പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ രാജ്യത്ത് നിരവധി മാറ്റങ്ങൾ പ്രാബല്യത്തിലായി. ആദായ നികുതി, സ്വർണപ്പണയം, ബാങ്കിങ്, സെൻസസ്, റെയിൽവേ തുടങ്ങിയ മേഖലകളിലാണ് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ.
ആദായ നികുതിയും പാൻ കാർഡും
പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമത്തിന് പകരമായി ഇൻകം ടാക്സ് ആക്ട് 2025 നിലവിൽവന്നു. അസസ്‌മെൻ്റ് ഇയർ, പ്രീവിയസ് ഇയർ എന്നിവ ഒഴിവാക്കി ടാക്സ് ഇയർ എന്ന ഒറ്റ സംവിധാനമാക്കി. സെക്ഷൻ 87A പ്രകാരം റിബേറ്റ് ഉയർത്തിയതിനാൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ടതില്ല.
തൊഴിലുടമകൾ നൽകിയിരുന്ന ഫോം 16, 16A എന്നിവയ്ക്ക് പകരം ഫോം 130, 131 എന്നിവ ഉപയോഗിക്കണം. ഓഹരികൾ തിരികെ വാങ്ങുമ്പോഴുള്ള നേട്ടത്തിന് മൂലധന നികുതി ഏർപ്പെടുത്തി. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് വിഭാഗത്തിൽ ഓഹരി കൈമാറ്റ നികുതിയും വർധിച്ചു. പാൻ കാർഡിന് അപേക്ഷിക്കാൻ ജനനത്തീയതി തെളിയിക്കുന്നതിനായി ആധാർ മാത്രം നൽകിയാൽ മതിയാകില്ല. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമാക്കി.
ബാങ്കിങ് മാറ്റങ്ങളും എടിഎം നിരക്കും
സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് വാർഷിക ഫീസില്ലാതെ എടിഎം കാർഡ്, ചെക്ക് ബുക്ക്, ഇൻ്റർനെറ്റ് ബാങ്കിങ് എന്നിവ ലഭിക്കും. നാല് തവണ എടിഎമ്മിൽനിന്ന് സൗജന്യമായി പണം പിൻവലിക്കാം. യുപിഐ വഴിയുള്ള പണം പിൻവലിക്കലും എടിഎം ഇടപാടായി പരിഗണിക്കും. എച്ച്ഡിഎഫ്സി ബാങ്ക് യുപിഐ എടിഎം പിൻവലിക്കൽ സൗജന്യ പരിധിയിൽ ഉൾപ്പെടുത്തിയെങ്കിലും പരിധി കഴിഞ്ഞാൽ 23 രൂപ ഈടാക്കും. ബന്ധൻ ബാങ്കിൽ മെട്രോ നഗരങ്ങളിൽ മൂന്ന് തവണയും മറ്റ് നഗരങ്ങളിൽ അഞ്ച് തവണയുമാണ് സൗജന്യ എടിഎം ഉപയോഗം. തുടർന്ന് 23 രൂപയും അക്കൗണ്ടിൽ പണമില്ലാതെ ഇടപാട് പരാജയപ്പെട്ടാൽ 25 രൂപയും ഈടാക്കും.
ഡിജിറ്റൽ ഇടപാടുകൾക്ക് സുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒടിപിക്ക് പുറമെ പിൻ നമ്പർ, വിരലടയാളം എന്നിവ ഉൾപ്പെടുന്ന ടു ഫാക്ടർ ഓതൻ്റിക്കേഷൻ നിർബന്ധമാക്കി. പഞ്ചാബ് നാഷണൽ ബാങ്ക് ചില ഡെബിറ്റ് കാർഡുകളുടെ പ്രതിദിന പിൻവലിക്കൽ പരിധി ഒരു ലക്ഷത്തിൽനിന്ന് 50,000 രൂപയായി കുറച്ചു. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് റിവാർഡ് പോയിൻ്റുകൾ 4000ത്തിൻ്റെ ഗുണിതങ്ങളായി മാത്രമേ റെഡീം ചെയ്യാൻ സാധിക്കൂ. റുപേ ഡെബിറ്റ് കാർഡുകൾക്ക് വിമാനത്താവളങ്ങളിലും റെയിൽവേ ലോഞ്ചുകളിലുമുണ്ടായിരുന്ന സൗജന്യ പ്രവേശനം റദ്ദാക്കി.
സ്വർണപ്പണയവും വായ്പയും
റിസർവ് ബാങ്കിൻ്റെ പുതിയ ചട്ടപ്രകാരം 2.5 ലക്ഷം രൂപ വരെയുള്ള സ്വർണപ്പണയങ്ങൾക്ക് മൂല്യത്തിൻ്റെ 85 ശതമാനം വരെ വായ്പ ലഭിക്കും. 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ 80 ശതമാനവും അഞ്ച് ലക്ഷത്തിന് മുകളിൽ 75 ശതമാനവുമാണ് വായ്പ ലഭിക്കുക. വ്യവസായ മേഖലയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങൾക്ക് ഈടുരഹിത വായ്പയ്ക്കുള്ള പരിധി 20 ലക്ഷം രൂപയായി ഉയർത്തി. വാഹന ഉടമകളുടെ വാർഷിക ഫാസ്ടാഗ് നിരക്ക് 3000 രൂപയിൽനിന്ന് 3075 രൂപയായി വർധിപ്പിച്ചു. ഫാസ്ടാഗ് സേവനങ്ങൾ ഇനി ഓൺലൈൻ വഴി മാത്രമായിരിക്കും.
ടിക്കറ്റ് റദ്ദാക്കലും ഇന്ധനവിലയും
ട്രെയിൻ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ട് സമയക്രമം മാറ്റി. യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ മുഴുവൻ തുകയും തിരികെ ലഭിക്കൂ. 24 മുതൽ 72 മണിക്കൂറിനുള്ളിലാണെങ്കിൽ 25 ശതമാനം തുക നഷ്‌ടമാകും. എട്ട് മുതൽ 24 മണിക്കൂറിനിടയിൽ റദ്ദാക്കിയാൽ 50 ശതമാനമാണ് നഷ്‌ടം. എട്ട് മണിക്കൂറിന് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ തുകയൊന്നും തിരികെ ലഭിക്കില്ല. സിഎൻജി, പിഎൻജി, വിമാന ഇന്ധനം, ഗാർഹിക പാചകവാതകം എന്നിവയുടെ വില പുതുക്കി നിശ്ചയിക്കും. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ നിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.
ഡിജിറ്റൽ സെൻസസ് ആരംഭിച്ചു
രാജ്യത്ത് 2027ലെ സെൻസസ് നടപടികൾക്ക് ഡൽഹി, 11 സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ തുടക്കമായി. പൂർണമായും ഡിജിറ്റലായി നടക്കുന്ന സെൻസസിൻ്റെ ആദ്യഘട്ടത്തിൽ ഭവന കണക്കെടുപ്പാണ് നടക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ വഴി 16 ഭാഷകളിൽ വിവരങ്ങൾ നൽകാം. 34 ചോദ്യങ്ങളാണ് ചോദ്യാവലിയിലുള്ളത്.
അടഞ്ഞുകിടക്കുന്ന വീടുകൾ കണക്കെടുപ്പിൽ ഉൾപ്പെടുത്താത്തത് പ്രവാസികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 മുതൽ 30 വരെയും രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് ജൂലായ് ഒന്ന് മുതൽ 30 വരെയുമാണ്. 1931ന് ശേഷം ആദ്യമായി ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പും ഇത്തവണ നടക്കുന്നുണ്ട്.
കേരളത്തിൽ ക്ഷാമബത്ത കുടിശ്ശിക നൽകും
സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് യുഡിഎഫ് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ സ്കീം പ്രാബല്യത്തിൽവന്നു. ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക എട്ട് ഗഡുക്കളായി നൽകും. അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്, ലൈബ്രേറിയൻ എന്നിവരുടെ ഓണറേറിയം വർധിപ്പിച്ചു.
അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും മറ്റുള്ളവർക്ക് 1000 രൂപയുമാണ് വർധന. കാൻസർ, കുഷ്ഠം, എയ്ഡ്സ്, ക്ഷയരോഗ ബാധിതരുടെ പെൻഷൻ 1000 രൂപ കൂട്ടി. സ്കൂൾ പാചക തൊഴിലാളികളുടെ വേതനം 25 രൂപയും തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ഓണറേറിയവും വർധിപ്പിച്ചു. 16-ാം ധനകാര്യ കമ്മിഷൻ്റെ ശിപാർശയനുസരിച്ച് സംസ്ഥാനത്തിനുള്ള നികുതിവിഹിതം 2.38 ശതമാനമായി ഉയർത്തിയെങ്കിലും ഗ്രാൻ്റുകൾ പൂർണമായും നിർത്തിവച്ചു.








