സഭ തർക്കത്തിൽ പരിഹാരം കാണാനാണ് പ്രധാനമന്ത്രിയെ കണ്ടതെന്ന് ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ്. പോസിറ്റീവ് ആയാണ് അദ്ദേഹം സംസാരിച്ചത്. രണ്ട് വിഭാഗവും ഒന്നിച്ച് പോകുന്നതാണ് നല്ലതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടതിയേക്കാൾ ഒരു മധ്യസ്ഥത ആണ് സഭ തർക്കത്തിൽ വേണ്ടത്. വേണ്ടത് ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
വൈകാതെ പരിഹാരം കാണാൻ സാധിക്കും എന്ന് കരുതുന്നു. കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം അതിൻ്റെ വഴിക്കും മതം അതിൻ്റെ വഴിക്കും പോകണം. കേരളത്തിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇരുകൂട്ടർക്കും സ്വീകാര്യമായ ഫോർമുല കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സഭാ തർക്കത്തിൽ പരിഹാരം കാണാൻ സാധിച്ചാൽ അത് ഒരു പുണ്യമായി താൻ കാണുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.
ഓർത്തഡോക്സ് സഭയ്ക്ക് പ്രധാനമന്ത്രിയെ കണ്ട് സംസാരിക്കാൻ ഉള്ള സഹായം ചെയ്ത് നൽകും. ബാവയെ കണ്ട് സംസാരിച്ചിരുന്നു. ഓർത്തഡോക്സ് സഭ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്കും വഴിയൊരുക്കും. കേരളത്തിൽ രാഷ്ട്രീയപരമായ മുതലെടുപ്പിനാണ് LDF – UDF ശ്രമിച്ചത്. ആത്മാർഥമായി പരിഹാരം കാണാനാണ് താൻ ശ്രമിക്കുന്നത് എന്ന് സാബു എം ജേക്കബ് പറഞ്ഞു.
ഇതിൽ രാഷ്ട്രീയം കാണുന്നില്ല,ക്രെഡിറ്റ് ആഗ്രഹിക്കുന്നില്ല. NDA യിൽ ചേർന്നിട്ട് വളരെ കുറച്ച് നാളായുള്ളൂ. കേരളത്തിലെ പ്രശ്നങ്ങൾ പഠിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നത്. NDA യുടെ ഭാഗമായപ്പോൾ അതിനൊരു അവസരം കിട്ടി. ആ അവസരം ഉപയോഗിച്ചു എന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.






