ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ വാർത്തകളും സമകാലിക വിഷയങ്ങളും പങ്കുവയ്ക്കുന്ന ഇൻഫ്ലുവൻസർമാർക്കും സാധാരണ ഉപയോക്താക്കൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. 2021ലെ ഐടി നിയമത്തിൽ വിപുലമായ ഭേദഗതികൾ വരുത്തിയാണ് ഡിജിറ്റൽ ഇടങ്ങളിലെ നിയന്ത്രണം കർശനമാക്കുന്നത്. ഇതോടെ വാർത്തകൾ വിശകലനം ചെയ്യുന്ന ഇൻഫ്ലുവൻസർമാരെയും വാർത്താ പ്രസാധകരായി കണക്കാക്കും.
നിലവിൽ ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾക്ക് ബാധകമായ പരാതി പരിഹാര സംവിധാനങ്ങളും ഉള്ളടക്കത്തിന്മേലുള്ള തുടർനടപടികളും ഇനിമുതൽ ഇത്തരം ഇൻഫ്ലുവൻസർമാരും നേരിടേണ്ടിവരും. നിയമലംഘനം നടത്തുന്നതോ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ ഐടി നിയമപ്രകാരം അടിയന്തരമായി നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് ഉത്തരവിടാം.
ആവശ്യമെങ്കിൽ ഇവർക്ക് കർശന മുന്നറിയിപ്പ് നൽകാനും തെറ്റായ വാർത്തകളിൽ പരസ്യമായി ക്ഷമാപണം ആവശ്യപ്പെടാനും സർക്കാരിന് അധികാരമുണ്ടാകും. 2021ലെ ഐടി നിയമപ്രകാരം നിലവിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ഓൺലൈൻ വാർത്താ പ്ലാറ്റ്ഫോമുകൾക്ക് മാത്രമാണ് മന്ത്രാലയത്തിന് ഇത്തരം നോട്ടിസുകൾ നൽകാൻ കഴിയുക. ഈ വ്യവസ്ഥയിലാണ് ഇപ്പോൾ കാതലായ മാറ്റം കൊണ്ടുവരുന്നത്. വാർത്തകൾ, രാഷ്ട്രീയ വിശകലനങ്ങൾ, മറ്റ് പൊതുവിഷയങ്ങളിലെ പ്രതികരണങ്ങൾ എന്നിവ സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരെല്ലാം പുതിയ നിയമത്തിൻ്റെ പരിധിയിൽ വരും.
നിയന്ത്രണം എല്ലാവർക്കും
വാർത്താ പ്രസാധകരായി നിയമപരമായി ഔദ്യോഗിക പരിഗണന ലഭിച്ചിട്ടില്ലെങ്കിൽ പോലും പ്രസാധകർക്ക് ബാധകമായ എല്ലാ നിയമ നിയന്ത്രണങ്ങളും സാധാരണ ഉപയോക്താക്കൾക്കും ഒരുപോലെ ബാധകമാകും. കേന്ദ്ര ഐടി മന്ത്രാലയം കാലാകാലങ്ങളിൽ പുറപ്പെടുവിച്ച വിശദീകരണങ്ങളും ഉപദേശങ്ങളും മാർഗനിർദേശങ്ങളും ഇടനിലക്കാർ കർശനമായി പാലിക്കണമെന്നാണ് പുതിയ കരട് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ.
സ്വതന്ത്രമായി പ്രവർത്തിക്കുന്ന യൂട്യൂബ് ചാനലുകൾക്ക് പുറമെ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും പുതിയ ചട്ടം കൃത്യമായി ബാധകമാകും. നിയമം പ്രാബല്യത്തിൽ വരുന്നതോടെ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്ന പ്രവണതയ്ക്ക് വലിയ തോതിൽ തടയിടാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ വേഗത്തിൽ നീക്കം ചെയ്യാനും പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ആശങ്കയുമായി ഐഎഫ്എഫ്
വ്യക്തിഗത ഉപയോക്താക്കൾക്ക് നോട്ടിസ് അയയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിട്ടതോടെ കടുത്ത ആശങ്ക ഉന്നയിച്ച് ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഇൻ്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (ഐഎഫ്എഫ്) രംഗത്തെത്തി. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് നിയമങ്ങൾ പ്രകാരം ഡിജിറ്റൽ ലോകത്തെ ഉള്ളടക്കങ്ങൾക്ക് മേൽ സർക്കാരിന് വലിയ തോതിലുള്ള നിരീക്ഷണാധികാരമാണ് ലഭിക്കുന്നതെന്ന് ഐഎഫ്എഫ് ചൂണ്ടിക്കാട്ടുന്നു. 2021ലെ ഐടി നിയമങ്ങളുടെ മൂന്നാം ഭാഗമായ ഡിജിറ്റൽ മീഡിയ ധാർമിക കോഡ് പ്രകാരമുള്ള ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങളുടെ മേൽനോട്ടം അമിതമായി വർധിക്കാനും ഇത് കാരണമാകും.
നിർദിഷ്ട ഭേദഗതികളെക്കുറിച്ചുള്ള തങ്ങളുടെ ഗുരുതരമായ ആശങ്കകൾ അവർ എക്സിലൂടെ പൊതുസമൂഹവുമായി പങ്കുവച്ചു. സർക്കാരിൻ്റെ പുതിയ നിയമ പരിഷ്കരണം സമൂഹമാധ്യമങ്ങളിൽ അമിതമായ നിയന്ത്രണങ്ങൾക്കും സെൻസർഷിപ്പിനും വഴിവച്ചേക്കുമെന്നാണ് ഐഎഫ്എഫ് വ്യക്തമാക്കുന്നത്. ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പുതിയ ഭേദഗതികൾ ഗുരുതരമായി ഹനിക്കുമെന്നും സ്വതന്ത്രമായ ആശയവിനിമയത്തിന് ഇത് തടയിടുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.







