ഡിറ്റ്‌ വാ പ്രഭാവം; കേരളത്തില്‍ രണ്ട് ദിവസം മഴ,

0
40

കേരളത്തില്‍ ഡിസംബര്‍ 4 വരെ മഴയ്‌ക്ക് സാധ്യത. തമിഴ്‌നാട്ടില്‍ ശക്തമായ മഴ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. മഴ കനക്കുന്നത് ഡിറ്റ്‌ വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. ഇന്ന് മുതല്‍ ഡിസംബര്‍ നാല് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത.

ശക്തമായ മഴയ്‌ക്ക് സാധ്യയുണ്ടെങ്കിലും ജില്ലകളിൽ ഇതുവരെ അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം നാളെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലുള്ളവർക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

തമിഴ്‌നാട്ടിൽ ദുരിത പെയ്‌ത്ത്

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായുണ്ടായ മഴയിൽ തമിഴ്‌നാട്ടിൽ മൂന്ന് പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിലെ തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂർ, ചെന്നൈ, കാഞ്ചീപുരം ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയായിരിക്കും. കാലാവസ്ഥാ മുന്നറിയിപ്പുകൾ കാരണം ഡിസംബർ 2ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ചെന്നൈ ജില്ലാ കലക്‌ടർ റോഷ്‌നി സിദ്ധാർഥ് ജഗഡെ അറിയിച്ചു.

ശക്തമായ മഴയ്ക്കും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് അവധി പ്രഖ്യാപിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റേയും വടക്കൻ തമിഴ്‌നാടിൻ്റേയും തെക്കൻ ആന്ധ്രാപ്രദേശിൻ്റേയും തീരങ്ങളിലെ പടിഞ്ഞാറൻ മധ്യഭാഗത്തും സമീപ പ്രദേശങ്ങളിലും വ്യാപിച്ചിരുന്ന ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്നലെ രാത്രി ശാന്തമായിരുന്നു.

മത്സ്യബന്ധനത്തിന് വിലക്ക്
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ഭാഗങ്ങളിലും മത്സ്യബന്ധനം നിർത്തിവയ്‌ക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. പുതുച്ചേരി, ആന്ധ്രാപ്രദേശിൻ്റെ തെക്കൻ തീരം, ശ്രീലങ്കയുടെ വടക്ക്, മാന്നാർ ഉൾക്കടൽ, കൊമോറിൻ പ്രദേശം എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

തീവ്ര ന്യൂനമർദം ദുർബലമാവാൻ സാധ്യത

ബംഗാൾ ഉൾക്കടലിൻ്റെ തെക്ക്-പടിഞ്ഞാറായി രൂപപ്പെട്ട തീവ്ര ന്യൂനമർദം മണിക്കൂറിൽ 3 കിലോമീറ്റർ വേഗതയിൽ പതുക്കെ തെക്ക് പടിഞ്ഞാറോട്ട് നീങ്ങി. പിന്നാലെ ദുർബല ന്യൂനമർദമായി മാറി. ചെന്നൈയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽ നിന്ന് 130 കിലോമീറ്റർ വടക്കുകിഴക്കായും ന്യൂനമർദം സ്ഥിതി ചെയ്യുന്നു.

ന്യൂനമർദ കേന്ദ്രത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് തമിഴ്‌നാട്-പുതുച്ചേരി തീരങ്ങൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് തെക്ക് പടിഞ്ഞാറോട്ട് നീങ്ങി വടക്ക് തമിഴ്‌നാട്, പുതച്ചേരി തീരങ്ങളിലേക്ക് എത്താനും തീവ്രത നിലനിർത്താനും സധ്യതയുണ്ട്. 12 മണിക്കൂറിനുള്ളിൽ ഇത് ദുർബല ന്യൂനമർദ മേഖലയായി മാറും.

LEAVE A REPLY

Please enter your comment!
Please enter your name here