ആരവല്ലി മലനിരകളെ സംബന്ധിച്ച് പുത്തൻ തീരുമാനങ്ങൾ എടുക്കുന്നത് കടുത്ത പ്രത്യാഘാതങ്ങൾ വരുത്തി വയ്‌ക്കുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. അതിനാൽ ആരവല്ലി സംരക്ഷിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഡെറാഡൂൺ: ആരവല്ലി മലനിരകളെ സംബന്ധിക്കുന്ന കേന്ദ്രത്തിൻ്റെ പുത്തന്‍ അറിയിപ്പ് ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. പുതിയ നിര്‍വചനങ്ങള്‍ ആരവല്ലി പർവതനിരകളുടെ സംരക്ഷണത്തെ ദുർബലപ്പെടുത്തും. അതിൻ്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലും ഹിമാലയൻ മേഖലയിലുടനീളവും അനുഭവപ്പെടുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ആരവല്ലി മലനിരകളെ സംബന്ധിച്ചുള്ള വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ പുതിയ നിർവ്വചനം രാജ്യവ്യാപകമായി മറ്റൊരു രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ഡൽഹി മുതൽ ഗുജറാത്ത് വരെയുള്ള 650 കിലോമീറ്റർ നീളമുള്ള പർവതനിരകളിൽ അനിയന്ത്രിതമായ ഖനനത്തിനും പരിസ്ഥിതി നാശത്തിനും ഈ നീക്കം ഇടയാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്താണ് ആരവല്ലി വിവാദം?
നവംബർ 20 ന് ആരവല്ലി പർവതനിരകളെ പുനർനിർവചിക്കാനുള്ള ഒക്‌ടോബർ 13 ലെ നിർദേശത്തിന് സുപ്രീം കോടതി അംഗീകാരം നൽകി. ഈ നിർവചനത്തിന് കീഴിൽ ചുറ്റുമുള്ള ഭൂമിയിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഭൂപ്രകൃതികൾ മാത്രമേ ആരവല്ലി കുന്നുകളായി കണക്കാക്കൂ. കൂടാതെ രണ്ടോ അതിലധികമോ കുന്നുകൾ പരസ്‌പരം 500 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അവയെയും ആരവല്ലിയുടെ ഭാഗമായി കണക്കാക്കും. കേന്ദ്ര സർക്കാർ രൂപീകരിച്ച ഒരു കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നിർവചനം.
ഈ പുതിയ നിർവചനം സംരക്ഷിത പ്രദേശത്ത് നിന്ന് 100 മീറ്ററിൽ താഴെ ഉയരമുള്ള മിക്ക കുന്നുകളെയും ഒഴിവാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ഖനനം, നിർമ്മാണം, മറ്റ് വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വഴിയൊരുക്കുമെന്നും അവർ ഭയപ്പെടുന്നു. ഈ ആശങ്ക കാരണം രാജ്യത്തുടനീളമുള്ള പരിസ്ഥിതി പ്രവർത്തകർ #SaveAravali എന്ന ക്യാമ്പെയ്‌ൻ ആരംഭിച്ചു.
വിവാദങ്ങൾക്കിടയിൽ ആരവല്ലികളിൽ പുതിയ ഖനന പാട്ടങ്ങൾ നൽകുന്നത് പൂർണ്ണമായും നിരോധിക്കാൻ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ബുധനാഴ്‌ച സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ പറയുന്നതനുസരിച്ച് ചോദ്യങ്ങളും ആശങ്കകളും മാത്രമാണ് അവശേഷിക്കുന്നത്.
ആശങ്കകൾ എന്തൊക്കെ?
ആരവല്ലികളുടെ നിർദിഷ്‌ട പുനർനിർവചനത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജിയോളജിസ്‌റ്റ് പ്രൊഫസർ എസ്‌പി സതി ഇടിവി ഭാരതിനോട് പറയുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ കാലാവസ്ഥയ്‌ക്കും പരിസ്ഥിതി സന്തുലിതാവസ്ഥയ്‌ക്കും ആരവല്ലി മലനിരകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
“ആരവല്ലി മലനിരകൾ മരുഭൂമി പ്രദേശങ്ങളുടെ വ്യാപനത്തെ പരിമിതപ്പെടുത്തുകയും പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വീശുന്ന കാറ്റിന് സ്വാഭാവിക തടസമായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ കുന്നുകളിൽ കാര്യമായ മാറ്റം വരുത്തിയാൽ മരുഭൂമി വികാസം, താപനിലയുടെ വർധനവ്, മഴയുടെ രീതികളിലെ മാറ്റങ്ങൾ എന്നിവ രൂപപ്പെടും. ഇതിൻ്റെ പ്രത്യാഘാതവും അനുഭവിക്കേണ്ടതായി വരും”, എന്ന് അദ്ദേഹം പറയുന്നു.
തന്നെയുമല്ല ആരവല്ലിയുടെ ദുർബലത മൂലം മണലും പൊടിയും വിദൂര പ്രദേശങ്ങളിലേയ്‌ക്ക് വ്യാപിക്കും. ഇത് വായുവിൻ്റെ ഗുണനിലവാരത്തെ ബാധിക്കും. മാത്രമല്ല PM 2.5 പോലുള്ള മലിനീകരണ വസ്‌തുക്കളുടെ സാന്ദ്രത വർധിപ്പിക്കുകയും ചെയ്യും. ഈ സാഹചര്യം ഉത്തരേന്ത്യയുടെ വലിയ ഭാഗങ്ങളിൽ ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം ആരവല്ലി പർവതനിരകളിൽ നിന്നുള്ള പൊടിയും മണലും കിഴക്കോട്ടുള്ള കാറ്റിനൊപ്പം ഹിമാലയത്തിലെത്താം. ഇത് ഹിമാനികളിൽ പൊടിപടലങ്ങൾ രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും. ഇത് കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും ഹിമാനികൾ ഉരുകുന്നത് ത്വരിതപ്പെടുത്തുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലം ഇതിനകം പ്രതിസന്ധി നേരിടുന്ന ഹിമാനികൾക്ക് ഈ സാഹചര്യം വളരെ അപകടകരമാണെന്ന് തെളിയിക്കപ്പെട്ടേക്കാം എന്ന് ഭൂഗർഭശാസ്‌ത്രജ്ഞർ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്തരാഖണ്ഡും മറ്റ് ഹിമാലയൻ സംസ്ഥാനങ്ങളും കാലാവസ്ഥാ ചക്രത്തിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉയർന്ന പല പ്രദേശങ്ങളിലും മഞ്ഞുവീഴ്‌ചയും കുറഞ്ഞിട്ടുണ്ട്. ഈ സൂചനകളെല്ലാം പാരിസ്ഥിതിക അസന്തുലിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ആരവല്ലി പർവതനിരകളിൽ മനുഷ്യൻ്റെ കൈകടത്തൽ പ്രവർത്തനങ്ങൾ വർധിക്കുന്നത് ഈ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുമെന്നും അവർ വിലയിരുത്തുന്നു.
ആരവല്ലി പർവതനിരകൾ ഉത്തരാഖണ്ഡിലെ മഴയിൽ നേരിട്ട് ചെലുത്തുന്ന സ്വാധീനം പരിമിതമാകുമെന്നും ഇവര്‍ പറയുന്നു. ഇവിടെ മൺസൂൺ പ്രധാനമായും ബംഗാൾ ഉൾക്കടലിൽ നിന്നാണ് സൃഷ്‌ടിക്കപ്പെടുന്നത്. ഉത്തരാഖണ്ഡ് ആരവല്ലി പർവതനിരകളിൽ നിന്ന് വളരെ അകലെയാണ്. വലിയ തോതിൽ ആരവല്ലി പർവതനിരകളുടെ ദുർബലമായ ഘടന കാലാവസ്ഥയ്‌ക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തും.
ആരവല്ലി പർവതനിരകളുടെ സംരക്ഷണം ഏതാനും സംസ്ഥാനങ്ങളുടേത് മാത്രമല്ല. ഉത്തരേന്ത്യയുടെയും ഹിമാലയൻ ആവാസവ്യവസ്ഥയുടെയും മൊത്തത്തിലുള്ള പ്രശ്‌നമാണിതെന്ന് വിദഗ്‌ധർ പറയുന്നു. അതിനാൽ പുതിയ നിർവചനത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവമായി പുനർവിചിന്തനം നടത്താനും ശക്തമായ പരിസ്ഥിതി സംരക്ഷണ നടപടികൾ സ്വീകരിക്കാനും വിദഗ്‌ധർ നിർദേശിക്കുന്നു.






