രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറിന് വില കൂടി. 19 കിലോ സിലിണ്ടറിന് 195 രൂപ മുതൽ 218 രൂപ വരെ വർധിച്ചു. അഞ്ച് കിലോ സിലിണ്ടറിന് 51 രൂപയും വർധിച്ചു. രാജ്യത്ത് പാചകവാതക വിതരണത്തിൽ പ്രതിസന്ധി നേരിടുന്നതിനിടെ സിലിണ്ടർ വില വർധിച്ചത് ഹോട്ടലുടമകൾക്ക് ഇരുട്ടടിയായി.
- വാണിജ്യ പാചകവാതക സിലിണ്ടറിന് വില കൂടി.
- 195 രൂപ മുതൽ 218 രൂപ വരെ വില വർധിച്ചു.
- ഹോട്ടലുടമകൾക്ക് ഇരുട്ടടി.
ഡൽഹിയിൽ സിലിണ്ടറിന് 195.50 രൂപയാണ് കൂടിയത്. ഇതോടെ രാജ്യതലസ്ഥാനത്ത് 19 കിലോ സിലിണ്ടർ വില 2,078.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ സിലിണ്ടറിന് 218 രൂപ വർധിച്ച് 2,208 രൂപയായി. ചെന്നൈയിൽ 203 രൂപ വർധിച്ച് 2,246 രൂപയായി. മുംബൈയിൽ 2,031 രൂപയാണ് പുതുക്കിയ സിലിണ്ടർ നിരക്ക്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. കഴിഞ്ഞ മാസം ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പാചകവാതക വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിയാണ് സിലിണ്ടർ വില വർധിപ്പിക്കാൻ എണ്ണക്കമ്പനികളെ നിർബന്ധിതരാക്കിയത്. സംഘർഷങ്ങൾ ആരംഭിച്ചതിന് പിന്നാലെ ആഗോള എണ്ണ വിലയിൽ 50 ശതമാനത്തിലധികം വർധന രേഖപ്പെടുത്തിയിരുന്നു. ഇസ്രായേലും യുഎസുമായി തുടരുന്ന സംഘർഷങ്ങളെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതാണ് എണ്ണ ഇറക്കുമതിയെ ബാധിച്ചത്. ഇതോടെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വൻതോതിൽ കുറഞ്ഞിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്കിടെ ഇന്ത്യ ഉൾപ്പെടെ സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകി.






