സാധാരണ 13 മണിക്കൂർ വേണ്ടിവരുന്ന യാത്രയാണ് എട്ട് മണിക്കൂർ 40 മിനിറ്റുകൊണ്ട് പൂർത്തിയാകാൻ പോകുന്നത്. ബുധനാഴ്‌ചകളിൽ സർവീസ് ഉണ്ടാകില്ലെന്നാണ് അറിയിപ്പ്.
ബെംഗളൂരു മലയാളികളുടെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌പ്രസ് സർവിസ് യാഥാർഥ്യം. കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്ച്വലായി ഫ്ലാഗ് ഓഫ് ചെയ്‌തു. കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കിയതോടെയാണ് ഇന്ന് ഫ്ലാഗ് നടന്ന് കന്നി ഓട്ടം ആരംഭിച്ചത്.
ബനാറസ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ,മന്ത്രിമാരായ പി രാജീവ്, വി അബ്‌ദു റഹിമാൻ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. ആദ്യ യാത്രയിൽ പ്രത്യേകം തെരഞ്ഞെടുത്ത വിദ്യാർഥികൾ ഉൾപ്പടെയുള്ളവരാണ് യാത്രക്കാരായത്.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിലെ കുട്ടികളുമായി കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപി സംവദിക്കുകയും ചോക്ലേറ്റ് വിതരണം നടത്തുകയും ചെയ്‌തു. ഉദ്ഘാടന സ്പെഷൽ ട്രെയിനായി രാവിലെ എട്ട് മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 5:50ന് ബെംഗളൂരുവിൽ എത്തിച്ചേരും. എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിന് പുറമെ ബനാറസ്-ഖജുരാഹോ, ലഖ്‌നൗ-സഹാരൻപൂർ, ഫിറോസ്‌പൂർ-ഡൽഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകൾ.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ഒൻപത് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. സാധാരണ 13 മണിക്കൂർ വേണ്ടിവരുന്ന യാത്രയാണിത്. ബനാറസ്-ഖജുരാഹോ വന്ദേ ഭാരത് എക്‌സ്‌പ്രസ് നിലവിൽ ഓടുന്ന പ്രത്യേക ട്രെയിനുകളെ അപേക്ഷിച്ച് ഏകദേശം രണ്ട് മണിക്കൂർ 40 മിനിറ്റ് നേരത്തെ എത്തും. ലഖ്‌നൗ-സഹാരൻപൂർ വന്ദേ ഭാരത് എക്‌പ്രസ് ഏഴ് മണിക്കൂർ 45 മിനിറ്റിൽ ഓടിയെത്തും. ഫിറോസ്‌പൂർ-ഡൽഹി വന്ദേ ഭാരത് എക്‌പ്രസാകട്ടെ ആറ് മണിക്കൂർ 40 മിനിറ്റ് കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരും.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സ്റ്റോപ്പുകള്‍ വിശദമായി
എട്ട് മണിക്കൂർ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ്. ബുധനാഴ്‌ചകളിൽ സർവീസ് ഉണ്ടാകില്ലെന്നാണ് റെയിൽവെ അറിയിപ്പ്. ബെംഗളൂരുവിലേക്കും തിരിച്ച് എറണാകുളത്തേക്കുമുള്ള വന്ദേഭാരതെന്ന മലയാളികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ജോലിക്കും പഠനാവശ്യത്തിനുമായി നിരവധി മലയാളികള്‍ ബെംഗളൂരുവില്‍ കഴിയുന്നുണ്ട്.
റെഗുലർ സർവീസിൽ എട്ട് കോച്ചുകൾ (നാല് മോട്ടോർ കാറുകൾ, ഒരു എക്സിക്യൂട്ടീവ് ക്ലാസ് കോച്ച്, ഒരു ട്രെയിലർ കോച്ച്, രണ്ട് ഡ്രൈവിംഗ് ട്രെയിലർ കോച്ചുകൾ) ഉണ്ടായിരിക്കും.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിന് ആകെ 11 സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്‌ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍.
സമയവും പ്രത്യേകതയും
ഒൻപത് മണിക്കൂറിനുള്ളിൽ 608 കിലോമീറ്റർ ട്രെയിൻ ഓടിയെത്തും. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 02:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
ടിക്കറ്റ് വില
ചെയർ കാർ നിരക്ക് 1,095 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് സീറ്റിന് 2,289 രൂപയും ആയിരിക്കും, റിസർവേഷൻ ഫീസ്, സപ്ലിമെൻ്ററി, കാറ്ററിങ് ചാർജുകൾ, ജിഎസ്‌ടി എന്നിവ ഇതില്‍ ഉള്‍പ്പെടില്ല.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ബുക്കിങ്
യാത്രക്കാർക്ക് ഓൺലൈനായും ഓഫ്‌ലൈനായും ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. ഓൺലൈൻ ബുക്കിങ്ങിനായി യാത്രക്കാർക്ക് ഐആർസിടിസി ഉപയോക്തൃ ഐഡി ഉണ്ടായിരിക്കണം, ഇതു ഉപോയഗിച്ച് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. അതേസമയം അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിലൂടെ ഓഫ്‌ലൈൻ ബുക്കിങ്ങുകളും സാധ്യമാണ്.






