ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 9400 ഉപയോക്തൃ അക്കൗണ്ടുകൾ കണ്ടെത്തി വാട്ട്‌സാപ്പ് നിരോധിച്ചെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ വിവരം സമർപ്പിച്ചത്.
സിം കാർഡുകളുടെ ദുരുപയോഗം തടയാൻ ബയോമെട്രിക് തിരിച്ചറിയൽ പരിശോധന സംവിധാനം ആറുമാസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. സംശയാസ്പദമായ സിമ്മുകൾ ഉടൻ തടയുന്നതിനും നടപടി സ്വീകരിക്കും.
ഉപയോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ‘സിം ബന്ധനം’ സംവിധാനം വാട്ട്‌സാപ്പ് ആറുമാസത്തിനകം നടപ്പാക്കും. സിം കാർഡുമായി അക്കൗണ്ട് ബന്ധിപ്പിക്കുന്ന ഈ സംവിധാനം പ്രാബല്യത്തിൽ വന്നാൽ സിമ്മില്ലാതെ വാട്ട്‌സാപ്പ് ഉപയോഗിക്കാൻ കഴിയില്ല. സിം മാറ്റിയാൽ അക്കൗണ്ട് സ്വമേധയാ പുറത്താകുകയും ചെയ്യും.
ഈ സംവിധാനത്തിലൂടെ തട്ടിപ്പുകൾ നടത്തിയവരുടെ വിവരങ്ങൾ കണ്ടെത്താൻ എളുപ്പമാകും. അക്കൗണ്ട് നീക്കം ചെയ്താലും ഉപയോക്തൃ വിവരങ്ങൾ 180 ദിവസം വരെ സൂക്ഷിക്കും.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരുടെ പ്രധാന താവളം കംബോഡിയ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്വേഷണ ഏജൻസികളുടെ പേരുകളും ചിഹ്നങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പുകൾ നടത്തുന്നതാണ് ഇവരുടെ രീതി. ചിലർ വ്യാജ കോടതികൾ വരെ സജ്ജീകരിച്ച് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്.








