കണ്ണൂർ: പൊലീസ് സഹകരണ സൊസൈറ്റിയിൽ നടന്ന പരീക്ഷ തടഞ്ഞ് കെ എസ് യു പ്രവർത്തകർ. നൈറ്റ് വാച്ച് മാൻ, പ്യൂണ്‍ തസ്‌തികകളിലേക്ക് നടന്ന പരീക്ഷയാണ് സംഘം ചേർന്നെത്തിയ കെ എസ് യു പ്രവർത്തകർ തടഞ്ഞത്. ദേശാഭിമാനിയിൽ മാത്രം പരസ്യം നൽകി പരീക്ഷ ആട്ടിമറിക്കാനുള്ള ശ്രമം ആണ് സെക്രട്ടറിയും കൂട്ടരും നടത്തിയതെന്നാരോപിച്ചായിരുന്നു പരീക്ഷ തടഞ്ഞത്.
നൈറ്റ് വാച്ച്‌മാൻ തസ്‌തികയിലേക്ക് 21 പേരും, പ്യൂൺ തസ്‌തികയിലേക്ക് 54 പേരുമാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. പരീക്ഷ തുടങ്ങിയ ഘട്ടത്തിലാണ് കെഎസ്‌യു നേതാവ് ഹരികൃഷ്‌ണൻ പാളാടിൻ്റെ നേതൃത്വത്തിലുള്ള കെ എസ് യു പ്രവർത്തകർ പൊലീസ് സഹകരണ സൊസൈറ്റിയിലെത്തി പരീക്ഷ തടഞ്ഞത്.
ദേശാഭിമാനിയിൽ മാത്രം പരസ്യം നൽകി പരീക്ഷ ആട്ടിമറിക്കാനുള്ള ശ്രമം ആണ് സെക്രട്ടറിയും കൂട്ടരും നടത്തുന്നത്. സി പി എം പ്രവർത്തകരെ തിരുകി കയറ്റാനുള്ള ശ്രമം നടക്കുകയാണ്. അപേക്ഷയിലുള്ള എല്ലാവരെയും ഉൾപെടുത്താൻ സെക്രട്ടറി ശ്രമിച്ചില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. കണ്ണൂർ ജില്ലാ പൊലീസ് സൊസൈറ്റിയിലെ ഗുരുതര ക്രമക്കേടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. 2022 – 23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് നടപടികളിൽ പിഴവുകൾ കണ്ടെത്തിയെങ്കിലും സൊസൈറ്റി പ്രസിഡൻ്റ്, സെക്രട്ടറി, ഓഡിറ്റർ എന്നിവർ ചേർന്ന് ഇവ മറച്ച് വയ്ക്കുകയായിരുന്നും പ്രവർത്തകർ ആരോപിച്ചു.
കെ എസ് യു പ്രവർത്തകൻ ഹരികൃഷ്‌ണൻ പാളാട് മാധ്യമങ്ങളോട് (ETV Bharat)
ഓഡിറ്റിൽ കണ്ടെത്തിയ നഷ്‌ടപ്പെട്ട ക്യാഷ് വൗച്ചറുകൾ ഹാജരാക്കാൻ 2023 സെപ്‌തംബർ 14ന് സൊസൈറ്റി പ്രസിഡൻ്റ്, സെക്രട്ടറിക്ക് രേഖാമൂലം നോട്ടീസ് നൽകിയിരുന്നു. വൗച്ചറുകൾ ഹാജരാക്കിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും, പിന്നീട് ഒത്തുതീർപ്പിലേക്ക് നീങ്ങുകയും ഒരു വൗച്ചറും ഹാജരാക്കാതെ ഓഡിറ്റ് പൂർത്തിയാക്കുകയുമായിരുന്നു. ഒരു ക്രമക്കേടും ചൂണ്ടിക്കാണിക്കാതെ ഓഡിറ്റ് റിമാർക്‌സ് പ്രസിദ്ധീകരിച്ചെന്നും കെ എസ് യു ആരോപിച്ചു.
ക്യാഷ് വൗച്ചറുകൾ ഉൾപ്പെടെ ഔദ്യോഗിക രേഖകൾ കുറഞ്ഞത് 10 വർഷമെങ്കിലും സൂക്ഷിക്കണമെന്നാണ് നിയമം. എന്നാൽ 2024 – 25 സാമ്പത്തിക വർഷത്തിൽ യൂണിഫോം ലഭിച്ചില്ലെന്നത് സംബന്ധിച്ച് പിന്നീട് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തിരുന്നെങ്കിലും അന്വേഷണം പ്രഹസനമായി ഒതുങ്ങിയെന്നും അംഗങ്ങൾ ആരോപിക്കുന്നു.






