പ്രീമിയം പെട്രോളിന് ഒറ്റയടിക്ക് 11 രൂപ കൂട്ടി;

0
40

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ രാജ്യത്തെ പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ പ്രീമിയം ഇന്ധനങ്ങളുടെ വിലയാണ് ഉയർന്നത്. എക്‌സ്‌പി 100 പെട്രോളിൻ്റെ വില 149 രൂപയിൽനിന്ന് 160 രൂപയായി. ലിറ്ററിന് 11 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്.

പ്രീമിയം ഡീസലായ എക്‌സ്‌ട്രാ ഗ്രീൻ വില 91.49 രൂപയിൽനിന്ന് 92.99 രൂപയായി. വിമാന ഇന്ധനത്തിൻ്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. കിലോ ലിറ്ററിന് 2.07 ലക്ഷം രൂപയായാണ് ഉയർന്നത്. ഇത് ഏകദേശം രണ്ട് മടങ്ങാണ് വർധിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് വിമാനത്തിൻ്റെ ഇന്ധന വില റെക്കോഡ് കടക്കുന്നത്. 2022ൽ വില 1.1 ലക്ഷം രൂപയിലെത്തിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം

പശ്ചിമേഷ്യയിൽ സംഘർഷം കടുത്തതാണ് നിലവിലെ വിലക്കയറ്റത്തിന് പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഉയർച്ചയും ഹോർമുസ് കടലിടുക്ക് അടച്ചതുമാണ് വില വർധിക്കാൻ ഇടയാക്കിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തിൽ തടസമുണ്ടായേക്കാമെന്ന ആശങ്ക വില കുത്തനെ ഉയരാൻ കാരണമായി.

വിലക്കയറ്റ സാധ്യത

പ്രീമിയം ഇന്ധനങ്ങളുടെ വില ഉയർന്നുവെങ്കിലും സാധാരണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ നിലവിലെ ഇന്ധന വിലയിൽ വലിയ വർധന ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ വലിയൊരു ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അതിനാൽ രാജ്യാന്തര വിപണിയിലുണ്ടാകുന്ന ചെറിയ വില വർധന പോലും രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കും. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ പെട്ടെന്ന് പരിഹരിക്കപ്പെട്ടില്ലെങ്കിൽ എണ്ണവില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ട്.

എച്ച്പിസിഎല്ലിന് പിന്നാലെ ഇന്ത്യൻ ഓയിലും

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) പ്രീമിയം പെട്രോൾ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചതിന് പിന്നാലെ ഏകദേശം രണ്ടാഴ്‌ച കഴിഞ്ഞാണ് എക്സ്പി 100 വിലയിലും വർധന ഉണ്ടായത്. രാജ്യതലസ്ഥാനത്ത് എച്ച്പിസിഎൽ പ്രീമിയം പെട്രോൾ വില ലിറ്ററിന് 99.87 രൂപയിൽനിന്ന് 101.89 രൂപയായി പരിഷ്‌കരിച്ചു. പ്രീമിയം ഇന്ധന വിലയിൽ വർധന ഉണ്ടായിട്ടും സാധാരണ ഇന്ധനം വാങ്ങുന്നവരെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 27നാണ് കേന്ദ്ര സർക്കാർ പെട്രോളിൻ്റെയും ഡീസലിൻ്റെയും അധിക എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചത്. പെട്രോളിൻ്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽനിന്ന് മൂന്ന് രൂപയായാണ് കുറച്ചത്. ഡീസലിന് ഏർപ്പെടുത്തിയിരുന്ന 10 രൂപയുടെ അധിക തീരുവ പൂർണമായും ഒഴിവാക്കി. നികുതി കുറച്ചുവെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറ വിൽപന വിലയിൽ കുറവുണ്ടാകില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.

രാജ്യത്തെ ഇന്ധന ഉപഭോക്താക്കളുടെയും ചില്ലറ വ്യാപാരികളുടെയും സാമ്പത്തിക സമ്മർദം ലഘൂകരിക്കുന്നതിനും മതിയായ ആഭ്യന്തര സ്റ്റോക്കുകൾ ഉറപ്പാക്കുന്നതിനുമായിരുന്നു കേന്ദ്രത്തിൻ്റെ ഈ നീക്കം. ചില്ലറ വിൽപന നിരക്കുകൾ സ്ഥിരമായി നിലനിർത്താൻ എണ്ണ കമ്പനികൾ ഏറ്റെടുക്കുന്ന കനത്ത നഷ്‌ടം നികത്താൻ ഈ തീരുവ ഇളവ് ഏറെ സഹായിച്ചു. ഇതിനിടയിലാണ് പശ്ചിമേഷ്യൻ പ്രതിസന്ധി എണ്ണക്കമ്പനികൾക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നത്.

വരും ദിവസങ്ങളിൽ ക്രൂഡ് ഓയിൽ ഉത്പാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സാമ്പത്തികമായി വലിയ പ്രതിസന്ധിയാകും. ഇത് അവശ്യ സാധനങ്ങളുടെ ഉൾപ്പെടെയുള്ള വിലക്കയറ്റത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here