെലികോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി. രണ്ടാമത്തെ ആൾ എവിടെയാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.
അതേസമയം, വെടിയേറ്റ എ-10 വിമാനം കുവൈറ്റ് വ്യോമാതിർത്തി വരെ എത്തിയെങ്കിലും പൈലറ്റിന് വിമാനം നിയന്ത്രിക്കാനാവാതെ വന്നതോടെ അദ്ദേഹം കടലിൽ ചാടുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തു.
ഇറാനിൽ വീണ് കാണാതായ പൈലറ്റിനെ കണ്ടെത്താൻ അമേരിക്കൻ വ്യോമസേനയുടെ പാരാറെസ്ക്യൂ സംഘം ഇറാനിലെ ഉൾപ്രദേശങ്ങളിൽ തെരച്ചിൽ നടത്തുകയാണ്. നിലവിൽ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യ കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അമേരിക്കൻ പൈലറ്റിനെ പിടികൂടാനായി ഇറാൻ സൈന്യം ഈ ഭാഗത്ത് ശക്തമായ തെരച്ചിൽ നടത്തുന്നുണ്ട്. കാണാതായ അമേരിക്കൻ സൈനികനെ പിടികൂടുന്നവർക്കോ വധിക്കുന്നവർക്കോ ഇറാൻ ഭരണകൂടം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 60,000 ഡോളർ ആണ് ഇറാൻ പാരിതോഷികം പ്രഖ്യാപിച്ചത്.
തെരച്ചിലിനിടെ രണ്ട് അമേരിക്കൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാൻ വെടിയുതിർത്തു. ഇതിൽ ചില സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണമായും തകർത്തുവെന്നും അമേരിക്കൻ വിമാനങ്ങൾ തടസ്സമില്ലാതെ ഇറാനു മുകളിലൂടെ പറക്കുന്നുണ്ടെന്നുമുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടയിലാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്. യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ വിമാനം വെടിവെച്ചിട്ടത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി.
ഇക്കഴിഞ്ഞ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡൻ്റ് ട്രംപ്, അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങൾ പൂർത്തീകരണത്തിലേക്ക് എത്തുകയാണെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇറാനിലെ പ്രധാന വൈദ്യുതി നിലയങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം അമേരിക്കൻ പൈലറ്റിനെ ഇറാൻ പിടികൂടിയാൽ യുദ്ധത്തിന്റെ തന്നെ ഗതി മാറ്റിയേക്കാമെന്ന വിലയിരുത്തലുകളുണ്ട്.






