ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് സോണിയാഗാന്ധി ആശുപത്രി വിട്ടു. വിവിധ അവയവങ്ങളിലെ അണുബാധ മൂലം ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അസുഖം ഭേദമായതോടെയാണ് ആശുപത്രിയില്‍ നിന്ന് സോണിയ മടങ്ങിയിരിക്കുന്നതെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
മാര്‍ച്ച് 24ന് രാത്രി 10.20ഓടെയാണ് സോണിയയെ പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴ് ദിവസം ആശുപത്രി വാസം വേണ്ടി വന്നു. ആന്‍റിബയോട്ടിക്കുകളോട് സോണിയയുടെ ശരീരം നല്ല രീതിയില്‍ പ്രതികരിച്ചതായും ആശുപത്രി ചെയര്‍മാന്‍ ഡോ.അജയ് സ്വരൂപ് പറഞ്ഞു.
ബാക്‌ടീരിയ പോലെയുള്ള അണുക്കല്‍ രക്തത്തില്‍ എത്തി ശരീരം മുഴുവന്‍ വ്യാപിക്കുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാകുന്നതെന്നും ഇത് ഗുരുതര അവസ്ഥയാണെന്നും ഡോക്‌ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ ചികിത്സകള്‍ ഇനി വീട്ടില്‍ വച്ച് നടത്തിയാല്‍ മതിയെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി. ദീര്‍ഘകാലമായി സോണിയയെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ചികിത്സകളും അവര്‍ക്ക് നടത്തി വരുന്നുണ്ട്.
കാലാവസ്ഥ മാറ്റവും ഡല്‍ഹിയില്‍ വര്‍ദ്ധിച്ച് വരുന്ന മലിനീകരണവുമാണ് സോണിയയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നതെന്നാണ് ഡോക്‌ടര്‍മാരുടെ വിശദീകരണം. കേരളത്തില്‍ നിന്നുള്ള ഒരു നഴ്‌സായിരുന്നു സോണിയയെ ആശുപത്രിയില്‍ പരിചരിച്ചത്. ഇതിന് നന്ദി പറഞ്ഞ് കൊണ്ട് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.
മാര്‍ച്ച് 25ന് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് പരിപാടി കോഴിക്കോട്ട് നിശ്ചയിച്ചിരുന്നു. എന്നാല്‍ സോണിയ ആശുപത്രിയിലായതോടെ പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് കോഴിക്കോട്ടെ കൂറ്റന്‍ പൊതുയോഗത്തിന് എത്തിയത്. രാഹുലും പ്രിയങ്കയും അടക്കുള്ളവരാണ് ആശുപത്രിയില്‍ സോണിയയ്ക്ക് ഒപ്പമുണ്ടായിരുന്നത്. അസുഖം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുല്‍ കേരളത്തിലെത്തുകയും വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ സംബന്ധിക്കുകയും ചെയ്‌തു. ഇന്നും സംസ്ഥാനത്ത് രാഹുലിന്‍റെ പ്രചാരണ പരിപാടികള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചാണ് സംസ്ഥാനത്തെമ്പാടും രാഹുല്‍ പ്രചാരണം നടത്തുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയാണ് രാഹുല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ബിജെപിയ്ക്കും ഇതില്‍ പങ്കുള്ളതിനാല്‍ അവരും ഇടതു സര്‍ക്കാരിനെതിരെ ഒന്നും മിണ്ടുന്നില്ലെന്നും രാഹുല്‍ ആരോപിക്കുന്നു. അതേസമയം കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഒരു വനിതാ മുഖ്യമന്ത്രി വരണമെന്ന ആഗ്രഹവും രാഹുല്‍ പങ്കു വച്ചു.
ഇന്ന് കണ്ണൂരില്‍ നടത്തിയ പ്രചാരണ യോഗത്തിലും ശക്തമായാണ് രാഹുല്‍ സിപിഎമ്മിനെ കടന്നാക്രമിച്ചത്. സിപിഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഈ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്നും ബിജെപിയും സിപിഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചു.
സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെ ആയി മാറിയെന്നതിന്‍റെ തെളിവാണ് രണ്ട് ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നത്. രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളാണ് യുഡിഎഫ് വേദിയിലിരിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രചാരണം നടത്താത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്‌ണൻ എന്നിവരടക്കം വേദിയിലിരിക്കെയാണ് സിപിഎമ്മിനെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്.






