യുഎഇയിൽ മഴ കനക്കുന്നു; പ്രധാന റോഡുകൾ അടച്ചു, പ്രവാസികൾക്ക് അതീവ ജാഗ്രത നിർദേശം

0
46

ദുബായ്: യുഎഇയിൽ അതീവ ജാഗ്രത നിർദേശം. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുഎഇയുടെ പല ഭാഗങ്ങളിലും അതിശക്തമായ ഇടിമിന്നലും മഴയും തുടരുകയാണ്. മിക്ക ഇടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അതിനാൽ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.

ഇന്നും അതി ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നലെ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെ എത്തിയതോടെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും പരസ്യ ബോർഡുകൾ തകരുകയും ചെയ്തു. ഫുജൈറ, അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ പെയ്തിരിക്കുന്നത്.

പല താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിൽ വെള്ളം കയറിയ അവസ്ഥയാണ് ഇത് ജനജീവിതത്തെ വലിയ രീതിയിൽ ബാധിച്ചു. ഷാർജയിലെ മലീഹ റോഡ് ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. വാദികൾ കരകവിഞ്ഞൊഴുകുന്നത് വലിയ അപകടമുണ്ടാക്കുന്നതയാണ് പുറത്ത് വരുന്ന വിവരം.

കൂടാതെ റാസൽഖൈമയിലാണ് ഏറ്റവും കൂടുതൽ മഴ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എമിറേറ്റ്‌സ് റോഡിന്റെ ഭാഗങ്ങളിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ച അവസ്ഥയിലാണ്. ജബൽ ജയ്‌സ് പ്രദേശം താത്കാലികമായി അടച്ചു. അബുദാബിയിലെ റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ പോലീസ് വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് 60 കിലോമീറ്ററായി കുറച്ചു.

അബുദാബിയിൽ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും വേഗത കുറച്ചിട്ടുണ്ട്. അതേസമയം ദുബായിലും മഴ ശക്തമാണ്. റോഡുകളിൽ വെള്ളം കയറിയത് കാരണം ബസ് സർവീസുകളെയും സാരമായി ബാധിച്ചു. കൂടാതെ അത്യാവശ്യമില്ലെങ്കിൽ ആരും തന്നെ പുറത്തിറങ്ങരുത് കാരണം മഴയുള്ളപ്പോൾ റോഡിൽ കാഴ്ച കുറയും. അതുകൊണ്ട് വാഹനം എടുക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.

ഈ സാഹചര്യത്തിൽ മഴ ആസ്വദിക്കാനും അതുപോലെ അനാവശ്യമായി പുറത്തിറങ്ങിയാലും കനത്ത പിഴ തന്നെ ചിലപ്പോൾ കിട്ടിയേക്കാം, അതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം. കൂടാതെ വാഹനങ്ങളുടെ വേഗത കുറയ്ക്കുക റോഡുകൾ നനഞ്ഞിരിക്കുന്നതിനാൽ പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ വണ്ടി തെന്നിപ്പോകാൻ സാധ്യതയുണ്ട്.

റോഡിൽ വെള്ളം നിൽക്കുന്നത് കണ്ടാൽ അതിലൂടെ വണ്ടി ഓടിക്കാൻ ശ്രമിക്കരുത്. സൈലൻസറിൽ വെള്ളം കയറി വണ്ടി ഓഫായാൽ നിങ്ങൾ അവിടെ കുടുങ്ങിപ്പോകേണ്ട അവസ്ഥ ആകാം. അതിനാൽ ഈക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ അനാവശ്യമായി ഹസാർഡ് ലൈറ്റ് ഇടരുത്. അത് പിന്നിൽ വരുന്ന ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കും.

മഴ കാണാൻ വേണ്ടിയോ ഫോട്ടോ എടുക്കാൻ വേണ്ടിയോ മലവെള്ളം ഒഴുകുന്ന വാടികൾക്ക് അടുത്തേക്ക് ആരും തന്നെ ഒരു കാരണവശാലും പോകരുത്. ഇത് വലിയ അപകടമാണ് വിളിച്ച് വരുത്തുന്നത്. കൂടാതെ വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ വെറുതെ നോക്കി നിൽക്കാൻ പോകുന്നതും നിയമവിരുദ്ധമാണ്.

നിയമം ലംഘിച്ചാൽ 1000 മുതൽ 2000 ദിർഹം വരെ പിഴയും നിങ്ങളുടെ വണ്ടി 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. അപ്പൊ ഓർക്കുക നമ്മുടെ ഒരു നിമിഷത്തെ ആവേശം വലിയ നഷ്ടം തന്നെ ഉണ്ടാക്കും. അതിനാൽ എല്ലാ പ്രവാസികളും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here