ലോക്‌സഭ സീറ്റുകൾ 50% വർധിപ്പിക്കാൻ കേന്ദ്ര നീക്കം;

0
48

ന്യൂഡൽഹി: ലോക്‌സഭയിലെ അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കാനുള്ള പുതിയ ബിൽ അടിച്ചേൽപ്പിക്കാൻ മോദി സർക്കാർ തയാറെടുക്കുന്നതായി കോൺഗ്രസ്. ഇതിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണം 50 ശതമാനം വീതം വർധിപ്പിക്കാനാണ് നീക്കം. എന്നാൽ ഇത് ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ മേഖലകളിലെയും പടിഞ്ഞാറൻ ഇന്ത്യയിലെയും ചെറിയ സംസ്ഥാനങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ സർക്കാരിൻ്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ചെറിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടി

വിഷയത്തിൽ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഇതിനകം ആശങ്ക രേഖപ്പെടുത്തിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പുതിയ നിർദേശം ഔദ്യോഗികമായി പുറത്തുവരുന്നതോടെ കൂടുതൽ പേർ എതിർപ്പുമായി രംഗത്തെത്തും. ലോക്‌സഭയുടെ അംഗബലം 50 ശതമാനം വർധിപ്പിക്കാനുള്ള ബിൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഓരോ സംസ്ഥാനത്തിനും അനുവദിച്ചിട്ടുള്ള സീറ്റുകളും വർധിപ്പിക്കാനാണ് നീക്കം. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെ സീറ്റുകൾ വർധിപ്പിക്കുന്നത് തുല്യനീതിയാണെന്ന വാദം തികച്ചും തെറ്റിധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. നിലവിലെ അനുപാതത്തിൽ മാറ്റമില്ലെങ്കിലും ഭാവിയിൽ ഇതിന് വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭയിലെ നിലവിലെ അംഗബലത്തിലുള്ള വലിയ അന്തരം വർധിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. നിലവിൽ ഉത്തർപ്രദേശിൽ 80 സീറ്റുകളും തമിഴ്‌നാട്ടിൽ 39 സീറ്റുകളുമാണുള്ളത്. പുതിയ ബിൽ വരുന്നതോടെ യുപിയിലെ സീറ്റുകൾ 120 ആയി ഉയരും. എന്നാൽ തമിഴ്‌നാട്ടിലേത് പരമാവധി 59 ആയി മാത്രമേ വർധിക്കൂ.

കേരളത്തിലെ സീറ്റുകൾ 20ൽ നിന്ന് 30 ആകുമ്പോൾ, ബിഹാറിലേത് 40ൽ നിന്ന് 60 ആകും. ഇതിലൂടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മൊത്തം 66 സീറ്റുകൾ അധികമായി ലഭിക്കുമ്പോൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 200 സീറ്റുകൾ വരെ വർധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയ സംസ്ഥാനങ്ങളെ ബാധിക്കുന്ന ഈ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായാണ് തയാറാക്കുന്നത്. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യ വർധിപ്പിക്കാനുള്ള പദ്ധതികളിൽ കൃത്യമായ കൂടിയാലോചനകൾ അനിവാര്യമാണെന്നും ജയറാം രമേശ് പറഞ്ഞു.

വനിതാ സംവരണത്തിലെ ആശങ്ക

മണ്ഡല പുനർനിർണയവും സെൻസസും പൂർത്തിയാക്കാതെ വനിതാ സംവരണ നിയമം നടപ്പാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നതായി കഴിഞ്ഞ ആഴ്‌ച കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിനായി പാർലമെൻ്റിൻ്റെ ദ്വിദിന പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനും സാധ്യതയുണ്ട്. വിദേശനയങ്ങളിലെ പരാജയങ്ങൾ, എൽപിജി-ഊർജ പ്രതിസന്ധി തുടങ്ങിയവയിൽ നിന്ന് രാജ്യത്തിൻ്റെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിൻ്റെ ഗൂഢതന്ത്രമാണിതെന്ന് പ്രതിപക്ഷം വിമർശിച്ചു.

പുതിയ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനം ചെയ്‌ത 2023 സെപ്റ്റംബറിലാണ് വനിതാ സംവരണ ബിൽ പാസാക്കിയത്. ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകുന്നതാണ് ഭരണഘടനാ ഭേദഗതി. പട്ടികജാതി-പട്ടികവർഗ സംവരണ സീറ്റുകളിലും സ്ത്രീകൾക്ക് ഈ പ്രാതിനിധ്യം നൽകുന്നുണ്ട്. മണ്ഡല പുനർനിർണയവും സെൻസസും പൂർത്തിയായ ശേഷം മാത്രമേ സംവരണം പ്രാബല്യത്തിൽ വരൂ എന്നായിരുന്നു അന്നത്തെ വ്യവസ്ഥ.

എന്നാൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ നിയമം നടപ്പാക്കാൻ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം ചില എൻഡിഎ സഖ്യകക്ഷികളുമായും കോൺഗ്രസ് ഇതര പ്രതിപക്ഷ നേതാക്കളുമായും ചർച്ചകൾ നടത്തി. എന്നാൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസുമായും തൃണമൂൽ കോൺഗ്രസുമായും ഇനിയും കൂടിയാലോചനകൾ നടത്തിയിട്ടില്ല. 2023 സെപ്റ്റംബറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമു നാരി ശക്തി വന്ദൻ ബില്ലിന് അംഗീകാരം നൽകിയത്. ഭരണഘടനയുടെ 106-ാം ഭേദഗതി നിയമം എന്നാണ് ഇത് ഔദ്യോഗികമായി അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here