ഇന്ത്യൻ എൽപിജി വാഹക കപ്പലുകൾക്ക് ഇറാൻ്റെ പച്ചക്കൊടി, ‘ശിവാലിക്’ ഹോര്‍മുസ് കടലിടുക്ക് കടന്നു

0
5

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നില നിൽക്കുന്ന പാചകവാതക പ്രതിസന്ധിയ്‌ക്ക് ആശ്വാസമേകുന്ന നടപടിയിയുമായി ഇറാൻ. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലും ഇന്ത്യയുടെ രണ്ട് എൽപിജി വാഹക കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

54,000 ടണ്ണിലധികം ചരക്ക് വഹിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ എൽപിജി വാഹക കപ്പല്‍ ശിവാലിക് ഉള്‍പ്പെടെ ഇന്നലെ രാത്രി ഹോർമുസ് കടലിടുക്ക് കടന്നതായി ഓൺലൈൻ പോർട്ടലായ marinetraffic.com റിപ്പോർട്ട് ചെയ്‌തു. വ്യാപാര കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഒരു ഓൺലൈൻ പോർട്ടലാണ് ഇത്.

മാർച്ച് ഒന്നിന് ഹോർമുസ് കടന്ന് സൗദി അറേബ്യയിൽ നിന്നും ക്രൂഡ് ഓയിലുമായി വരുന്ന കപ്പലുകള്‍ ഇന്ന് ഇന്ത്യൻ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യയുടെ 28 കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണെന്നുന്നും ഹോർമുസിന് കിഴക്ക് വശത്തായുള്ള നാല് കപ്പലുകളിൽ ഒന്ന് ഇപ്പോൾ യാത്ര ആരംഭിച്ച് ആഫ്രിക്കയിലേയ്‌ക്ക് ഇന്ധനം കൊണ്ടുപോകുന്നുണ്ടെന്നും തുറമുഖ മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ മാധ്യമസമ്മേളനത്തിൽ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ത്യൻ കപ്പലുകളുടെ ഗതാഗതത്തിന് സുരക്ഷ ഒരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, ഇന്ത്യൻ നാവികസേനയും കപ്പലുകള്‍ക്ക് അകമ്പടി ഒരുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഹോർമുസ് കടലിടുക്കിൻ്റെ ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്ന രണ്ട് ഡസനിലധികം ഇന്ത്യൻ പതാകയുള്ള വ്യാപാര കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്‌ചിയുമായി ഇന്നലെ രാത്രി സംസാരിച്ചിരുന്നു.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം നടത്തി അയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ജയ്‌ശങ്കറും അരഗ്‌ചിയും സംസാരിച്ചിരുന്നു. ഇന്നലെ രാത്രി പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിക്കുകയും പശ്ചിമേഷ്യയിലെ ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യുകയും ചെയ്‌തു.

നരേന്ദ്ര മോദിയും ഇറാൻ പ്രസിഡൻ്റ് മസൂദ് പെഷേഷ്‌കിയാനും യുദ്ധം നിർത്താൻ പരമാവധി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാൻ അംബാസഡർ ഫത്താലി പറഞ്ഞു. “യുദ്ധം ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങൾ യുദ്ധത്തിന് തയ്യാറാണെന്ന് ഞങ്ങൾ പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ എല്ലാ സർക്കാരുകളോടും പറയുന്നത് ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല, ഇറാൻ സമാധാനമാണ് ഇഷ്‌ടപ്പെടുന്നത്” അദ്ദേഹം പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യയ്ക്ക് സുരക്ഷിതമായി യാത്ര നടത്താൻ കഴിയുമോ എന്ന ചോദ്യത്തിന് അനുകൂലമായ സംഭവങ്ങള്‍ പ്രതീക്ഷിക്കാമെന്ന് ഇറാന്‍ അംബാസഡര്‍ മറുപടി നൽകി. ‘അതെ, തീര്‍ച്ചയായും, ഭാവിയില്‍ നിങ്ങള്‍ക്കത് കാണാന്‍ സാധിക്കും. അടുത്ത രണ്ട് മൂന്ന് മണിക്കൂറിനുള്ളില്‍ അത് സംഭവിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇറാനും ഇന്ത്യയും സുഹൃത്തുക്കളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ട് ‘ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ കഷ്‌ടപ്പാട് നമ്മുടെ കഷ്‌ടപ്പാടാണ്, ഇക്കാരണത്താൽ ഇന്ത്യൻ സർക്കാറിനെ ഞങ്ങൾ സഹായിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടയണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ചില കപ്പലുകൾ അതിലൂടെ കടന്നുപോകുന്നുണ്ടെന്നും ഇറാൻ്റെ ഇന്ത്യയിലെ പ്രതിനിധി അബ്‌ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. പശ്ചിമേഷ്യയിലെ നിലവിലുള്ള സാഹചര്യത്തിൽ കപ്പലുകൾക്ക് കടലിടുക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ലോക നേതാക്കൾ തൻ്റെ രാജ്യത്തിനെതിരായ യുദ്ധം നിർത്താൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് സമ്മർദ്ദം ചെലുത്തണമെന്നും ഇലാഹി എഎൻഐയോട് പറഞ്ഞു. മാത്രമല്ല എണ്ണവിലയിലെ വർധനവ് മൂലം ലോകമെമ്പാടുമുള്ള ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ യുദ്ധത്തിന് തുടക്കമിട്ടവരാണ് ഇത് നിർത്തേണ്ടത്. ലോകമെമ്പാടുമുള്ള നിരവധി ആളുകൾ ഈ യുദ്ധം കാരണം കഷ്‌ടപ്പെടുന്നു. ലോക നേതാക്കൾ ഒന്നിച്ച് അമേരിക്കൻ പ്രസിഡൻ്റിനോട് സമ്മർദ്ദം ചെലുത്തണം ഈ അന്യായമായ യുദ്ധം ഉടനടി നിർത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കണം” അദ്ദേഹം പറഞ്ഞു.

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി യുഎസ്- ഇസ്രയേൽ സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സംഘർഷം രൂക്ഷമായത്. ഇറാൻ പ്രതികാര നടപടിയായി നിരവധി ഗൾഫ് രാജ്യങ്ങളിലെയ യുഎസ് കേന്ദ്രങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് ആക്രമണം നടത്തി.

ഇത് അന്താരാഷ്ട്ര ഊർജ്ജ വിപണികളെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിക്കുകയും ചെയ്‌തു. മേഖലയിലെ സംഘർഷം കാരണം ആഗോള ഊർജ്ജ വിതരണത്തിനുള്ള നിർണായക ഗതാഗത മാർഗമായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്താണ് ഹോർമുസ് കടലിടുക്ക് ?

പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും ഇടയിലുള്ള ഒരു തന്ത്രപ്രധാനമായ ഇടുങ്ങിയ കടൽ പാതയാണ് ഹോർമുസ് കടലിടുക്ക്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിനുശേഷം നൂറുകണക്കിന് കപ്പലുകൾ ഈ സമുദ്ര പാതയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു, പ്രതികാര നടപടിയായാണ് ഇറാൻ ഈ മേഖലയെ ലക്ഷ്യം വച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here