കൊച്ചി: ഈസ്റ്റർ അവധിയ്ക്ക് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്. ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും ഓരോ സർവീസാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കേരളത്തിൽ 11 സ്റ്റോപ്പുകളാണ് ട്രെയിനിന് അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ ആരംഭിച്ചിട്ടുണ്ട്.
പെസഹവ്യാഴ ദിനമായ ഏപ്രിൽ രണ്ടിനാണ് ഹുബ്ബള്ളി – കൊല്ലം (07347) എക്സ്പ്രസ് സ്പെഷ്യൽ സർവീസ്. ഹുബ്ബള്ളിയിൽ നിന്ന് നാളെ രാവിലെ 07:05 ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാവിലെ ഏഴിന് കൊല്ലത്തെത്തും. ഹുബ്ബള്ളിയിൽ നിന്ന് ഹാവേരി ഉൾപ്പെടെ ഏഴ് സ്റ്റേഷനുകൾ പിന്നിട്ട് ഉച്ചയ്ക്ക് 02:20നാണ് ട്രെയിൻ എസ്എംവിടി ബെംഗളൂരു സ്റ്റേഷനിലെത്തുക, തുടർന്ന് കൃഷ്ണരാജപുരം 02:45, ബംഗാർപേട്ട് 03:13 വഴി, സേലം, ഈറോഡ്, തിരുപ്പൂർ സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 12:07ന് പാലക്കാടെത്തും.
12:10ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ തൃശൂർ 12:55, ആലുവ 01:50, എറണാകുളം ടൌൺ 02:10, കോട്ടയം 03:27, ചങ്ങനാശേരി 03:46, തിരുവല്ല 03:59, ചെങ്ങന്നൂർ 04:10, മാവേലിക്കര 04:20, കായംകുളം 04:42 സ്റ്റേഷനുകൾ പിന്നിട്ട് രാവിലെ 07:00 മണിയോടെ കൊല്ലത്തെത്തും.
മടക്കയാത്ര, 07348 കൊല്ലം – ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ ദുഃഖവെള്ളി ദിനമായ ഏപ്രിൽ മൂന്നിന് രാവിലെ 10:45നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് രാവിലെ 10:45ന് ഹുബ്ബള്ളിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കായംകുളം 11:20, മാവേലിക്കര 11:31, ചെങ്ങന്നൂർ 11:44, തിരുവല്ല 11:55, ചങ്ങനാശേരി 12:05, കോട്ടയം 12:24, എറാകുളം ടൌൺ 01:35, ആലുവ 02:03, തൃശൂർ 03:00, പാലക്കാട് 04:52 സ്റ്റേഷനുകൾ പിന്നിട്ട് പൊതനൂർ, സേലം വഴി യാത്ര തുടരുന്ന ട്രെയിൻ പുലർച്ചെ 02:00 മണിയ്ക്കാണ് എസ്എംവിടി ബെംഗളൂരുവിലെത്തുക. തുടർന്ന് രാവിലെ 10:40 ഓടെ ഹുബ്ബള്ളിയിലെത്തിച്ചേരും.







