കോഴിക്കോട്: നിപ വീണ്ടും കോഴിക്കോട്ട് റിപ്പോർട്ട് ചെയ്‌തപ്പോഴും ഉയരുന്ന പ്രധാന ചോദ്യം എങ്ങനെ വൈറസ് മനുഷ്യരിലേക്ക് എത്തുന്നു എന്നതാണ്. ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം പറയാൻ കഴിയില്ലെന്ന് ഡോ എ എസ് അനൂപ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിൽ ആദ്യമായി 2018 ൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയ ഡോക്ടർ ആണ് അനൂപ് കുമാർ. അന്ന് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് രോഗം സ്ഥിരീകരിച്ചപ്പോൾ വവ്വാലുകളിൽ നിന്നാണ് ഈ വൈറസ് പടരുന്നതെന്ന് വ്യക്തമായിരുന്നു.
എൻഐവി പൂനെയും ഇത് സ്ഥിരീകരിച്ചിരുന്നു. എന്നാൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം എങ്ങനെ പിടിപെടുന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഒരു ഉത്തരം കിട്ടിയിട്ടില്ല. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്‌ത കേസിലും വവ്വാലിൻ്റെ സാന്നിധ്യമുള്ള സ്ഥലത്ത് ഇദ്ദേഹം പോയിരുന്നു എന്ന് പറയപ്പെടുന്നു. അപ്പോൾ വവ്വാലിൻ്റെ ഉമിനീരിൽ നിന്നാണോ വിസർജ്യത്തിൽ നിന്നാണോ മറ്റേതെങ്കിലുമാണോ ഉറവിടമെന്നത് കണ്ടെത്തുക പ്രയാസമാണ്.
ആ ഭാഗത്തുള്ള വവ്വാലുകളെ പരിശോധിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. രോഗിയുടെ ശരീരത്തിലുള്ള വൈറസിൻ്റെ ജനിതക ഘടന തന്നെയാണ് ആ പ്രദേശത്തുള്ള വവ്വാലിനും കണ്ടെത്തിയതെങ്കിൽ രോഗം പിടിപെട്ടത് വവ്വാലിൽ നിന്ന് തന്നെയാണെന്ന് വ്യക്തമാകും. ഇതേ രീതി തന്നെയാണ് നേരത്തെ റിപ്പോർട്ട് ചെയ്‌ത സമയത്തെല്ലാം സ്വീകരിച്ചത്. വവ്വാലുകളെ പിടികൂടി സാമ്പിൾ പരിശോധിച്ച സമയത്ത് അത് വ്യക്തമായതാണ്.
കൊവിഡ് മഹാമാരി ലോകത്ത് കോടിക്കണക്കിന് ആളുകൾക്ക് പിടിപെട്ടപ്പോൾ എങ്ങനെയാണ് അത് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ചത് എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. ഇതിനുള്ള ടെസ്റ്റിങ് മെത്തേഡ് നടത്താൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. ജീവനില്ലാത്ത ഒരു പ്രതലത്തിൽ വൈറസ് കൂടുതൽ ദിവസം നിലനിൽക്കില്ല എന്നതാണ് അതിൻ്റെ പ്രധാന കാരണം. നിലവിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ശരീരത്തിലേക്ക് വൈറസ് എത്തിയിട്ടുണ്ടെങ്കിൽ അത് 10 മുതൽ 20 ദിവസം മുൻപ് ആയിരിക്കും.
നിലവിൽ ആ പ്രദേശത്ത് പരിശോധന നടത്തിയാൽ ഒന്നും ലഭിക്കണമെന്നില്ല. അത് പ്രായോഗികവുമല്ല. അതേ സമയം മൂല കാരണം കണ്ടെത്താൻ മാത്രമേ കഴിയൂ. അത് വവ്വാലുകളിലാണ് സ്വാഭാവികമായി എത്തിച്ചേരുന്നത്. നിപ വൈറസ് കോഴിക്കോട്ടോ കേരളത്തിലോ മാത്രമുള്ളതല്ല. ഏഷ്യാ ഭൂഖണ്ഡത്തിൻ്റെ വിവിധ പ്രദേശങ്ങളിലും മറ്റു രാജ്യങ്ങളിലും ഇന്ത്യൻ സംസ്ഥാനങ്ങളിലുമൊക്കെ കണ്ടുവരുന്ന വൈറസാണ്. എന്നാൽ ഇതിനെ വിശദമായി നിരീക്ഷിക്കുന്നതും പഠിക്കുന്നതും കേരളത്തിലാണ് എന്നതാണ് പ്രത്യേകത.
ആ സമയത്തും മനുഷ്യരിലേക്ക് എങ്ങനെ വൈറസ് എത്തി എന്ന കാര്യത്തിൽ 100% ഒരു ഉത്തരം നൽകാൻ കഴിയുന്നില്ല. ബംഗ്ലാദേശിൽ സംഭവിച്ചത് പോലെ, വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്ന കള്ള് കുടിച്ചതിലൂടെയാണ് രോഗം പടരുന്നത് എന്ന് സ്ഥിരീകരിക്കാൻ ഇവിടെ കഴിയില്ല. കാരണം ആദ്യഘട്ടത്തിൽ ബംഗ്ലാദേശിൽ നിപ ബാധിച്ചവരെല്ലാം ആ കള്ള് ഉപയോഗിച്ചിരുന്നു. അതുപോലെ ഒരു നിഗമനത്തിലേക്ക് ഇനിയും ഇവിടുത്തെ കാര്യത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നതിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം പരിശോധനാഫലം എന്നതിനെ നമുക്ക് കൃത്രിമമായി അവതരിപ്പിക്കാൻ കഴിയില്ല എന്നതാണെന്ന് ഡോ എ എസ് അനൂപ് കുമാർ വ്യക്തമാക്കി.
ഏറ്റവും ഒടുവിൽ നിപ ബാധിച്ച 43കാരൻ സോപ്പ് ലായനി ഡീലറാണ്. ഇദ്ദേഹത്തിൻ്റെ അഴിഞ്ഞിലത്തിനടുത്ത് കാരാടുള്ള ഗോഡൗൺ വൃത്തിയാക്കാനായി മെയ് 24നാണ് ഇദ്ദേഹവും സുഹൃത്തും പോയത്. ഏറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു ഗോഡൗൺ. അപ്പോൾ ഒട്ടേറെ വവ്വാലുകൾ അതിനുള്ളിൽ ഉണ്ടായിരുന്നെന്നും അവ പറന്നപ്പോൾ പൊടിപടലങ്ങൾ ഉയർന്നെന്നും രോഗബാധിതൻ പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നു വവ്വാൽ വഴിയാണു മനുഷ്യരിലേക്ക് വൈറസ് പടർന്നതെന്ന് ഏതാണ്ടു സ്ഥിരീകരിക്കാം.
അടഞ്ഞുകിടന്ന ഗോഡൗണിൽ വവ്വാലിൻ്റെ സാന്നിധ്യം ഏറെ നാളായി ഉണ്ടാകാം. വൈറസ് അടങ്ങിയ വിസർജ്യങ്ങൾ താഴെവീണു പൊടിപടലങ്ങളിൽ ലയിച്ചിട്ടുമുണ്ടാകാം. ഈ പൊടിപടലങ്ങൾ ശ്വസിച്ചതിലൂടെ വൈറസ് ശരീരത്തിൽ എത്തിയതാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. വൈറസ് അടങ്ങിയ സ്രവങ്ങൾ വീണ പഴങ്ങളും മറ്റും കഴിക്കുമ്പോൾ മാത്രമല്ല രോഗം വരുന്നതെന്നും ഇതിൽ നിന്ന് അനുമാനിക്കാം. വിസർജ്യം ചേർന്ന പൊടിപടലം ശ്വസിച്ചാലും വൈറസ് ശരീരത്തിൽ എത്തുമെങ്കിൽ അതിനെ ഗൗരവത്തോടെ കാണണം എന്നാണ് മറ്റ് ആരോഗ്യ വിദഗ്ധരും പങ്കുവയ്ക്കുന്നത്.
പനിയുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഞായറാഴ്ചയാണ് ഫറോക്ക് ക്രസൻ്റ് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് വാർഡ് മെമ്പർ ഹാരിസ് പറഞ്ഞു. അതിനു പിന്നാലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പൂനെയിൽ നിന്നുള്ള റിപ്പോർട്ട് വന്നതിനുശേഷം ആരോഗ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചതിനുശേഷം ആയിരിക്കും കൂടുതൽ നടപടികളിലേക്ക് കടക്കുക. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കമുള്ളവരെ എല്ലാം നിലവിൽ ക്വാറൻ്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതർ സമ്പർക്ക പട്ടിക തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
മലയാളികളെ ഭീതിലാഴ്‌ത്തിയ നിപ വൈറസ് 2018 മെയിലാണ് പേരാമ്പ്രയിൽ ആദ്യമായി സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനുള്ളിൽ 18 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2019 ജൂൺ 4ന് കൊച്ചിയിൽ 23 വയസുള്ള ഒരു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പിന്നീട് സുഖം പ്രാപിച്ചു. 2021 സെപ്റ്റംബർ 5ന് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് 12 വയസുള്ള ആൺകുട്ടി നിപ ബാധിച്ച് മരിച്ചു.
2023 ഓഗസ്റ്റിലും സെപ്റ്റംബറിലും കുറ്റ്യാടിയിൽ രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. ആറ് പേർക്ക് രോഗബാധയേറ്റെങ്കിലും രക്ഷപ്പെട്ടു. 2024 ജൂലൈ 21ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 വയസുള്ള ആൺകുട്ടിയും മരിച്ചു. 2025 ജൂലൈയിൽ മലപ്പുറം മങ്കട സ്വദേശിയായ 18കാരിയുടേതാണ് കേരളത്തിൽ അവസാനമായി റിപ്പോർട്ട് ചെയ്‌ത നിപ മരണം.






